നാട്ടിന്പുറത്തുകാരന് നാണപ്പന് സന്ന്യാസിയെ കാണാന്‍ പോയ ഒരു പഴങ്കഥയുണ്ട്. ആള് നല്ല പുകവലിക്കാരന്. പുകവലികൊണ്ട് വലിയ കുഴപ്പമുണ്ടോയെന്ന് ചോദിച്ചറിയാനാണ് നാണപ്പന് ആശ്രമത്തിലെത്തിയത്. സ്വാമിയെ കണ്ടു. ചോദ്യം ചോദിച്ചു. പുകവലികൊണ്ട് മൂന്ന് ഗുണങ്ങളുണ്ടെന്നായിരുന്നു സന്ന്യാസിയുടെ വിശദീകരണം. നാണപ്പന് ആകെ സന്തോഷമായി.
“പുകവലിക്കാരന്റെ വീട്ടില്‍ കള്ളന് കയറുകയില്ലെന്നതാണ് ആദ്യ ഗുണം. അയാളെ പട്ടി കടിക്കില്ലെന്നതാണ് രണ്ടാമത്തെ പ്രയോജനം. പുകവലിക്കാരന് ഒരിക്കലും വാര്‍ധക്യമുണ്ടാവില്ലെന്നത് മൂന്നാമത്തെ ഗുണം.” നാട്ടിന്പുറത്തുകാരന് ആകെ സംശയമായി. അത് മനസ്സിലാക്കിയ സന്ന്യാസി ഇങ്ങനെ വിശദീകരിച്ചു.
“പുകവലിക്കാരന് സദാ ചുമച്ചുകൊണ്ടിരിക്കുന്നതിനാല്‍ രാത്രിയില്‍ അയാളുടെ വീട്ടില്‍ കള്ളന്മാര് കയറില്ല. അല്‍പ്പം പ്രായമാകുമ്പോള്‍ തന്നെ പുകവലിക്കാരന്റെ സഞ്ചാരം ഊന്നുവടിയുടെ സഹായത്തോടെയാവും. വടി കയ്യിലുള്ളതുകൊണ്ട് പട്ടി കടിക്കില്ല. പുകവലി മനുഷ്യന്റെ ആയുസ് കാര്യമായി കുറയ്ക്കും. അതിനാല്‍ വാര്‍ധക്യംവരെ ജീവിച്ചിരിക്കില്ല….” നാണപ്പന് എന്തുപറ്റിയെന്ന കാര്യം കഥയിലില്ല. ഇന്നാണ് സന്ന്യാസി ഈ കഥ പറഞ്ഞിരുന്നതെങ്കില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു ഗുണം കൂടി കഥയില്‍ ചേര്‍ത്തേനെ. പുകവലിക്കാരന്റെ ഭാര്യയുടെയും മക്കളുടേയും അവസ്ഥ. കാരണം ‘പാസ്സീവ് സ്മോക്കിംഗ്’ അഥവാ പുകവലിക്കാരന്റെ സഹവാസംകൊണ്ടുളള പുകശല്യം അത്രയേറെ അപകടകാരിയാണെന്ന് ശാസ്ത്രം. ലോകത്ത് പുകവലിമൂലം പ്രതിവര്‍ഷം 60 ലക്ഷം പേര് മരിക്കുമ്പോള്‍ അവര്‍ വലിച്ചു തള്ളുന്ന പുക മൂക്കില്‍ കയറുന്നതുമൂലം മാത്രം കൊല്ലപ്പെടുന്നത് ആറ് ലക്ഷം ആളുകള്‍.
പുകയിലയെ പോര്‍ച്ചുഗലില്‍നിന്നും ഫ്രാന്‍സിലെത്തിച്ച് പാശ്ചാത്യ ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയ (1550) ഫ്രഞ്ച് സ്ഥാനപതി ജീന്‍ നിക്കോട്ടിന്റെ പേരില്‍നിന്നാണ് പുകയിലയുടെ ശാസ്ത്രനാമം രൂപപ്പെട്ടത്. നിക്കോഷിയാന ടബാക്കം, നിക്കോഷിയാന റസ്റ്റിക്ക എന്നിവയാണ് ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന ഇനങ്ങള്‍. നിക്കോട്ടിന് എന്ന കാര്‍ബണിക സംയുക്തമാണ് പുകയിലയിലെ ഉത്തേജകവസ്തു. പുകയില അടിസ്ഥാനമാക്കി നിര്‍മിക്കുന്ന സിഗരറ്റുകളില്‍ നിക്കോട്ടിന് പുറമെ 4000 രാസവസ്തുക്കള്‍കൂടി അടങ്ങിയിട്ടുണ്ടത്രെ. അതില്‍ 400 എണ്ണവും ആരോഗ്യത്തിന് ഹാനികരമായ വിഷപദാര്‍ത്ഥങ്ങള്‍.
ഇതൊക്കെ വലിച്ചു കയറ്റുമ്പോള്‍ മനുഷ്യശരീരത്തിന് എന്താണ് സംഭവിക്കുക? വിട്ടുമാറാത്ത ചുമയും ജലദോഷവും മുതല്‍ കാന്‍സറും ഹൃദയരോഗങ്ങളുംവരെ എന്തും സംഭവിക്കാം. സിഗരറ്റിലെ വിഷവസ്തുക്കള്‍ പ്രധാനമായും കടന്നുപിടിക്കുക കരള്‍, വൃക്ക, ശ്വാസകോശങ്ങള്‍ എന്നിവയെയത്രെ. രക്തത്തില്‍ കടന്നു കയറുന്ന സിഗരറ്റ് വിഷം രക്തചംക്രമണത്തില്‍ കടന്ന് ശരീരത്തിന്റെ നാനാഭാഗത്തുമെത്തുമെന്നും അറിയുക.
പുകവലി മൂലം കൊഴുപ്പും മറ്റും ഉണ്ടായി രക്തക്കുഴലുകള്‍ക്ക് കട്ടി കൂടുന്ന അവസ്ഥയെപ്പറ്റി മിക്കവരും കേട്ടിട്ടുണ്ടാവും. രക്തമൊഴുകുന്നതിന്റെ അളവും വേഗതയും തീരെ കുറയ്ക്കുന്ന ഈ അവസ്ഥയാണ് ‘അതീറോ സ്ക്ലീറോസിസ്’. ഹൃദയരോഗങ്ങള്‍ക്കും ധമനിത്തകരാറുകള്‍ക്കും പക്ഷാഘാതത്തിനും ഈ അവസ്ഥ വഴിതെളിക്കും. പുകയിലപ്പുകയില്‍നിന്ന് പിറക്കുന്ന കാര്‍ബണ്‍മോണോക്സൈഡ് എന്ന ഭീകരന് രക്ത ഓട്ടം കുറയ്ക്കും. ഹൃദയപ്രവര്‍ത്തനത്തിന് വേണ്ട പ്രാണവായുവിന്റെ ലഭ്യത കുറയ്ക്കാനും ഈ വില്ലന്‍ കഴിവുണ്ട്. ഫലം ഹൃദയാഘാതം. പുകയിലയിലെ നിക്കോട്ടിന് സഹായിക്കുന്നത്, രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍. മനുഷ്യന്റെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനായ ഫൈബ്രിനോജന്റെ അളവ് അപകടകരമാംവിധം ഉയര്‍ത്താനും പുകവലി വഴിയൊരുക്കും.
ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നില്‍ ഒന്നും പുകവലിമൂലം ഉണ്ടാകുന്നതാണത്രെ. വായ്, തൊണ്ട, ശ്വാസകോശം, അന്നനാളം, ശബ്ദനാളം എന്നിവിടങ്ങളിലാണ് പുകയില മുഖ്യമായും കാന്‍സര്‍ വരുത്തിത്തീര്‍ക്കുന്നത്. ഏതെങ്കിലും തരത്തില്‍ പുകയില പുക അകത്താക്കുന്നവരാണ്, ശ്വാസകോശ കാന്‍സര്‍ ബാധിക്കുന്നവരില്‍ 95 ശതമാനവുമെന്ന് മറ്റൊരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഓരോ ദിവസവും വലിക്കുന്ന സിഗരറ്റുകളുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് ആനുപാതികമായി അര്‍ബുദ സാധ്യതയും വര്‍ധിച്ചുകൊണ്ടിരിക്കും.
പുകവലിക്കാരന്റെ നിറുത്താതെയുള്ള ചുമ കേട്ടിട്ടില്ലേ? ശ്വാസകോശത്തിലും ശ്വാസനാളത്തിലും അടിഞ്ഞുകൂടുന്ന രാസവസ്തുക്കളെ പുറന്തള്ളാന്‍ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ നടത്തുന്ന വൃഥാ ശ്രമമാണത്. പ്രതിരോധശക്തി തകരുന്നതോടെ ശ്വസനവ്യവസ്ഥയാകെ രോഗാണുവിന് മുന്നില്‍ കീഴ്പ്പെടുന്ന സ്ഥിതി വരും. പുകവലിക്കാരന്റെ വായുടെ അവസ്ഥ പറയാനില്ല. കേട് വന്ന പല്ലുകളും രോഗാതുരമായ മോണയും രുചിയറിയാത്ത നാവും അവന്റെ മുഖമുദ്രയാവും. വന്ധ്യതയുണ്ടാവാന്‍ സാധ്യത ഏറും. എല്ലുകള്‍ പെട്ടെന്ന് ഒടിയാനും സന്ധികളില്‍ വീക്കമുണ്ടാകാനും മസിലുകള്‍ക്ക് തകരാറുണ്ടാകാനും പുക വഴിയൊരുക്കും(നിക്കോട്ടിന് നന്ദി!)
നിരപരാധികളെ വേട്ടയാടുന്ന പാസ്സീവ് സ്മോക്കിങ്ങിനെയാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. പുകവലിക്കുന്നയാള്‍ ഉള്‍ക്കൊള്ളുന്ന പുകയുടെ ഇരട്ടിയാണ് കത്തിക്കൊണ്ടിരിക്കുന്ന സിഗരറ്റിന്റെ അഗ്രത്തുനിന്നും അന്തരീക്ഷത്തിലെത്തുന്നത്. മുറികളിലും വാഹനങ്ങളിലും മറ്റ് അടഞ്ഞസ്ഥലങ്ങളിലുമിരുന്ന് വലിക്കുമ്പോള്‍ ആ പുകയുടെ വലിയൊരു ഭാഗം അടുത്തിരിക്കുന്നവരും വലിച്ചു കയറ്റാന്‍ നിര്‍ബന്ധിതരാകുന്നു. അങ്ങനെ തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് നിക്കോട്ടിനും കാര്‍ബണ്‍ മോണോക്സൈഡും അസറ്റാല്‍ ഡിഹൈഡും വലിച്ചു കയറ്റാന്‍ നിരപരാധികള്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം ‘ചിത്രവധ’ത്തിന് വിധേയരാവുന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ജനനവൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത വളരെയാണ്.
പക്ഷെ ഇതൊന്നും കണ്ട് ഭയക്കുന്നവരല്ല പുക തിന്നുന്നവര്‍. പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെ ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒന്ന് ആളുകളും പുകവലിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അവരാരും പ്രായപൂര്‍ത്തിവരുമ്പോള്‍ മാത്രം പുകവലി തുടങ്ങുന്നവരല്ല. ഭൂരിപക്ഷവും സ്കൂള്‍ കാലയളവില്‍തന്നെ ഈ ദുഃശീലത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടവരാണ്. പ്രധാന കാരണം എളുപ്പത്തിലുള്ള ലഭ്യത തന്നെ. മറ്റൊരു കാരണം വിലക്കുറവ്. സ്വന്തം വ്യക്തിത്വത്തിലെ അധമ ചിന്തകളെ അതിജീവിക്കാനും ‘ടെന്‍ഷന്‍ കുറയ്ക്കാനും’ വേണ്ടിയാണ് മറ്റു ചിലര്‍ വലി തുടങ്ങുക. നിരാശാബോധം മാറ്റാനും മാന്യത നേടാനുമാണ് മറ്റുചിലര്‍ പുകയിലയെ അഭയം പ്രാപിക്കുന്നത്. പണിത്തിരക്കിന്റെ ‘വിരസത’യകറ്റാനും പണിയില്ലാത്തതിന്റെ ‘വിരസത’ മാറ്റാനും പുകവലിക്കുന്നവരും നമുക്കിടയിലുണ്ട്. അത് പ്രോത്സാഹിപ്പിക്കാന്‍ സിനിമയും മറ്റ് ദൃശ്യമാധ്യമങ്ങളും.
പുകവലി ഒരു സാമൂഹ്യവിപത്താണ്. രാഷ്ട്രത്തിന്റെ ദേശീയ വളര്‍ച്ചയേയും സാമ്പത്തിക പുരോഗതിയേയുംപോലും പിന്നാക്കം വലിക്കുന്ന വിപത്ത്. ഇതിനെ നേരിടാന്‍ വേണ്ടത് നിയമങ്ങളല്ല. മറിച്ച് സാമൂഹ്യ അവബോധമാണ്. അപകടകരമായ വിഡ്ഢിത്തത്തില്‍നിന്ന് ആളുകളെ മോചിപ്പിക്കാന്‍ കഴിയുന്നത് ചെയ്യുക. അല്ലെങ്കില്‍ പതിറ്റാണ്ടുകള്‍ക്കപ്പുറം ഡോ.സാമുവല്‍ ജോണ്സണ് സിഗരറ്റിന് നല്കിയ നിര്‍വചനം മാറ്റമില്ലാതെ തുടരും….
“ഒരറ്റത്ത് തീയും മേറ്റ് അറ്റത്ത് ഒരു വിഡ്ഢിയുമുള്ള കടലാസ് ചുരുള്‍….”
-ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: