Kerala

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയരായ മുഴുവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി വെറുതെവിട്ടു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയാണ് 21 പ്രതികളെയും കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷം വന്ന വിധിയില്‍, കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് അനുകൂലമായത്.
2014 ഡിസംബര്‍ 22-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് നഗരത്തിലെ എംജി റോഡില്‍ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കട അടയ്‌ക്കുന്നതിനായി സാധനങ്ങള്‍ അടുക്കിവയ്‌ക്കുന്നതിനിടെയാണ് 24-കാരനായ സൈനുല്‍ ആബിദിന് നേരെ ആക്രമണമുണ്ടായത്. അതിക്രമിച്ച് കയറിയ സംഘം പിതാവ് കെ.എ.മുഹമ്മദ് കുഞ്ഞിയുടെ കണ്‍മുന്നില്‍വച്ച് ആബിദിനെ കൊലപ്പെടുത്തിയെന്ന് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവാവിന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്‌ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഉദയന്‍, പ്രശാന്ത്, മഹേഷ്, അനില്‍കുമാര്‍ തുടങ്ങി 21 പേരായിരുന്നു കേസില്‍ ആരോപിക്കപ്പെട്ട പ്രതികള്‍. വിചാരണ കാലയളവിനിടെ കേസിലെ 8-ാം പ്രതിയായ ജ്യോതിഷ് മരിച്ചിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കാപ്പ നിയമപ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ്.

വ്യക്തിവിരോധവും രാഷ്‌ട്രീയ വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കേസിലെ ഏക ദൃക്സാക്ഷിയായിരുന്ന സൈനുല്‍ ആബിദിന്റെ പിതാവ് കെ.എ.മുഹമ്മദ് കുഞ്ഞി വിചാരണയ്‌ക്ക് മുന്‍പ് കര്‍ണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇത് പ്രോസിക്യൂഷന്‍ കേസിനെ സാരമായി ബാധിച്ചു.

അന്വേഷണ ഘട്ടത്തില്‍ ദൃക്സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞിരുന്നെങ്കിലും, വിചാരണയ്‌ക്ക് മുന്‍പ് അദ്ദേഹം മരിച്ചതിനാല്‍ ഈ മൊഴി കോടതിയില്‍ തെളിവായി പരിഗണിക്കാന്‍ നിയമപരമായി സാധിക്കില്ല. കൂടാതെ, പ്രതികളെ തിരിച്ചറിയല്‍ പരേഡ് നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ കൃത്യമായി കോടതിയില്‍ തെളിവായി സ്വീകരിക്കാനും കഴിഞ്ഞില്ല. ശാസ്ത്രീയ തെളിവുകളുടെ അഭാവവും പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി മാറി. നിയമത്തിന്റെ ഈ പഴുതുകളാണ് പ്രതികള്‍ക്ക് തുണയായത്.

അന്വേഷണ ഘട്ടത്തില്‍ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്തിമ വിചാരണയ്‌ക്കുള്ളില്‍ അദ്ദേഹം മരണപ്പെട്ടത് പ്രതികള്‍ രക്ഷപ്പെടാനുള്ള വലിയ കാരണമായെന്ന് പ്രോസിക്യൂട്ടര്‍ സന്തോഷ് വ്യക്തമാക്കി. അന്നത്തെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ടി.പി.രഞ്ജിത്ത്, സിഐ പി.കെ.സുധാകരന്‍, എസ്‌ഐ എം.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. സിഐ പി.കെ.സുധാകരനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.