ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ, മായാവതി എന്ന ദളിത് വനിത മുഖ്യമന്ത്രിയായിരിക്കുന്ന ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറില്‍ മൂന്ന് ബലാത്സംഗം നടന്നുവെന്നത് ദേശീയ ദൃശ്യമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശില്‍ അധികവും ബലാത്സംഗത്തിനിരയാകുന്നത് ദളിത് യുവതികളാണ്. പ്രായം തികയാത്ത ദളിത് പെണ്‍കുട്ടിയെ രണ്ടുദിവസം മുമ്പ് കൂട്ടബലാത്സംഗം നടത്താന്‍ ശ്രമിക്കുകയും അത് തടയാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്ത സംഭവമുണ്ടായി. ദളിത് വനിത ഭരിച്ചാലും ദളിത് യുവതികള്‍ സംരക്ഷിക്കപ്പെടുകയില്ലായെന്ന് തെളിയിക്കുന്ന സംസ്ഥാനമാണ് യുപി.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല എന്നത് ദേശീയ തലത്തില്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍ വികസിത സംസ്ഥാനമെന്ന് പരക്കെ ഘോഷിക്കപ്പെടുന്ന, 92 ശതമാനം സ്ത്രീ സാക്ഷരതയുള്ള കേരളത്തിലും ഒരു ദിവസം ഒന്നിലധികം ബലാത്സംഗങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തയോ ഇവിടെ റോഡില്‍ക്കൂടി പകലോ രാത്രിയോ ഒരു സ്ത്രീക്ക് സുരക്ഷിതയായി സഞ്ചരിക്കാന്‍ പോലും സാധ്യമല്ല എന്ന വസ്തുതയോ കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്പോലും ചര്‍ച്ചയ്ക്ക് വിധേയമാകുന്നില്ല.
ചൊവ്വാഴ്ചത്തെ പത്രത്തിലും പതിനേഴുകാരിയെ പിതാവുള്‍പ്പെടെ ആറുപേര്‍ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതി വന്നത് ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലായിരുന്നു. പറവൂരില്‍ സ്വന്തം പിതാവ് പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തശേഷം പെണ്‍വാണിഭ റാക്കറ്റിന് കൈമാറി പണം സമ്പാദിക്കുകയായിരുന്നു. പോലീസ് പിടിയിലായപ്പോള്‍ ചുരുളഴിഞ്ഞത് പല മാന്യന്മാരുടെയും പേരുകള്‍. ഇതും കേരളത്തിലെ ആദ്യ സംഭവമല്ല.
കേരളത്തില്‍ സൂര്യനെല്ലികള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇരുപതുകൊല്ലം കഴിഞ്ഞിട്ടും ബാലികാ ലൈംഗികപീഡനം കേരളത്തില്‍ തുടര്ക്കഥയാകുന്നുവെന്നത് ഹൃദയഭേദകമായ വസ്തുതയാണ്. എഴുതി “പഴകി പുളിച്ച” വിഷയമാണെങ്കിലും ആവര്‍ത്തനവിരസമാണെങ്കിലും ആവര്‍ത്തിക്കേണ്ടിവരുന്നത് സമാന സംഭവങ്ങള്‍ ആവര്ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ്. പണ്ടത്തേക്കാളും വലിയതോതില്‍ കേരളത്തില്‍ ജനസംഖ്യയുടെ ഭൂരിഭാഗം സ്ത്രീകളാണ്. പഞ്ചായത്ത് തലത്തില്‍ 50 ശതമാനം സ്ത്രീകള്‍ ഭരണരംഗത്തുണ്ട്. എന്തുകൊണ്ട് സ്ത്രീപീഡനം തടയാനാകുന്നില്ല? ഇത് ചര്‍ച്ചാവിഷയമാകേണ്ടതല്ലേ?
സ്ത്രീസങ്കല്പ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരിക്കല്‍ കമലാദാസ് പറഞ്ഞത് Woman is a Sexual product for the use of man എന്നായിരുന്നു. ഭാരതനാരീ സങ്കല്‍പ്പം പുരാണങ്ങളില്‍ ഉറങ്ങുമ്പോള്‍ കേരളത്തില്‍ സ്ത്രീ വെറും ചരക്കാണ്. ശരീരം മാത്രമാണ്. കമല പറഞ്ഞ സത്യത്തിനടിവരയിടുന്നതാണ് സമീപകാല സംഭവങ്ങള്‍.
പണ്ട് ജോലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുവന്ന വിതുര പെണ്‍കുട്ടിയെ ആദ്യമായി ഉപയോഗിച്ചത് ഒരു ഗള്ഫുകാരനായിരുന്നു. ഇന്ന് പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോകുന്നത് ഗള്‍ഫിലേക്കാണ്. ഷാര്‍ജയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് അനേകം പെണ്‍കുട്ടികളെ ലൈംഗിക വാണിഭത്തിലെത്തിച്ച മുഖ്യപ്രതി സൗദ ഇപ്പോള്‍ കോടതിയില്‍ കീഴടങ്ങിയിരിക്കുകയാണ്. പെണ്‍വാണിഭ റാക്കറ്റുകളില്‍ സ്ത്രീകളെ എത്തിക്കുന്നതും അത് നടത്തിക്കൊണ്ടുപോകുന്നതും ഇന്ന് സ്ത്രീകളാണ് എന്നതാണ് വസ്തുത.
ഇങ്ങനെ സ്ത്രീപീഡക സംസ്ഥാനമായി മാറിയ കേരളത്തില്‍ സ്ത്രീ സംരക്ഷണം എന്തുകൊണ്ട് ഉറപ്പുവരുത്തപ്പെടുന്നില്ല. പാതയോരങ്ങള്‍ സ്ത്രീക്ക് നിഷിദ്ധമാകുകയാണ്. താലിബാന് ഭരിച്ചിരുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് വീടിന് പുറത്തുവരാന്‍ ആപാദചൂഡം മൂടിയാലും അനുവാദം ഇല്ലായിരുന്നല്ലോ. താലിബാന് ഭരണം അവസാനിച്ചപ്പോള്‍ ഒരു സ്ത്രീ വീടിന് പുറത്തുവന്ന് മുഖം സൂര്യനുനേരെ ഉയര്‍ത്തി സ്വാതന്ത്ര്യം അനുഭവിക്കുന്ന ചിത്രം ടൈം വാരിക പ്രസിദ്ധീകരിച്ചിരുന്നു. സൗദിഅറേബ്യയില്‍ സ്ത്രീകള്‍ ഇന്ന് സ്വയം വണ്ടിയോടിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സൗദിയില്‍ പരപുരുഷന് ഓടിക്കുന്ന വണ്ടിയില്‍ യാത്ര ചെയ്യാം. പക്ഷേ സ്വയം ഡ്രൈവ് ചെയ്യാന്‍ പാടില്ല. കേരളത്തില്‍ കാല്നടയാത്രക്കാരികളാണ് പീഡിപ്പിക്കപ്പെടുന്നത്. മാല പിടിച്ചുപറിക്കപ്പെടുന്നു, ബസ്, ട്രെയിന്‍ യാത്രക്കാരികളുടെ ചിത്രങ്ങള്‍ മൊബെയിലില്‍ പകര്‍ത്തപ്പെടുന്നു. ഇങ്ങനെ പീഡനങ്ങള്‍ പല രീതിയില്‍.
ഇപ്പോള്‍ ഏറ്റവും പുതിയതായി വന്ന വാര്‍ത്ത ബിപിഒയില്‍ നൈറ്റ് ഡ്യൂട്ടിക്ക് രാത്രി 11 മണി കഴിഞ്ഞ് സുഹൃത്തുമൊത്ത് പോയ തസ്നി ബാനു എന്ന യുവതിയെ ഇന്ഫോപാര്ക്കിനടുത്തുവച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചുവെന്നാണ്. സദാചാരം എന്തെന്നറിയാത്ത കേരളത്തില്‍ ഇപ്പോള്‍ സദാചാര പോലീസായും ആളുകള്‍ രംഗത്തിറങ്ങിത്തുടങ്ങിയിരിക്കുന്നു.
ദൃശ്യമാധ്യമങ്ങളില്‍ക്കൂടി തസ്നി ബാനു പറഞ്ഞത് ഇന്‍ഫോപാര്‍ക്കിനടുത്ത് താനും സുഹൃത്തുമായി നടന്നുപോകുന്നത് സംശയദൃഷ്ടിയോടെ വീക്ഷിച്ച ഒരു കൂട്ടം ആള്ക്കാര് തന്നെ മര്‍ദ്ദിച്ചുവെന്നാണ്. തസ്നിയുടെ രക്ഷയ്ക്കായി ആരും എത്തിയില്ലെങ്കിലും ആരോ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് രംഗത്തെത്തി. പക്ഷേ തസ്നിയെ ആക്രമിച്ച ആരെയും പോലീസ് പിടിച്ചില്ല. തസ്നി ഇപ്പോള്‍ ആശുപത്രിയിലാണ്.
തസ്നിയെ ആക്രമിച്ചതിനെതിരെ മഹിളാ സംഘടനകള്‍ ഇടത്-വലത് ഭേദമന്യേ രംഗത്തെത്തി. ഇതോടെ മുഖ്യമന്ത്രി ഇടപെട്ട് തസ്നിയെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ പോലീസ് ഉണര്‍ന്ന് തസ്നിയുടെ മൊഴി രേഖപ്പെടുത്തുന്നു. തസ്നി ബാനുവിനെ ഞാന്‍ ആദ്യമായി കാണുന്നത് മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തുനിന്ന് എറണാകുളത്ത് വന്നപ്പോഴാണ്.
തസ്നി ബാനു മലപ്പുറത്തുകാരിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുദിവസം തസ്നി തന്റെ സുഹൃത്തും സ്വമതക്കാരനുമായ യുവാവുമായി സ്നേഹത്തിലാകുകയും അയാളുടെകൂടെ പോകുകയും ചെയ്തു. കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ ഹൈക്കോടതി തസ്നിയെ ടൗണിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തു. അവിടെവച്ചാണ് അന്ന് ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ തസ്നിയുടെ അഭിമുഖമെടുത്തത്. കോടതിയില്‍ തസ്നിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ ജീവന് ജോസിന്റെ നേരെ തസ്നിയുടെ ബന്ധുക്കള്‍ കയര്ക്കുകയുണ്ടായതും ഞാന്‍ ഓര്‍ക്കുന്നു. “അന്ന് എന്നെ പീഡിപ്പിച്ചത് മതതീവ്രവാദികളായിരുന്നു. ഇന്ന് എന്നെ ആക്രമിച്ചവര്‍ മതതീവ്രവാദികളല്ല. സ്വയം സദാചാര പോലീസ് ചമയുന്നവരാണ്” എന്നാണ് തസ്നി പറയുന്നത്.
പെണ്‍കുട്ടികള്‍ക്ക്/ സ്ത്രീകള്‍ക്ക് സമത്വവും അവസരസമത്വവും ഭരണഘടന ഉറപ്പ് നല്കിയിരിക്കുന്നതാണ്. സ്ത്രീയെ ശരീരമായി മാത്രം കാണാന്‍ ശീലിച്ച മലയാളി രാത്രി ജോലിക്ക് പോകുന്ന സ്ത്രീയും അനാശാസ്യപ്രവര്‍ത്തനത്തിന് പോകുകയാണെന്ന് കരുതുക സ്വാഭാവികം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ എല്ലാം മഞ്ഞയായി കാണുന്നു. നീലപ്പിത്തം ബാധിച്ചിരിക്കുന്നതിനാല്‍ എല്ലാം നീലയായി കാണുന്നവരാണ് കേരളത്തിലെ പുരുഷന്മാര്.
-ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: