കൊച്ചി: പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. നാല് പോലീസുകാര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് പ്രതികള്‍.
ഒന്നാം പ്രതി എസ്.ഐ പി.വി രമേഷ്, രണ്ടാം പ്രതി എസ്. ഐ ടി.എന്‍ ഉണ്ണികൃഷ്ണന്, മൂന്നാം പ്രതി സിവില്‍ പോലീസ് ഓഫീസര്‍ ശ്യാമപ്രസാദ് നാലാം പ്രതി ഡി.വൈ.എസ്.പി സി.കെ. രാമചന്ദ്രന്, അഞ്ചാപ്രതി രാമകൃഷ്ണന്റെ സുഹൃത്ത് ബിനു ഇട്ടൂപ്പ് എന്നയാളാണ്.
പി.വി രമേഷ്, ടി.എന്‍ ഉണ്ണികൃഷ്ണന്, ശ്യാമപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് മലമ്പുഴയില്‍ വച്ച് സമ്പത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് വേണ്ടി പണം മുടക്കിയതിനാണ് ബിനു ഇട്ടൂപ്പിനെ സി.ബി.ഐ കേസില്‍ പ്രതിയാക്കിയത്.
സമ്പത്തിനൊപ്പം പിടികൂടിയ കനകരാജിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ബിനു ഇട്ടൂപ്പിനെതിരെയുള്ള കുറ്റം. കനകരാജിന്റെ ഭാര്യ സത്യഭാമയ്ക്ക് പതിനായിരം രൂപ ആദ്യഗഡുവായി ബിനു നല്‍കുകയും ചെയ്തു.
എ.ഡി.ജി.പി മുഹമ്മദ് യാസിന് , ഡി.ഐ.ജി വിജയ് സാക്കറെ എന്നിവരുള്‍പ്പെട്ട പത്തു പോലീസുകാരും കേസില്‍ പ്രതികളാണ്. ഇവര്‍ക്കെതിരായ കുറ്റപത്രം പിന്നീടു സമര്‍പ്പിക്കും. കോയമ്പത്തൂരില്‍ സമ്പത്തിനെയും കനകരാജിനെയും പിടികൂടിയ ശേഷം മുഹമ്മദ് യാസിനും വിജയ് സാക്കറേയും അവിടെ എത്തിയിരുന്നതായും സി.ബി.ഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: