കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇപ്പോഴത്തെ ഇന്ധന വിലവര്‍ധന പണപ്പെരുപ്പത്തിലേക്ക് നയിക്കും എന്നും പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് ഉയരുമെന്നും സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിച്ചുകഴിഞ്ഞു. പണപ്പെരുപ്പം വിലവര്‍ധനയിലേക്കും ഭക്ഷ്യവിലപ്പെരുപ്പത്തിലേക്കും നയിക്കുമല്ലോ. എണ്ണക്കമ്പനികള്‍ക്ക് പ്രതിവര്‍ഷം 21,000 കോടി രൂപ അധികവരുമാനവും സര്‍ക്കാരിന് പ്രതിവര്‍ഷം 21,000 കോടി രൂപ വരുമാനനഷ്ടവും വരുത്തിവെക്കുന്ന പ്രക്രിയയാണിത്. പക്ഷേ എണ്ണക്കമ്പനികള്‍ക്ക് യഥാര്‍ത്ഥ തോതിലുള്ള വര്‍ധന അനുവദിക്കാത്തതിനാല്‍ നേരിടേണ്ടിവന്ന നഷ്ടം 2011-12 ല്‍ 1,70,140 കോടിയില്‍നിന്നും 1,20,000 കോടിയായി മാത്രമേ കുറയ്ക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നും കേന്ദ്രം വാദിക്കുന്നു. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല പ്രചാരമുണ്ട്. പ്രത്യേകിച്ച്വാഹനസാന്ദ്രതയും എല്‍പിജി ഉപയോഗവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ എന്തിന് പരസ്യത്തിന് പണം ചെലവഴിക്കുന്നു? ഓരോ വര്‍ഷവും 70,000 കോടിയിലേറെ തുക പരസ്യപ്രചാരണങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടത്രേ. ഇതിന്റെ ഭാരം എന്തിന് സാധാരണ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കണം? കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാചകവാതക-ഡീസല്‍ വിലവര്‍ധന ഇന്ത്യന്‍ ജനതക്കും പ്രത്യേകിച്ച് ഉപഭോഗ സംസ്ഥാനമായ കേരളത്തിനും കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. സാധാരണക്കാര്‍ക്കുവേണ്ടി എന്ന നാട്യത്തില്‍ നിലവില്‍ വന്ന യുപിഎ സര്‍ക്കാരിന്റെ അടിക്കടിയുള്ള ഈ ഇന്ധനവിലവര്‍ധനക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം രൂപപ്പെട്ടുകഴിഞ്ഞു.
പ്രധാന പ്രതിപക്ഷമായ ബിജെപിക്കു പുറമെ മഹാരാഷ്ട്രയിലെ എന്‍സിപിയും യുപിയിലെ ബിഎസ്പിയും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ഇന്ധന വിലവര്‍ധനവിനെ നിശിതമായി വിമര്‍ശിച്ചുകഴിഞ്ഞു. ലോറി ഉടമകള്‍ ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. ഡീസലിന് മൂന്ന് രൂപയും മണ്ണെണ്ണക്ക് രണ്ട് രൂപയും പാചകവാതകത്തിന് 50 രൂപയുമാണ് പെട്രോളിയം മന്ത്രാലയം വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത മണ്ണെണ്ണ വിലപോലും വര്‍ധിപ്പിച്ച യുപിഎ സര്‍ക്കാര്‍ കടുത്ത ജനദ്രോഹംതന്നെയാണ് ചെയ്യുന്നത്. ആഗോളതലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ച കാരണമാണ് ഈ വിലവര്‍ധന എന്ന വാദം അസംബന്ധമാകുന്നത് ആഗോളതലത്തില്‍ എണ്ണ വില ബാരലിന് 90 രൂപ കുറഞ്ഞപ്പോഴാണ് സര്‍ക്കാര്‍ ഇൗ നിരക്കുവര്‍ധന പ്രഖ്യാപിച്ചത് എന്നതിനാലാണ്. ഇന്ധനവില നിര്‍ണയത്തിനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത മന്മോഹന് സര്‍ക്കാര്‍ ഇപ്പോള്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വില നിലവാരം അംഗീകരിച്ച് വര്‍ധന പ്രഖ്യാപിക്കുന്ന വിനീതവിധേയരായി മാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ നടപടി പെട്രോള്‍ കമ്പനികളെയും സ്വകാര്യ കുത്തകയായ റിലയന്‍സിനെയും സഹായിക്കാനുള്ള നടപടിയാണെന്ന് ജനം വിശ്വസിക്കാന്‍ കാരണം റിലയന്‍സിനും കീണ്‍ ഇന്ത്യക്കും വേണ്ടി പെട്രോളിയം മന്ത്രാലയം നിയമം വളച്ചൊടിച്ച് സഹായം ചെയ്തു എന്ന കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടാണ്.
ഈ വിലവര്‍ധന മൂലം ചരക്കുനീക്ക ചെലവ് വര്‍ധിക്കുന്ന സാഹചര്യം ഉയരുന്നത് ഉപഭോഗ സംസ്ഥാനമായ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ലോറിവാടക ഒമ്പത് ശതമാനം വര്‍ധിപ്പിക്കുമെന്ന് ലോറി ഉടമകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതും ഭക്ഷ്യവിഭവങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് തിരിച്ചടിയാകും. ഇന്ധന വിലവര്‍ധന കര്‍ഷകരെയും ബാധിക്കും. ഇപ്പോള്‍ ഇന്ധനവിലവര്‍ധനയുടെ ഭാരം സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണ്. സംസ്ഥാനതല നികുതികള്‍ കുറച്ച് സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം കസ്റ്റംസ്, എക്സൈസ് തീരുവ കുറച്ചതുപോലെ സംസ്ഥാനങ്ങളും നികുതി ഇളവ് ചെയ്യണം എന്നാണ് കേന്ദ്ര ഉല്‍ബോധനം. കഴിഞ്ഞ പ്രാവശ്യം പെട്രോള്‍ വില കൂടിയപ്പോള്‍ കേരളം നികുതി വേണ്ടെന്നുവെച്ചിരുന്നു. മമതാ ബാനര്‍ജി പാചകവാതക സിലിണ്ടറിന്റെ സെസ് ഉപേക്ഷിച്ച് ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ തയ്യാറായി. മണ്ണെണ്ണയെ ‘വാറ്റി’ല്‍നിന്ന് ഹരിയാന ഒഴിവാക്കി. കേരളം ഈ പാത പിന്തുടരുമോ എന്ന് കണ്ടറിയേണ്ടതാണ്.
ആഗോളതലത്തില്‍ വിലക്കയറ്റം ഉണ്ടാകുന്നതിനാല്‍ ഈവര്‍ഷം ഒക്ടോബര്‍ വരെ നാണ്യപ്പെരുപ്പം ഒന്‍പത് ശതമാനത്തില്‍ കുറയില്ലെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ റിപ്പോ റിവേഴ്സ് നിരക്ക് പരിഷ്കരിച്ചിട്ടും സാധ്യമായിട്ടില്ല.എല്ലാ വിധത്തിലും ഇന്ധനവിലവര്‍ധന പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ഉപഭോഗ സംസ്ഥാനമായ കേരളത്തെയാണ്. സ്വകാര്യ ബസ് ഉടമകള്‍ സമരപ്രഖ്യാപനവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മിനിമം നിരക്ക് ആറ് രൂപയാക്കണമെന്നും കിലോമീറ്ററിന് 65 പൈസയായി ഉയര്‍ത്തണമെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് പുതിയ നിരക്കിന്റെ 50 ശതമാനമാക്കണമെന്നുമാണ് ബസ്സുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥിനിരക്ക് വര്‍ധന വിദ്യാര്‍ത്ഥിസമരത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. കെഎസ്ആര്‍ടിസിയും നഷ്ടത്തിലാണ് ഓടുന്നത്. ബഹുലക്ഷം കോടി രൂപയുടെ അഴിമതി കേന്ദ്രഭരണകര്‍ത്താക്കള്‍ നടത്തുമ്പോള്‍ സാധാരണക്കാരുടെ അരി മുടക്കിയും അടുപ്പില്‍ എരിയുന്ന തീ കെടുത്തിയുമാണ് ഈ ഇന്ധന വിലവര്‍ധനക്ക് കേന്ദ്രം മുതിര്‍ന്നിരിക്കുന്നത്. ദേശവ്യാപക പ്രക്ഷോഭം ഉയരുന്നതുപോലും ഒരു താല്‍ക്കാലിക പ്രതിഭാസമായി തള്ളിക്കളയുന്ന കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പുതന്നെ ഈ അമിതഭാരം ജനങ്ങളില്‍ കെട്ടിവെച്ചുകഴിഞ്ഞു. പക്ഷെ ഇതിന്റെ ഭവിഷ്യത്ത് തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ കണ്ടെത്താന്‍ അധികാരം കയ്യാളുന്നവര്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: