കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം കാപ്പി വിപണിക്കള കരുത്തേറുന്നു. കയറ്റുമതിയിലെ കുതിപ്പ്, ഉപഭോഗത്തിന്റെ വളര്‍ച്ച, മെച്ചപ്പെട്ട വില, കാര്‍ഷിക രംഗത്തെ ഉണര്‍വ്, ഉല്‍പ്പാദനത്തിലെ ശരാശരി തുടങ്ങി കാപ്പി വിപണിയ്ക്ക് അനുകൂലഘടകങ്ങള്‍ ഏറെയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
കയറ്റുമതി രംഗത്തെ മുന്നേറ്റം ഇന്ത്യന്‍ കാപ്പി വിപണിയില്‍ ഏറെ ഉന്മേഷമാണുണ്ടാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ കാപ്പി ഉല്പ്പാദനരംഗത്തുണ്ടായ കുറവ് ഇന്ത്യന്‍ കയറ്റുമതി വര്‍ധനയ്ക്കും പുതിയ വിപണി പിടിച്ചെടുക്കുവാനും കഴിയുമെന്നാണ് കയറ്റുമതി കേന്ദ്രങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ ഏതാണ്ട് 200 ഓളം കയറ്റുമതിക്കാരില്‍ പകുതിയിലേരെപ്പേരും ആഗോളവിപണി മുന്നേറ്റം ഇന്ത്യന്‍ കാപ്പി കയറ്റുമതിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാപ്പി കയറ്റുമതിയിലൂടെ ശരാശരി 2050 കോടിയോളം രൂപയുടെ വരുമാനം ലഭിക്കുന്ന ഇന്ത്യന്‍ കാപ്പി കയറ്റുമതി വിപണി ഈ വര്‍ഷം 2400 കോടിയിലേറെ രൂപയുടെ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. കയറ്റുമതി ചരക്ക് തോതിലും മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനംവരെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
2006-07 ല്‍ 249029 ടണ്‍ കാപ്പിയിലൂടെ 2008 കോടി രൂപ 249029 ടണ്‍ കാപ്പിയിലൂടെ 2008 കോടി രൂപനേടിയ ഇന്ത്യന്‍ കാപ്പി കയറ്റുമതി വിപണി 2007-08 വര്‍ഷം 218998 ടണ്‍ കയറ്റുമതിയിലൂടെ 2046 കോടിരൂപയും 2008-09 ല്‍ 197171 ടണ്ണിലൂടെ 2243 കോടിയും 2009-10 വര്‍ഷം 196094 ടണ്ണിലൂടെ 2071 കോടി രൂപയുമാണ് നേടിയത്. 2010-11 വര്‍ഷം 208404 ടണ്ണിലൂടെ 2400 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇന്ത്യന്‍ കാപ്പിയുടെ 60ശതമാനം വിഹിതവും കയറ്റുമതി ചെയ്യുന്നത് യൂറോപ്പിലേക്കാണ്. കൂടാതെ അമേരിക്ക, ജപ്പാന്, അറേബ്യന്‍ രാജ്യങ്ങളിലേയ്ക്കും കാപ്പി കയറ്റുമതി സജീവമാണ്.
കയറ്റുമതിക്കൊപ്പം ഉപഭോഗമേഖലയിലും വളര്‍ച്ചയാണ് കാപ്പി വിപണി നേടുന്നത്. പ്രതിവര്‍ഷം ശരാശരി 6 ശതമാനമാണ് കാപ്പി ഉപഭോഗ വളര്‍ച്ച. എന്നാല്‍ ആഗോളതലത്തില്‍ കാപ്പിയുടെ ആളോഹരി ഉപഭോഗത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ആളോഹരി ഉപഭോഗത്തില്‍ അമേരിക്ക 6 കിലോയും ജപ്പാന് 4.6 കിലോയും ഇന്ത്യ 800 ഗ്രാമുമാണ്.
1995 ല്‍ പ്രതിവര്‍ഷം 50000 മെട്രിക് ടണ്‍ കാപ്പി ഉപഭോഗം നടത്തിയ ഇന്ത്യയില്‍ 2005 ലിത് 80,000 മെട്രിക് ടണ്ണായും 2010 ലിത് 108000 മെട്രിക് ടണ്ണായും വര്‍ധിച്ചുവെന്ന് ഏജന്‍സി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിലനിലവാരത്തിലും കാപ്പി വിപണി മുന്നേറുകയാണ്. 1995 ല്‍ ക്വിന്റലിന് 3000 രൂപയില്‍ താഴെയായിരുന്ന കാപ്പി വില 2000 ല്‍ 6000 രൂപയായി. 2010 ല്‍ ശരാശരി വില അറബിക്ക 21000 രൂപയും റോബസ്റ്റ 9600-10500 രൂപയിലുമെത്തി. വിപണി സജീവമായതും അവധിവ്യാപാരവും ഉല്‍പ്പാദനകുറവും ആഗോള വിപണി കുതിപ്പും കാപ്പിവില വര്‍ധനയ്ക്ക് കളമൊരുക്കി. ഉല്‍പ്പാദനമേഖലയില്‍ കാപ്പി കാര്‍ഷിക രംഗം ശരാശരി നിലവാരത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ കാപ്പി ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും കര്‍ണാടക വിഹിതമാണ്. കേരളത്തിന്റേത് 22 ശതമാനവും തമിഴ്നാടിന്റേത് 7 ശതമാനവും ഇതരഭാഗങ്ങളില്നിന്നുള്ളത് ഒരു ശതമാനവും മാത്രം. 2006ല്‍ 206025 ടണ്‍ കാപ്പി ഉല്‍പ്പാദനം നടത്തിയ കര്‍ണാടകയുടെ 2010 ലെ ഉല്‍പ്പാദനം 205700 ടണ്‍ മാത്രമാണ്. 2006 ല്‍ കേരളത്തിലെ ഉല്‍പ്പാദനം 59475 ടണ്ണും 2010 ലിത് 59250 ടണ്ണുമാണ്. തമിഴ്നാടിന്റേത് 2006 ല്‍ 18225 ടണ്ണും 2010 ല്‍ 19350 ടണ്ണുമായി. ആന്ധ്ര, ഒറീസ, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ 2006 ല്‍ 4275 ടണ്‍ ഉല്‍പ്പാദിപ്പിച്ചു. 2010 ലിത് 5300 ടണ്ണായി വര്‍ധിച്ചു.
2010-11 കൃഷി വിളവെടുപ്പ് വര്‍ഷം കാപ്പി ഉല്‍പ്പാദനത്തില്‍ 10 ശതമാനം കുറവുണ്ടാകുമെന്നാണ് കാര്‍ഷിക രംഗത്തുള്ളവര്‍ പറയുന്നത്. 2009-10 വര്‍ഷം 3,08,000 ടണ്‍ കാപ്പി ഉല്‍പ്പാദനം നടന്നിരുന്നു. 2010-11 വര്‍ഷമിത് 299000 ടണ്ണായി കുറയും. അറബിക്ക കാപ്പിയിലാണ് വന്കുറവുണ്ടാകുക. ഇന്ത്യയില്‍ ആറ് ലക്ഷം ജനങ്ങള്‍ കാപ്പി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സംസ്ക്കരണ, പാക്കിംഗ്, വിപണന, വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ആറ് ലക്ഷത്തിലേറെപ്പേരും പ്രവര്‍ത്തിക്കുന്നതായും പറയുന്നു.
കാപ്പി വിപണിയുടെ കുതിപ്പ് ഇന്ത്യയിലെ കയറ്റുമതിരംഗത്തിനോടൊപ്പം കാര്‍ഷിക മേഖലയ്ക്കും ഗുണകരമാണ്. പുതിയ വര്‍ഷത്തെ നല്ല കാലവര്‍ഷം കാപ്പി ഉല്‍പ്പാദനത്തിന് സഹായകരമാകുമെന്നും വിലയിരുത്തുന്നു.
-എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: