തിരുവനന്തപുരം: വിദ്യാഭ്യാസ, കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ ബാങ്കുകള്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്തെങ്കിലും കാരണങ്ങള്‍ ഉന്നയിച്ച് വായ്പ നിഷേധിക്കരുത്. സംസ്ഥാനതല ബേങ്കേഴ്സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ അനുകൂലമായ സമീപനം വേണം. മുമ്പെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കാലതാമസമുണ്ടായെന്ന കാരണത്താല്‍ പഠനാവസരം നിഷേധിക്കരുത്. വായ്പകള്‍ തിരിച്ചടക്കാന്‍ ബാങ്കുകള്‍ അവര്‍ക്കു സൗകര്യം ചെയ്തുകൊടുക്കണം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രഫഷനല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വായ്പ നിഷേധിക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലെ പരാതിയെക്കുറിച്ച് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരണം തേടി. ഇക്കാര്യത്തില്‍ ബാങ്കുകള്‍ ഉദാരസമീപനമാണ് സ്വീകരിക്കുന്നതെന്ന് കാനറാ ബാങ്ക് എം .ഡി. എസ്.രാമന് മുഖ്യമന്ത്രിയെ അറിയിച്ചു. വിദ്യാഭ്യാസ വായ്പയ്ക്കായി കഴിഞ്ഞവര്‍ഷം 14,000 അപേക്ഷകള്‍ ലഭിച്ചതില്‍ 13,000 പേര്‍ക്കു വായ്പ നല്കി. ബാങ്കുകള്‍വഴി കൂടുതല്‍ വിദ്യാഭ്യാസ വായ്പകള്‍ നല്കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പരാതികള്‍ക്കു കലക്ടര്‍മാര്‍ പങ്കെടുക്കുന്ന ജില്ലാതല ബാങ്കിംഗ് സമിതി യോഗം ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ബാങ്കിംഗ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിന് ബാങ്കുകള്‍ സഹകരിക്കണം. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ബാങ്കുകളുടെ സമീപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഏലത്തിനു വിലയിടിവുണ്ടാവുമ്പോള് കര്‍ഷകര്‍ക്കു വായ്പ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശം ബാങ്കുകള്‍ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കു ആശ്വാസം നല്‍കുന്നതിനായി വിലയിടിവുണ്ടാവുമ്പോള് ഏലം ഈടായി സ്വീകരിച്ച് വായ്പ നല്‍കണമെന്നാണ് സര്‍ക്കുലര്‍. യൂനിയന്‍ ബാങ്ക് ഓഫ്് ഇന്ത്യയാണ് ഇത്തരത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്. ഇടുക്കി ജില്ലയില്‍നിന്നാണ് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ശരിയായ സമീപനം സ്വീകരിക്കണം. കാര്‍ഷിക, വ്യവസായ, പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിന് ബാങ്കുകള്‍ സഹകരിക്കണം.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പൂര്‍ണ സഹകരണം ഉണ്ടാവും. ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്നും ഇതിനായി അഡീഷനല്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: