സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷപദവി കെ.എം.ചന്ദ്രശേഖര്‍ വഹിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഏറ്റത് അത്ഭുതകരമെന്നും അവിശ്വസനീയമെന്നും കരുതുന്നവര്‍ കേരളീയര്‍ക്കിടയിലുണ്ട്. അവരുടേതായ കാരണങ്ങളുണ്ട് ആ അത്ഭുതത്തിനും അവിശ്വാസത്തിനും. നാല് വര്‍ഷക്കാലം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെന്ന ഇന്ത്യയിലെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റിന്റെ പദവി അലങ്കരിച്ച വ്യക്തി ഒരു സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷനാവുക, അതും കേരളത്തില്‍, എന്നതാണ് അവരെ അത്ഭുതപ്പെടുത്തുന്നത്. ഏതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണര്‍ പദവിയോ വിദേശരാജ്യങ്ങളില്‍ അമ്പാസഡര്‍ പദവിയോ കിട്ടാന്‍ ചന്ദ്രശേഖറെപ്പോലെ മികവ് തെളിയിച്ച ഒരുദ്യോഗസ്ഥന് ഒട്ടും ബുദ്ധിമുട്ടേണ്ടതില്ല. ക്യാബിനറ്റ് സെക്രട്ടറി പദവി പോലുള്ള ഉന്നത സ്ഥാനങ്ങളിലിരുന്നവര്‍ സ്വസ്ഥവും സുഖപ്രദവുമായ അമ്പാസഡര്‍, ഹൈക്കമ്മീഷണര്‍, ഗവര്‍ണര്‍ പദവികള്‍ സ്വീകരിക്കുകയാണ് പതിവ്. ഒരു കമ്മീഷനോ ഏതെങ്കിലും കേന്ദ്ര സമിതിയുടെ അധ്യക്ഷ സ്ഥാനമോ തരപ്പെടുത്തുകയും അവര്‍ക്ക് എളുപ്പമാണ്. അങ്ങനെയിരിക്കെ എന്തിന്, എന്തുകൊണ്ട് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി പട്ടത്തെ ആസൂത്രണബോര്‍ഡ് ആസ്ഥാനത്ത് ആസനസ്ഥനാവുന്നു എന്ന ചോദ്യമാണ് പലരിലും അതിശയവും അവിശ്വാസവും സൃഷ്ടിക്കുന്നത്.
കെ.എം.ചന്ദ്രശേഖര്‍ എന്ന സൗമ്യനും സാത്വികനുമായ വ്യക്തിയെ അടുത്തറിയുന്നവരാരും, പക്ഷെ, അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തില്‍ അത്ഭുതപ്പെടില്ല. അധികാരവും ആര്ഭാടവുമേറിയ പദവികള്‍ക്കായി നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ചന്ദ്രശേഖര്‍ ആരുടെ പിന്നാലെയും പോയിട്ടില്ല; ആരുടെ മുന്നിലും അദ്ദേഹം തല ചൊറിഞ്ഞു നിന്നിട്ടില്ല. കേന്ദ്രത്തില്‍ കോമേഴ്സ് സെക്രട്ടറിയും ലോക വ്യാപാര സംഘടനയില്‍ ഇന്ത്യയുടെ പ്രതിനിധിയും ഒടുവില്‍ ആരെയും അസൂയപ്പെടുത്തുന്ന കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയുമൊക്കെ ആയ ചന്ദ്രശേഖര്‍ എന്ന ഐഎഎസുകാരന് കേരളത്തിലോ കേന്ദ്രത്തിലോ ഗോഡ്ഫാദര് ആയി ആരും ഉണ്ടായിട്ടല്ല. ആ പദവികളൊക്കെ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു എന്നതാണ് സത്യം.
മന്മോഹന് സിംഗിന് പ്രിയങ്കരനായിരുന്നു ചന്ദ്രശേഖര്‍. മലയാളികളോട് മന്മോഹന്സിംഗിന് പൊതുവെ പ്രത്യേക പരിഗണനയുണ്ടെന്ന് ദല്‍ഹിയില്‍ പരാതിയുണ്ട്. അങ്ങനെയാണത്രെ ‘മുണ്ട് മാഫിയ’ കേന്ദ്ര സെക്രട്ടറിയേറ്റില്‍ അഭൂതപൂര്‍വമായി ശക്തി പ്രാപിച്ചത്. മലയാളികളോടുള്ള മന്മോഹന് സിംഗിന്റെ മമതയ്ക്ക്, അവരുടെ മികവ് മാത്രമല്ല, മറ്റൊരു വ്യക്തിപരമായ കാരണം കൂടിയുണ്ട്. പഞ്ചാബില്‍ ഒരു വെറും കോളേജ് അധ്യാപകന് മാത്രമായിരുന്ന മന്മോഹന് സിംഗിന്റെ സാമ്പത്തികശാസ്ത്രത്തിലെ വൈദഗ്ദ്ധ്യം തിരിച്ചറിയുകയും അദ്ദേഹത്തിന് പ്രശസ്തമായ ദല്‍ഹി സര്‍വകലാശാലയിലും ദല്‍ഹി സ്കൂള്‍ ഓഫ് ഇകണോമിക്സിലും മറ്റും അധ്യാപകവൃത്തി തരപ്പെടുത്തിക്കൊടുത്തത് കേരളീയനായ അക്കാലത്തെ ദല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.എന്‍.രാജായിരുന്നു. ആ ഉപകാര സ്മരണയാണത്രെ പില്ക്കാലത്ത് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയ ശേഷവും, എപ്പോള്‍ തിരുവനന്തപുരത്തെത്തുമ്പോഴും, എത്ര തിരക്കുണ്ടെങ്കിലും ദളവാകുന്നിലെ കെ.എന്‍.രാജിന്റെ വസതിയില്‍ മന്മോഹന് സിംഗിനെ എത്തിച്ചിരുന്നത്. രാജില്‍ ആരംഭിച്ച മലയാളിയോടുള്ള മമത പില്ക്കാലത്ത് ടി.കെ.എ.നായരോടും കെ.എം.ചന്ദ്രശേഖറോടും മറ്റും മന്‍മോഹന്‍സിംഗിനുള്ള മനോഭാവത്തിലും പ്രകടമായിരുന്നു. അടുത്തകാലത്തായി ‘മുണ്ട് മാഫിയ’ ദല്‍ഹിയില്‍ ദുര്‍ബലമായി തുടങ്ങി. മലയാളികളായ നിരുപമ റാവുവും ഗോപാല്‍ കൃഷ്ണ പിള്ളയും കെ.എം.ചന്ദ്രശേഖറും മറ്റും പടിയിറങ്ങിത്തുടങ്ങി. മര്‍മസ്ഥാനങ്ങളില്‍ പുതിയതായി മലയാളികള്‍ എന്തുകൊണ്ടോ പരിഗണിക്കപ്പെടുന്നില്ല. ചന്ദ്രശേഖറിന്റെ പിന്‍ഗാമിയായി ക്യാബിനറ്റ് സെക്രട്ടറിയാവാന്‍ ശ്രമിച്ച കെ.മോഹന്‍ദാസ് പിന്തള്ളപ്പെടുകയാണുണ്ടായത്. ‘മുണ്ട് മാഫിയ’യുടെ പിടി അയയുന്നതിന് കാരണം മന്മോഹന് സിംഗ് ദുര്ബലനാവുന്നതുകൊണ്ടു മാത്രമാണോ എന്നറിയില്ല. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള തത്രപ്പാടില്‍ മന്‍മോഹന്‍സിംഗിനെ തള്ളിപ്പറയുകയാണിന്ന് സോണിയയുടെ സ്തുതിപാഠകരൊക്കെ. മന്‍മോഹന്‍സിംഗിനെ സംബന്ധിച്ചിടത്തോളം സ്വയംകൃതാനാര്‍ത്ഥം എന്നല്ലാതെ എന്തു പറയാന്‍.
പറഞ്ഞുവന്നത് ചന്ദ്രശേഖറിനേയും അദ്ദേഹത്തിന്റെ പുതിയ പദവിയേയും പറ്റിയാണ്. ചന്ദ്രശേഖറിന്റെ തീരുമാനം എന്നെ തെല്ലും അത്ഭുതപ്പെടുത്തിയില്ല. പ്രേയസ്സല്ല ശ്രേയസ്സാണ് പ്രതിഭാശാലികള്‍ക്ക് പ്രിയങ്കരവും ഹിതകരവും എന്നതുതന്നെ, അമ്പാസഡറാവാനോ ഗവര്‍ണറാവാനോ നില്‍ക്കാതെ സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തിന് പ്രേരകമായത്. നാടിനോടും നാട്ടുകാരോടും പ്രതിബദ്ധതയുള്ളവര്ക്കേ ഇത്തരത്തില്‍ അതിശയകരമായി പ്രവര്‍ത്തിക്കാനാവൂ. ആര്‍ക്കും വേണ്ടാത്ത പദവികള്‍ വഹിക്കാനാണ് ഐഎഎസുകാരനെന്ന നിലയില്‍ ആദ്യ നാളുകളില്‍ അദ്ദേഹം നിര്‍ബന്ധിതനായത്. അവയൊക്കെ ചന്ദ്രശേഖര്‍ ആസ്വദിക്കുക തന്നെ ചെയ്തുവെന്നതാണ് വസ്തുത. എറണാകുളത്തെ ജോസ് ജംഗ്ഷനടുത്ത് ഒരു ഇടുങ്ങിയ ഇടവഴിയിലെ ചെറിയ രണ്ടുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള സംസ്ഥാന സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടറായിട്ടാണ് ചന്ദ്രശേഖറെ ഞാന്‍ ആദ്യമായി കാണുന്നത്. കശുവണ്ടിയുടെ കുത്തക സംഭരണം കേരള സര്‍ക്കാര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനിലൂടെ നടപ്പിലാക്കുന്ന കാലമായിരുന്നു അത്. പ്രതിവര്‍ഷം അമ്പത് ലക്ഷം രൂപയുടെ വിറ്റുവരവും ഇരുപത്തിയഞ്ചിന് താഴെ ജീവനക്കാരും മാത്രമുള്ള ഈ കൊച്ചു സ്ഥാപനത്തിന്റെ അമരക്കാരനോട്, അന്നൊരു വലിയ പത്രത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് സംസാരിക്കുമ്പോള്‍ ഒന്നു വെള്ളം കുടിപ്പിക്കാമെന്ന മോഹം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അത് പക്ഷെ ഒരു വ്യാമോഹമായി. വെള്ളം കുടിപ്പിക്കാനുള്ള ശ്രമത്തില്‍ വാസ്തവത്തില്‍ വിളറിയത് ഞാനായിരുന്നു. വസ്തുതകളും വിവരങ്ങളും ചന്ദ്രശേഖറിന്റെ വിരല്‍ത്തുമ്പിലായിരുന്നു. മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍നിന്ന് അദ്ദേഹം, എറണാകുളത്ത് തന്നെ തൊട്ടടുത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ എംഡിയായി പോയി. ആ പദവിയിലിരിക്കെ പൊതുവിതരണരംഗത്ത്, മാവേലി സ്റ്റോറുകള്‍, ഓണച്ചന്തകള്‍ തുടങ്ങിയ ഭാവനാത്മകമായ പരിപാടികള്‍ക്ക് നേതൃത്വം നല്കിയ ചന്ദ്രശേഖറോട് എനിക്ക് ആദരവേറി. പിന്നെ സ്പൈസസ് ബോര്‍ഡിന്റെ തലപ്പത്തിരിക്കുമ്പോഴും ചന്ദ്രശേഖറിനെ പല പ്രാവശ്യം ഞാന്‍ കണ്ടു. പില്ക്കാലത്ത് അന്താരാഷ്ട്രാപ്രചാരം നേടിയ സ്പൈസസ് ഫെയറും മറ്റും സ്പൈസസ് ബോര്‍ഡ് ചെയര്മാന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനയാണ്. തിരുവനന്തപുരത്ത് അദ്ദേഹം വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നപ്പോള്‍ വാര്‍ത്താപരമായ ആവശ്യങ്ങള്‍ക്കായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ കൂടി. ബജറ്റവതരണ പ്രക്രിയ തന്നെ പരിഷ്ക്കരിക്കുന്നതിനുള്ള ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ ധനകാര്യ സെക്രട്ടറി എന്ന നിലയ്ക്ക് ചന്ദ്രശേഖര്‍ മുന്നോട്ട് വെച്ചിരുന്നു. ‘വോട്ട് ഓണ്‍ അക്കൗണ്ട്’ നിര്‍ത്തലാക്കണമെന്നതായിരുന്നു അവയിലൊന്ന്. ബജറ്റവതരണം മാര്‍ച്ചില്‍നിന്ന് ജനുവരിയിലേക്ക് മാറ്റുകയെന്ന നിര്‍ദ്ദേശവും ചന്ദ്രശേഖരില്നിന്നുണ്ടായി. ബജറ്റവതരണത്തിലും അംഗീകാരത്തിലും ഉള്ള കാലതാമസം കാരണം കോടിക്കണക്കിന് തുകകള്‍ വര്‍ഷാവസാനം പാഴായിപ്പോവുന്നത് ഒഴിവാക്കാനായിരുന്നു ഈ നിര്‍ദ്ദേശം. പക്ഷെ അവയൊന്നും നടക്കാതെ പോയി.
ചന്ദ്രശേഖര്‍ കേരളം വിട്ട് ദല്‍ഹിയിലേക്ക് പോവുകയും എന്റെ മാധ്യമപ്രവര്‍ത്തനം കേരളത്തിലേക്ക് ചുരുങ്ങുകയും ചെയ്തതോടെ, അദ്ദേഹത്തെ കാണാന്‍ എനിക്ക് അധികം അവസരങ്ങളില്ലാതെയായി. കേന്ദ്ര കോമേഴ്സ് സെക്രട്ടറിയായി ചുമതലയേറ്റ ചന്ദ്രശേഖര്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയത് ലോക വ്യാപാര സംഘടനയിലെ ഇന്ത്യന്‍ പ്രതിനിധിയെന്ന നിലയ്ക്ക് ജെയിനെവയില്‍ കാഴ്ചവെച്ച ഉജ്ജ്വല പ്രകടനത്തിലൂടെയാണ്. പിന്നീട് അദ്ദേഹം കേന്ദ്രമന്ത്രിസഭായോഗത്തില് സംബന്ധിക്കാന്‍ അധികാരമുള്ള അവസരവും ഉള്ള ഏക ഉദ്യോഗസ്ഥനായ ക്യാബിനറ്റ് സെക്രട്ടറിയായി ഉയരുകയായിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ദല്‍ഹിയിലുമെല്ലാം മാധ്യമപ്രവര്‍ത്തകരുമായി മാതൃകാപരമായ ബന്ധമാണ് ചന്ദ്രശേഖര്‍ പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ അകാലത്തില്‍ അന്തരിച്ച ഇളയ മകള്‍ പ്രിയ ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു.
അതികായന്മാര് അലങ്കരിച്ചിട്ടുള്ളതാണ് ആസൂത്രണ ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷ സ്ഥാനം. കെ.ടി.ചാണ്ടി, പി.കെ.ഗോപാലകൃഷ്ണന്, ഐ.എസ്.ഗുലാത്തി, എം.ജെ.കെ.തവരാജ്, എം.എസ്.റാം, വി.രാമചന്ദ്രന്, പ്രഭാത് പട്നായിക് എന്നിങ്ങനെ നീണ്ടതാണ് ആ പ്രതിഭാ പട്ടിക. പക്ഷെ അവരില്‍ അപൂര്‍വം പേരൊഴിച്ച് ആരും ആസൂത്രണ ബോര്‍ഡില്‍ അത്ര സംതൃപ്തരോ സന്തുഷ്ടരോ ആയിരുന്നില്ലെന്നതും ഒരു വസ്തുതയാണ്. ആസൂത്രണ ബോര്‍ഡിനെ ബ്യൂറോക്രസിയുടെ ഭാഗമായോ ഒരു സര്‍ക്കാര്‍ ഡിപ്പാര്ട്ടുമെന്റായോ കരുതുന്ന സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ മേലാളരുടേയും ഭരണം കയ്യാളുന്ന രാഷ്ട്രീയ നേതാക്കളുടേയും തെറ്റായ സമീപനമാണതിന് പ്രധാന കാരണം. ആസൂത്രണബോര്‍ഡ് ബ്യൂറോക്രസിക്ക് അതീതമാണെന്ന് മാത്രമല്ല ഭരണനേതൃത്വത്തെ ഉപദേശിക്കുകയും തിരുത്തുകയും ചെയ്യേണ്ട ഒരു സ്വതന്ത്ര ബാഹ്യ സംവിധാനമാണ്. പണ്ട് കേന്ദ്ര ആസൂത്രണ കമ്മീഷന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രൂപീകരിച്ചപ്പോള്‍ അതായിരുന്നു കാഴ്ചപ്പാട്. ആസൂത്രണ കമ്മീഷന്റെ മാതൃകയിലാണ് കേരളത്തില്‍ അറുപത്തേഴില്‍ ആസൂത്രണബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ആസൂത്രണബോര്‍ഡ് ഒരു അലങ്കാരം മാത്രമാക്കി അധഃപതിപ്പിക്കുകയാണ് അധികം സര്‍ക്കാരുകളും സംസ്ഥാനത്ത് ചെയ്തിട്ടുള്ളത്. ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന ഇകണോമിക് റിവ്യൂ തയ്യാറാക്കുന്ന പണി മാത്രമായി കാലക്രമേണ ആസൂത്രണ ബോര്‍ഡിന്റേത്. വസ്തുനിഷ്ഠവും വിമര്‍ശനാത്മകവുമായ ഒരു തിരുത്തല്‍ രേഖ എന്നതിനുപകരം ഇകണോമിക് റിവ്യൂ കുറെ കണക്കുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടായി മാറി. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം എത്ര നാളികേരം വിളഞ്ഞു എന്നു തുടങ്ങിയ കണക്കുകള്‍ വരെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ, തുടക്കത്തില്‍ നൂറ് പേജില്‍ ഒതുങ്ങിയിരുന്ന ഇകണോമിക് റിവ്യൂ ആയിരം പേജും കവിഞ്ഞ് ഇന്ന് ആരും വായിക്കാതെയായി മാറിയിട്ടുണ്ട്.
ആസൂത്രണ ബോര്‍ഡിന്റെ അമരക്കാരനായി കെ.എം. ചന്ദ്രശേഖറിനെ കണ്ടെത്തി ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അദ്ദേഹം ആസൂത്രണ ബോര്‍ഡിനേയും അതിന്റെ ഉപാധ്യക്ഷനേയും അവസരത്തിനൊത്ത് ഉയരാനും അന്തസ്സോടെ പ്രവര്‍ത്തിക്കാനും അനുവദിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ അക്കാര്യത്തില്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുമോ എന്നതും മൗലികമായ ചോദ്യമാണ്.
-ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: