ഇന്ധന വിലവര്‍ധനവിനെതിരെ സമരം ചെയ്ത ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം തല്ലിച്ചതച്ചത് ജനാധിപത്യ കേരളത്തിന് അപമാനമായി. സമാധാനപരമായി പ്രതിഷേധമറിയിച്ച് മാര്‍ച്ച് നടത്തുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു. ദല്‍ഹിയില്‍ സമാധാനപരമായി സത്യഗ്രഹമിരുന്ന സ്വാമി രാംദേവിന്റെ അനുയായികളെ പാതിരാത്രിയില്‍ അടിച്ചോടിച്ച പോലീസ് നടപടിക്ക് തുല്യമായിരുന്നു തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ നടപടി. ഒരു ദിവസം മുമ്പ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന പ്രശ്നത്തില്‍ പ്രതിഷേധിച്ചു നടത്തിയ സമരത്തെയും തലസ്ഥാനത്തും മറ്റു സ്ഥലങ്ങളിലും പോലീസിനെ ഉപയോഗിച്ച് തല്ലി ഒതുക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ശ്രമിച്ചത്. കേന്ദ്രത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പി.ചിദംബരവും സംസ്ഥാനത്ത് ക്രമസമാധാന ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും ജനകീയ സമരങ്ങളെ നേരിടുന്നതില്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
എസ്എഫ്ഐക്കാരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇറങ്ങിപ്പോക്കു നടത്തിയിരുന്നു. പോലീസ് നരനായാട്ടിന് അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് പ്രതിപക്ഷനേതാവുള്പ്പെടെയുള്ളവര് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ക്രൂരമായ മര്‍ദനത്തെ കുറിച്ച് സൂചിപ്പിക്കാന്‍ പോലും രാഷ്ട്രീയ അന്ധത ബാധിച്ച സംസ്ഥാന പ്രതിപക്ഷത്തിന് കഴിഞ്ഞില്ല എന്നതിനെ അല്പത്തമെന്നേ പറയാവൂ. എസ്എഫ്ഐക്കാര്‍ പോലീസിനു നേരെ ആക്രമണം നടത്തിയതാണ് പോലീസ് ലാത്തിച്ചാര്‍ജിനു കാരണമെന്ന ന്യായമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരത്തിയത്. ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അതിനു തടസ്സം നിന്നാല്‍ പോലീസ് നടപടി ഉണ്ടാകുമെന്ന് ആവര്‍ത്തിക്കാനും ഉമ്മന്‍ചാണ്ടി മറന്നില്ല. എന്നാല്‍ പെട്രോളിയം വിലവര്‍ധനവിനെതിരെ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിക്കുകയോ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയോ ചെയ്തില്ല. സാധാരണ നടക്കാറുള്ള പ്രതിഷേധ സമരം മാത്രമായിരുന്നു. പിന്നെന്തിന് അകാരണമായി പ്രവര്‍ത്തകരെ തല്ലിച്ചതച്ചു എന്നതിന് ഉമ്മന്‍ചാണ്ടി ഉത്തരം പറയണം.
പോലീസ് ലാത്തിച്ചാര്‍ജില്‍ ഏഴു പേര്‍ക്കാണ് മാരകമായി പരിക്കേറ്റത്. ബിജെപിയുടെ മൂന്ന് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് എന്നിവര്‍ക്കൊക്കെയാണ് അടിയേറ്റത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അനാവശ്യ പോലീസ് നടപടി വാര്‍ത്തയറിഞ്ഞ് വിവരമന്വേഷിച്ചെത്തിയ ബിജെപി നേതാക്കളെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും പോലീസ് തയ്യാറായില്ല.
അടുത്ത കാലത്തെങ്ങും തലസ്ഥാന നഗരി കാണാത്ത നരനായാട്ടാണ് പോലീസ് നടത്തിയത്. ആരെ പ്രീണിപ്പിക്കാനായിരുന്നു പോലീസ് നടപടിയെന്ന് അറിയാനുണ്ട്. എസ്എഫ്ഐക്കാരെ മര്‍ദിച്ചതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടി നിങ്ങള്‍ നിയമിച്ച പോലീസുകാര്‍ തന്നെയാണ് ലാത്തി വീശിയത് എന്നായിരുന്നു മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞത്. താന്‍ അധികാരത്തില്‍ വന്നിട്ട് പോലീസുകാരെ മാറ്റിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി അടിവരയിട്ടു പറഞ്ഞു. അതിനര്‍ഥം യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ചത് കോടിയേരി നിയോഗിച്ച പോലീസെന്ന് വ്യക്തം. കോടിയേരിയുടെ പോലീസായാലും ഉമ്മന്‍ചാണ്ടിയുടെ പോലീസായാലും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതുന്നെങ്കില്‍ അവര്‍ക്കു തെറ്റി. അടിയന്തരാവസ്ഥയുടെ കരാള നാളുകളെ പോരാട്ട വീര്യം കൊണ്ട് മറികടന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് കേരളത്തില്‍ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകരെന്ന തിരിച്ചറിവ് സംസ്ഥാനത്തെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഉണ്ടായാല്‍ നന്ന്. പെട്രോളിയം വിലവര്‍ധനവ് പോലുള്ള പ്രശ്നങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരെ പോലീസ് രാജ് ഉപയോഗിച്ച് അടിച്ചൊതുക്കാനാണ് നൂല്‍പ്പാലത്തിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അതിവിടെ നടക്കില്ല.
സമാധാനപരമായി സമരം ചെയ്ത ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരെ അന്യായമായി തല്ലിച്ചതച്ച പോലീസ് മര്‍ദനത്തെ കുറിച്ച് സര്‍ക്കാര്‍ ഉന്നത തലത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ന്യായമാണ്. വരും ദിവസങ്ങളില്‍ പോലീസ് മര്‍ദനത്തിനെതിരെയും ഇന്ധന പാചകവാതക വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ബിജെപി. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ മര്‍ദിച്ചൊതുക്കാമെന്ന ധാരണ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ല. ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുത്ത സര്‍ക്കാരാണ് ഭരിക്കുന്നത്. ഭരണം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന സാമാന്യ ബോധം ഭരിക്കുന്നവര്‍ക്കുണ്ടാകണം. അല്ലെങ്കില്‍ അതുണ്ടാക്കാന്‍ അവരെ തിരഞ്ഞെടുത്ത ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: