കേരളം വിട്ട് കേന്ദ്രമന്ത്രി ആയതോടെ പ്രൊഫസര്‍ കെ.വി.തോമസ് ആളാകെ മാറി. കേരളത്തിന്റെ കേന്ദ്രമന്ത്രി ആരെന്ന് ചോദിച്ചാല്‍ അത് കെ.വി.തോമസാണ്. കേരളത്തിലെ ജനം ഒരുരൂപായുടെ അരി തിന്നണോ, രണ്ടുരൂപായുടെ അരി ഭക്ഷിക്കണമോ എന്നൊക്കെ തീരുമാനിക്കുന്നത് തോമാച്ചനാണ്. കേരളത്തിലെ ജനം റോഡില്‍ യാത്ര ചെയ്യുന്നതിന് ടോള്‍ കൊടുക്കണമെന്ന് തീരുമാനിക്കുന്നതും തോമസുതന്നെ. സ്വതന്ത്ര ചുമതലയുള്ള ഭക്ഷ്യസഹമന്ത്രി എന്നതിലുപരി അദ്ദേഹം കേരളത്തിനുവേണ്ടിയുള്ള ടോള്‍ മന്ത്രികൂടിയാണ്.
കുമ്പളംകാര്‍ക്കും മറുദേശക്കാര്‍ക്കും പട്ടി വേലിനൂളുന്നതുപോലെ കടന്നുപോകാന്‍ കേന്ദ്ര ഉപരിതല റോഡ് ഗതാഗത വകുപ്പ് കുമ്പളത്ത് ഒരു താജ്മഹല്‍ പണിതിട്ടുണ്ട്. ഹൈവേയ്ക്കു കുറുകെ. ടോള്‍ഗേറ്റ് എന്നാണ് ഇതിനെ വിളിക്കുക. ഇതിലൂടെ കടക്കുന്നതിന് കാര്‍ ഡ്രൈവര്‍ 20 രൂപയും ബസ്-ലോറിക്കാര് 75 ഉം കൊടുക്കണം. ഇങ്ങനെ ടോള്‍ കൊടുത്തു മുടിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ നാട്ടുകാര്‍ എതിര്‍ത്തു. കുമ്പളംകാര്‍ക്കൊപ്പം ചില പാര്‍ട്ടിക്കാരും ചേര്‍ന്നു. പ്രമുഖപാര്‍ട്ടിക്കാരാരും സമരത്തില്‍ പങ്കുചേര്‍ന്നില്ല. ഇവര്‍ക്കാര്‍ക്കും കാറോ ബസോ ലോറിയോ സ്വന്തമായിട്ടില്ലാത്തതിനാല്‍ ടോള്‍ സംബന്ധിച്ച് യാതൊരുവിധ പരാതിയുമില്ല.
നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചയ്ക്കായി ഉടനെത്തി കേന്ദ്ര ടോള്‍ മന്ത്രി കെ.വി.തോമസ്. “യാത്ര ചെയ്യാന്‍ നല്ല റോഡുകള്‍ വേണം, റോഡുകള്‍ക്ക് പണം വേണം, അതെവിടെനിന്നുണ്ടാക്കും?”- പ്രൊഫസര്‍ വേദ പുസ്തകം വായിച്ചു. പതിനഞ്ചുവര്‍ഷത്തെ കടുംവെട്ടുവെട്ടി വെഹിക്കിള്‍ ടാക്സായി പിരിക്കുന്ന പണത്തിന്റെ ഒരു ഭാഗം റോഡുപണിക്ക് ഉപയോഗിച്ചുകൂടെയെന്ന് ഏതോ ഒരു ആവശ്യക്കാരന് ചോദിച്ചെങ്കിലും തോമസ്ജി കേട്ടില്ല. ചര്‍ച്ച ഉടന്‍ അവസാനിപ്പിച്ച് കുമ്പളങ്ങി കായലില്‍നിന്നും പിടിച്ച തിരുതമീന്‍, ഐസ് നിറച്ച പ്ലാസ്റ്റിക് കിറ്റുകളില്‍ പായ്ക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു തോമസ് ജി. “കുമ്പളംകാര്‍ക്ക് അത്രവിഷമതയെങ്കില്‍ കോളര്‍ ഐഡി പിടിപ്പിച്ചോളൂ, ടോളിലൂടെ കടക്കുമ്പോള്‍ നിര്‍ത്തില്ല. പക്ഷെ കോളര്‍ ഐഡി പിടിപ്പിക്കുംവരെ ടോള്‍ കൊടുത്തേ മതിയാകൂ” ചര്‍ച്ച പാതിവഴിക്കു നിര്‍ത്തി തോമസ്ജി എഴുന്നേറ്റു.
ടോള്‍ വാങ്ങിയേയടങ്ങൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ തോമച്ചന് കേന്ദ്രത്തില്‍നിന്ന് കേരളത്തിലെത്തുമ്പോഴും തിരിച്ച് തിരുതയുമായി പോകുമ്പോഴും ടോള്‍ വാങ്ങണമെന്നാണ് കുമ്പളംകാരന്‍ കുഞ്ഞപ്പന് കോനാട്ടു ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
‘രതി നിര്‍വേദം’ കളിക്കുന്ന തിയറ്ററുകളില്‍ ഇപ്പോള്‍ പൂരത്തിന്റെ തിരക്കാണ്. ഒറിജനല്‍ രതിനിര്‍വേദത്തില്‍ ജയഭാരതി കാണിച്ചതുതന്നെയാണോ, റിമേക്കില്‍ ശ്വേതാമേനോന് കാണിക്കുന്നതെന്നറിയാന്‍ ഒറിജിനലിന്റെ കാസറ്റ് എവിടെ കിട്ടുമെന്ന് അന്വേഷിക്കുകയാണ് കുമാരന്മാര്. ഒന്നു രണ്ടാഴ്ചയായി ടി.വി.ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഓണ്‍ ചെയ്താല്‍ ഉടന്‍ കാണുന്നത് ഒരു സ്കൂള്‍ ഫൈനല്‍ പയ്യന്, ശ്വേതാമേനോന്റെ കാല്വണ്ണ നോക്കിയുള്ള കണ്ണുമിഴിക്കലാണ്. സിനിമാ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഒരു ചാനല്‍ നടിയുടെ ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്തു. ഇന്റര്‍വ്യൂ ദൃശ്യം കണ്ടവന് ഇനിയും ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംശയം തോന്നുക സ്വാഭാവികം. ‘അവളുടെ രാവുകള്‍’ തുടങ്ങി അവശേഷിക്കുന്ന സിനിമകള്‍ റിമേക്ക് ചെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട് സിനിമാ മന്ത്രിയോട് സിനിമാസ്വാദകനായ കരപ്പുറം നാരായണന്റെ റിക്വസ്റ്റ് ഇതാണ്. പഴയ സിനിമകള്‍, പ്രത്യേകിച്ചും എ-സിനിമകള്‍ റിമേക്ക് ചെയ്യുന്നവനെ ആറുമാസം തുറങ്കിലടക്കാനുള്ള നിയമനിര്‍മാണം വേണം. അതല്ലെങ്കില്‍ ഒരു കയര്‍ത്തുമ്പില്‍ ഒടുങ്ങുന്ന സ്ത്രീ (36)-പുരുഷന്(14) എന്നിവരുടെ എണ്ണം കൂടും.
ഗില്റ്റു കടലാസ്സില്‍ റാങ്ക് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഇതാ ഒരു എളുപ്പവഴി. ലത്തീന്‍ കത്തോലിക്ക ഐക്യവേദി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ കൊടുത്താല്‍ മതി. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി തുടങ്ങി ഏത് കോഴ്സ് ജയിച്ചവര്‍ക്കും അപേക്ഷിക്കാം. എല്ലാവര്ക്കും വൈസ് ചാന്‍സലര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് കൊടുക്കും. സ്വന്തം പേര് പിന്നീട് എഴുതിച്ചേര്‍ത്താല്‍ മതി. ഐക്യവേദിയുടെ വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് വെച്ചു നടക്കുമ്പോള്‍ ആളെ കൂട്ടാന്‍ മുന്‍വര്‍ഷങ്ങളില്‍ പ്രയോഗിച്ച തന്ത്രം തന്നെ ഇക്കുറിയും. സ്വര്‍ണ്ണ മെഡല്‍, കാഷ് അവാര്‍ഡ് എന്നൊക്കെ പരസ്യം കണ്ടു കൂട്ടി രക്ഷകര്‍ത്താവിനേയും കൂട്ടി തിരുവനന്തപുരം വിജെടി ഹാളില്‍ ചെല്ലുമ്പോഴാണ് ക്യാഷിന് പകരം സര്‍ട്ടിഫിക്കറ്റ് കൊടുക്കുക. ഇങ്ങനെ പോയി നാണം കെടാന്‍ ആഗ്രഹമുള്ളവര്‍ ചോദ്യം ചെയ്യലിന് പോയാല്‍ ലത്തീന്‍ കത്തോലിക്കാ ഗുണ്ടകള്‍ എന്ന കൂട്ടരെ വിട്ട് ഭീഷണിപ്പെടുത്തും. ദിവസക്കൂലിയും ബിരിയാണിപ്പൊതിയും കൊടുത്ത് വാര്‍ഷികം നടത്താന്‍ പാങ്ങില്ലാത്തവര്ക്ക് ഇതൊക്കെയുള്ളൂ ഒരു മാര്‍ഗം. കുറ്റം പറയരുതല്ലോ, സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കഥയറിയാത്ത ഒരു ന്യൂനപക്ഷ മന്ത്രി തീര്‍ച്ചയായും ഉണ്ടായിരിക്കും!
കെ.എ.സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: