“നിയമവിരുദ്ധ നടപടികളും നശീകരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. കയ്യേറ്റം ഒഴിപ്പിക്കാനായി ദൗത്യസംഘത്തെ നിയോഗിക്കില്ല. ദൗത്യസംഘം കാര്യങ്ങള്‍ താമസിപ്പിക്കാനേ ഉപകരിക്കൂ. ഇവിടെ നിയമമുണ്ട്. നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും. ഇഛാശക്തിമാത്രം മതി. പിന്നെ ദൗത്യസംഘത്തിന്റെ ആവശ്യമില്ല. മൂന്നാറില്‍ വനഭൂമിയെന്നോ റവന്യൂഭൂമിയെന്നോ വ്യത്യാസമില്ലാതെ സര്‍ക്കാരിന് നഷ്ടപ്പെട്ട മുഴുവന്‍ ഭൂമിയും പിടിച്ചെടുക്കും.”
കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥതയോ ഇഛാശക്തിയോ ആരും സംശയിക്കുകയോ പുഛിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അതിനോടൊപ്പം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്ത മറ്റൊരു വാചകമുണ്ട് “വര്‍ഷങ്ങളായി കൃഷിചെയ്യുന്ന കര്‍ഷരെ ബാധിക്കാത്ത വിധമാകും നടപടി.” ഇത് മതി. ഇത്രമാത്രം മതി. പിന്നെ കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമെല്ലാം കാര്യങ്ങള്‍ നേരെയാക്കും. കയ്യേറ്റക്കാര്‍ കര്‍ഷകരായാല്‍ പ്രശ്നം തീര്‍ന്നല്ലൊ. ഇന്നലെ ചെയ്തത് അതാണ്. ഇന്നു ചെയ്യുന്നതും നാളെ ചെയ്യാന്‍ പോകുന്നതും മറ്റൊന്നാവില്ല.
ചെറുപട്ടണങ്ങളില്‍ ചിലപ്പോള്‍ കാണാറുണ്ട്. ട്രാഫിക് സംവിധാനം മാറ്റിമറിക്കും. ഓട്ടോ-ടാക്സി സ്റ്റാന്റുകള്‍ക്ക് സ്ഥാനചലനം. യൂണിഫോമിടാത്ത ഡ്രൈവര്‍മാരെ പൊക്കും. ഹെല്‍മറ്റില്ലാതോടുന്നവരെ തേടിപ്പിടിക്കും. പോലീസാകെ സടകുടഞ്ഞെഴുന്നേറ്റാലറിയാം പുതുതായി ഏതോ ഒരേമാന്‍ സ്റ്റേഷനില്‍ ചാര്‍ജ്ജെടുത്തെന്ന്. യുഡിഎഫ് അധികാരമേറ്റ് മാസമൊന്നു തികഞ്ഞപ്പോള്‍ റവന്യൂമന്ത്രി തിരുവഞ്ചൂരാണ് മൂന്നാറിലേക്ക് തുഴഞ്ഞത്. കാടും മേടും മാത്രമല്ല ഏറുമാടംവരെ മന്ത്രി കയറിയിറങ്ങി. കോടമഞ്ഞും കൊടുംതണുപ്പുമൊന്നും കയ്യേറ്റത്തിനെതിരെ രക്തം തിളയ്ക്കുന്ന മന്ത്രിയെ ബാധിച്ചതേയില്ല. കയ്യേറ്റങ്ങള്‍ക്കെതിരെ “നിയമത്തിന്റെ ബുള്‍ഡോസര്‍” ഉപയോഗിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.
ബുള്‍ഡോസറിനെക്കുറിച്ച് ഏറെ കേട്ടത് അടിയന്തരാവസ്ഥ കാലഘട്ടത്തിലാണ്. ഇന്ദിരാഗാന്ധിയുടെ ഓമനപുത്രനും കോണ്‍ഗ്രസ്സിന്റെ ജനറല്സെക്രട്ടറിയുമായിരുന്ന സഞ്ജയ് ഗാന്ധിയിലൂടെയാണത്. ദല്‍ഹിയിലെ ചേരികള്‍ ഇടിച്ചുനിരത്താന്‍ ബുള്‍ഡോസറിനെ ഇറക്കിയത് സഞ്ജയ്ഗാന്ധിയാണ്. തുര്‍ക്ക്മാന്‍ ഗേറ്റിലെ നൂറുകണക്കിന് കുടിലുകള്‍ നിലംപരിശാക്കാന്‍ ബുള്‍ഡോസറിനെയായിരുന്നു ഉപയോഗിച്ചിരുന്നത്. അന്ന് ഉപയോഗിച്ച ബുള്‍ഡോസര്‍ നിയമത്തിന്റേതാണോ നിയമരാഹിത്യത്തിന്റേതായിരുന്നോ എന്നറിയാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. തിരുവായ്ക്ക് എതിര്‍വായില്ലാത്ത കാലമായിരുന്നല്ലോ അന്ന്. മൂന്നര പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് നിയമത്തിന്റെ ബുള്‍ഡോസറിനെക്കുറിച്ചറിയുന്നത്. അഭിഭാഷകന് കൂടിയായ തിരുവഞ്ചൂര്‍ പഠിച്ച നിയമപുസ്തകങ്ങളില്‍ ബുള്‍ഡോസറിന്റെ സാന്നിദ്ധ്യം സജീവമായിരുന്നിരിക്കണം. ഏതായാലും പൂച്ചയുടെ നിറത്തെക്കുറിച്ച് തര്‍ക്കം വേണ്ട. മണ്‍പൂച്ചയാണോ മരപ്പൂച്ചയാണോ എന്നും നോക്കുന്നില്ല. എലിയെ പിടിക്കുമോ എന്നേ കാണേണ്ടതുള്ളു.
ഇടത് മുന്നണി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിനായിരുന്നു ഇപ്പോഴത്തെപ്പോലെ പൂച്ചയും എലിയും കളി കേരളം കണ്ടത്. “നല്ലപോലെ എലിയെ പിടിക്കുന്ന പൂച്ചകളെ തന്നെയാണ് മൂന്നാറിലേക്കയച്ചത്” എന്നവകാശപ്പെട്ടത് മുഖ്യമന്ത്രി അച്യുതാനന്ദനായിരുന്നു. ഒടുവില്‍ അതുമൂലം പുലിവാലുപിടിച്ചത് അച്യുതാനന്ദന് തന്നെയായിരുന്നു. പൂച്ചകളെ എലിപിടിച്ചു. പിബിയില്‍ നിന്നും അച്യുതാനന്ദനെ പുകച്ച് പുറത്ത് ചാടിക്കുകയും ചെയ്തു. അന്ന് ബുള്‍ഡോസറിനെക്കുറിച്ചല്ല കേരളം അഭിമാനം കൊണ്ടത്. ജേസിബിയായിരുന്നു താരം. ജേസിബിയായിരുന്നു ഇടതിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമെങ്കില്‍ പാട്ടുംപാടി ജയിച്ചേനെ. അത്രമാത്രം ജനങ്ങളിഷ്ടപ്പെട്ട ഇനമായിരുന്നു അത്. ആറര പതിറ്റാണ്ട് മുമ്പ് ഇംഗ്ലണ്ടിലെ ജെസി ബാംഫോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനി നിര്‍മ്മിച്ച ഈ മണ്ണുമാന്തിയന്ത്രം മൂന്നുപതിറ്റാണ്ട് മുമ്പ്തന്നെ ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. തുരക്കാനും മാന്താനും ഇടിക്കാനും നിരപ്പാക്കാനുമൊക്കെ ഇത് ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും മൂന്നാറിലെത്തിയപ്പോഴാണ് ഇവനാണ് താരമെന്ന് ജനത്തിന് ബോധ്യപ്പെട്ടത്. അന്ന് തട്ടുപൊളിപ്പന്‍ വാര്‍ത്തകളാണ് ചൂടോടെ കുന്നിറങ്ങിവന്നത്. കൈയടി മുഖ്യമന്ത്രിക്കാകുമെന്നായപ്പോള്‍ ‘മൂന്നാര്‍ നടപടി വ്യക്തിപരമല്ലെന്ന്’ പാര്‍ട്ടിസെക്രട്ടറി തുറന്നടിച്ചു. ‘എന്റെ മാത്രം നേട്ടമെന്ന് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രിയും’ ‘അമ്മനിരക്കീട്ടും മോളുനിരക്കീട്ടും നാഴീടെ മൂട് തേഞ്ഞു’ എന്നുപറഞ്ഞ മാതിരി മൂന്നാര്‍ നടപടി തകര്‍ന്നടിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. സുപ്രീംകോടതിപോലും പച്ചക്കൊടിവീശിയ നടപടി പാതിവഴിക്കിട്ടോടേണ്ടിവന്നെങ്കില്‍ കയ്യേറ്റക്കാരുടെ ശക്തിയും സ്വാധീനവും എത്രമാത്രമെന്ന് ഊഹിക്കാവുന്നതാണ്.
ടാറ്റമാത്രം അരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വന്തമാക്കി എന്നായിരുന്നു ആദ്യം കേട്ടത്. അതിനെക്കാള്‍ കയ്യേറ്റ ചരിത്രം പിന്നീട് പറഞ്ഞുകേട്ടു. കയ്യേറ്റഭൂമിയില്‍ കൃഷിയിറക്കല്‍ മാത്രമല്ല കോട്ടേജുകളും റിസോര്‍ട്ടുകളും പാര്‍ട്ടി കോട്ടകളുമെല്ലാം കെട്ടിപ്പൊക്കി കോടികള്‍ വാരിക്കൂട്ടി. പ്രതിദിനം ഒരുകോടി രൂപ റിസോര്‍ട്ടുകള്‍ വഴി മൂന്നാറില്‍ നിന്നും ലഭിച്ചതായാണ് അന്നത്തെ കണക്ക്. പൊന്നിനെക്കാള്‍ വിലയാണ് മൂന്നാറിലെ മണ്ണിന്. ജെസിബി നിരങ്ങിവന്നപ്പോള്‍ കേട്ടത് 2500 കോടിയുടെ സ്വപ്നങ്ങള്‍ പൊലിയാന്‍ പോകുന്നു എന്നാണ്. അന്നുണ്ടായിരുന്ന റിസോര്‍ട്ടുകളില്‍ 90 ശതമാനവും അനധികൃതമായിരുന്നത്രെ. വിനോദസഞ്ചാരികള്‍ പ്രതിദിനം 4000-ല്‍പരം തങ്ങുന്നവയാണിത്. മൂന്നാര്‍ പഞ്ചായത്തില്‍ മാത്രം 80 വലിയ റിസോര്‍ട്ടുകള്‍ ചിന്നക്കനാലില്‍ 15 പള്ളിവാസലില്‍ 40 കൂടാതെ പണി പാതിവഴിക്കായതും തുടങ്ങിയതും 250ല്‍ കൂടുതല്‍ വരും. ഇത്രയും കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയപ്പോള്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നു. രാഷ്ട്രീയപാര്‍ട്ടിക്കാരുണ്ട്. അവരെല്ലാം അറിഞ്ഞുകൊണ്ടുണ്ടാക്കിയ നിര്‍മ്മാണങ്ങള്‍ ഇന്നും നിലനില്ക്കുന്നു. അതൊക്കെ നിരപ്പാക്കാന്‍ തയ്യാറല്ലെന്നറിയിച്ചുകൊണ്ടാണ് മൂന്നാര്‍ നടപടിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എല്ലാകക്ഷിക്കാരെയും വിളിച്ചുകൂട്ടി അവരുടെയെല്ലാം സമ്മതപത്രം എഴുതിവാങ്ങിയായിരിക്കുമത്രെ മൂന്നാര്‍ മിഷന്.
“ആളേറെക്കൂടിയാല്‍ പാമ്പും ചാകില്ല” എന്നാണ് പഴമക്കാരുടെ ചൊല്ല്. ആളെകൂട്ടി മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ ‘അയ്യോ കഷ്ടം’ എന്നേ പറയാനുള്ളു. സര്‍വ്വകക്ഷിയെന്നല്ല സ്വന്തം കക്ഷിയെങ്കിലും മൂഖ്യമന്ത്രിക്ക് കൂടെ കിട്ടുമോ? അച്യുതാനന്ദന് സാധിക്കാഞ്ഞത് ഉമ്മന്‍ചാണ്ടിക്കാകുമോ? അച്യുതാനന്ദനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടുക്കിയില്‍ കാലുകുത്താന്‍ അനുവദിച്ചിരുന്നില്ല. മൂന്നാറില്‍ എം.എം.മണിയാണ് സിപിഎമ്മിനെങ്കില്‍ എ.കെ.മണിയുണ്ട് കോണ്‍ഗ്രസ്സിന്. രണ്ടുപേരും കയ്യേറ്റക്കാരെ തൊട്ടാല്‍ തൊടുന്നവന്റെ കൈവെട്ടാന്‍ ഒരുങ്ങിനില്ക്കുന്നവരാണ്. പോരാത്തതിന് മാണിയും പാര്‍ട്ടിയും കയ്യേറ്റക്കാര്‍ക്ക് കൈമണിയടിക്കാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. ഇവരുടെ ദൃഷ്ടിയില് ആരും കയ്യേറ്റക്കാരുണ്ടാവില്ല. എല്ലാം കര്‍ഷകര്‍, കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയമേള സംഘടിപ്പിക്കുന്നതിനെ കുറിച്ചാകട്ടെ സര്‍വകക്ഷി സമ്മേളനം. കയ്യേറ്റക്കാര്‍ കയ്യൂക്കുള്ളവരുമാണ്.
കയ്യൂക്കുള്ളവനാണ് കാര്യക്കാരന്‍. അതില്ലാത്തവരാണ് ആദിവാസികള്‍. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാന്‍ ഏകകണ്ഠമായി നിയമം പാസ്സാക്കിയിട്ട് നാലുപതിറ്റാണ്ട് തികയാന്‍ പോകുന്നു. ഈ നിയമം നടപ്പാക്കാനല്ല നടപ്പാക്കാതിരിക്കാനാണ് പിന്നീട് നിയമസഭ ശബ്ദമുഖരിതമായത്. ആദിവാസി ഭൂമി തട്ടിയെടുത്തവര്‍ക്ക് പട്ടയം കിട്ടിയെങ്കില്‍ ഇപ്പോഴത്തെ അട്ടഹാസം കേട്ടൊന്നും കയ്യേറ്റക്കാര്‍ ഞെട്ടുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: