ആധിപത്യം ആരുടെതായാലും തെറ്റുതന്നെ. സ്ത്രീ പുരുഷന് നേരെയോ, പുരുഷന് സ്ത്രീക്ക് നേരെയോ നടത്തുന്ന ആധിപത്യം അവസാനിപ്പിക്കേണ്ടതാണ്. നൂറ്റാണ്ടുകളായി ഈ ലോകത്തെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും പുരുഷന്മാരാണ്. സമൂഹത്തില്‍ പകുതിയിലേറെ സ്ത്രീകള്‍ ആയിരുന്നിട്ടുകൂടി ഭരണപരമായ രംഗങ്ങളില്‍ ഇന്നും അവളുടെ പ്രാതിനിധ്യം അര്‍ഹമായ വിധത്തില്‍ ഉറപ്പിക്കാനായിട്ടില്ല. സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കാണുന്ന ഒരു പ്രവണതയാണ് ഇന്നു പുരുഷലോകത്ത് നിലനില്‍ക്കുന്നത്. പ്രസവിക്കുവാനും കുഞ്ഞുങ്ങളെ പോറ്റുവാനുമുള്ള യന്ത്രങ്ങളായി മാത്രം സ്ത്രീകള്‍ നിര്‍വചിക്കപ്പെടുന്നു. ഇതിനെതിരെയുള്ള ഒറ്റപ്പെട്ട സ്ത്രീകളുടെ ചെറുത്തുനില്പുകള്ക്കും സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും ഒരു വിഭാഗം സ്ത്രീ കള്‍തന്നെ എതിരാവുന്നു എന്നത് രസാവഹമായ മറ്റൊരു വസ്തുതയാണ്. സ്ത്രീതന്നെ സ്ത്രീയുടെ ശത്രുവായി മാറുന്ന അവസ്ഥ.
സ്ത്രൈണതയുടെ മഹിമയെ തിരിച്ചറിയുകയും അതിനെ നിശ്ചയദാര്‍ഢ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ബാദ്ധ്യത സ്ത്രീകള്‍ക്കുതന്നെയാണ്. അത് ധീരമായി ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തതുതന്നെയാണ് ഇന്നത്തെ സ്ത്രീ സമൂഹത്തിന്റെ ശക്തിക്ഷയത്തിനും, പുരുഷാധിപത്യത്തിനും, പ്രകൃതി വിരുദ്ധതയ്ക്കും, ഭൗമനാശത്തിനും, ദുര്സന്താനങ്ങള്ക്കും, ഭീകരവാദങ്ങള്‍ക്കും കാരണമാകുന്നത്. സ്ത്രൈണതയുടെ വെളിപ്പെടുത്തല്‍ ബാഹ്യമായ ഘടനകളുടെ പ്രദര്ശനത്തിലൂടെയല്ല നിറവേറ്റേണ്ടത്. അത് ആന്തരികമായ അവബോധം (സൂര്യയോഗ്) കൈവരുമ്പോള്‍ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്.
അതുണ്ടാകാത്തിടത്തോളം സ്ത്രീ വെറും രതിജന്യഉപകരണം മാത്രമായി ചിത്രീകരിക്കപ്പെടും. ഇവിടെ ആരും ആരുടേയും അടിമകളല്ല. എല്ലാവര്ക്കും സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള വേദികള്‍, അവസരങ്ങള്‍ ഭൂമിയിലുണ്ട്. ഇവ അനുവദിക്കപ്പെടുന്ന ഒരന്തരീക്ഷം നിലനില്ക്കുകയും വിവാഹം ഒരനിവാര്യമാണെന്ന് തോന്നുകയും ചെയ്യുമ്പോള്‍ മാത്രം പരസ്പരം ചേര്‍ന്നു ജീവിക്കുക. മനുഷ്യശരീരം സ്ത്രീ-പുരുഷ ലയമാണ് (അര്ദ്ധനാരീശ്വരസങ്കല്പം). പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ഭോഗസുഖത്തിലുപരി യോഗസുഖത്തില് അഭിരമിക്കുവാന്‍ കഴിയുന്നവരുമാകണം മിഥുനങ്ങള്‍. പഴയകാലത്ത് ഒരാളുടെ വളര്‍ച്ചയുടെ ആദ്യഘട്ടം (ഏതാണ്ട് 24 വയസ്സുവരെ) ഗുരുകുല വിദ്യാഭ്യാസത്തിലൂടെ, സാത്വിക ഭക്ഷണക്രമത്തിലൂടെ, സാധനാ പരിശീലനത്തിലൂടെ ആന്തരിക ചൈതന്യത്തെ ഉണര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു. എന്നാലിന്ന് ഇത്തരം ചൈതന്യത്തിന്റെ കരസ്പര്‍ശമില്ലാത്ത തലതിരിഞ്ഞ ക്രമത്തില്‍ വളര്‍ന്ന ആളുകള്‍ ആണ് വിവാഹത്തിലേക്ക് എത്തപ്പെടുന്നത്. അപ്പോഴാണ് വിവാഹം ഒരു തടവറയായി മാറുന്നത്. അവിടെയാണ് ആധിപത്യത്തിന്റെ അധിനിവേശവും അടിമത്തത്തിന്റെ ആവിര്‍ഭാവവും സംഭവിക്കുന്നത്. ഇവിടെയാണ് സൂര്യയോഗിന്റെയും പ്രകൃതിജീവനത്തിന്റെയും പ്രസക്തി. അത് നമ്മുടെ ആന്തരികശുദ്ധീകരണത്തെ സഹായിക്കുകയും സുദൃഢമായ ഒരു ലയനത്തിലേക്ക് എത്തുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: