ദമാസ്ക്കസ്: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അലി ആസാദിന്റെ ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുവാന്‍ അണിനിരന്ന പ്രകടനത്തിന് നേര്‍ക്ക് സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. ഇതോടൊപ്പം ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ അയല്‍രാജ്യങ്ങളായ ലെബനിലേക്കും ടര്‍ക്കിയിലേക്കും പലായനം ചെയ്തു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കുശേഷം ഡമാസ്ക്കസ് തെരുവില്‍ പ്രകടനത്തിനിറങ്ങിയ വിമതര്ക്കുനേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. പത്തോളംപേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നെങ്കിലും ഗുരുതരമായി പരിക്കേറ്റ പത്തോളം പേര്‍കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബാഷര്‍ തങ്ങളുടെ പ്രസിഡന്റല്ലെന്നും ഇയാളെ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന ‘സിറിയന്‍ റവല്യൂഷന് 2011’ എന്ന സംഘടന പുറത്തിറക്കിയ ഫേസ്ബുക്ക് സന്ദേശം പറയുന്നു. ഡമാസ്ക്കസ് കൂടാതെ രാജ്യത്തിലെ പല പ്രമുഖ നഗരങ്ങളിലും പ്രക്ഷോഭകര്‍ പ്രകടനം നടത്തി. കിഴക്കന്‍ എണ്ണ നഗരമായ ദേര്‍ ഇസോറില്‍ 30,000 ത്തോളം പേരാണ് പ്രകടനത്തിനെത്തിയത്. അമ്മാനില്‍ പ്രക്ഷോഭകര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരപരാധികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിമതര്‍ക്കെതിരായി ആസാദിന്റെ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഇതേവരെ 1,300 പേരോളം കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 10,000 ത്തോളം പേരെ സൈന്യം തടവിലാക്കിയിട്ടുമുണ്ട്.
ഇതോടൊപ്പം ആയിരത്തോളം സിറിയന്‍ വിമതര്‍ അതിര്‍ത്തി കടന്ന് രാജ്യത്തെത്തിയിട്ടുണ്ടെന്ന് ലബനീസ് അധികൃതര്‍ അറിയിച്ചു. അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ വെടിയേറ്റ് പരിക്കുപറ്റിയ നിരവധിപേര്‍ ഉണ്ടായിരുന്നതായും അല്‍-ഖുസൈര്‍ അതിര്‍ത്തിയിലൂടെ രാത്രിയിലും അഭയാര്‍ത്ഥിപ്രവാഹം ശക്തമായി തുടരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ സിറിയക്കെതിരെയുള്ള ഉപരോധം വര്‍ധിപ്പിച്ചതായി യൂറോപ്യന്‍ യൂണിയന് അറിയിച്ചു. യുഎസും സിറിയന്‍ സൈന്യത്തിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ പട്ടാളം കാണിക്കുന്ന അക്രമങ്ങളില്‍നിന്ന് അവര്‍ ഉടന്‍ പിന്തിരിയണമെന്ന് യുഎസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബഷാര്‍ വാഗ്ദാനം ചെയ്ത ഭരണപരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പാക്കാനാവില്ലെങ്കില്‍ ഭരണകൂടം സ്ഥാനമൊഴിയാന്‍ തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പ്രസ്താവനയിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: