
പത്തനംതിട്ട: നവീകരിച്ച അരവണ പ്ലാന്റില് ബുധന് മുതല് നിര്മാണം ആരംഭിച്ചെങ്കിലും സീസണ് മുമ്പായി 75 ലക്ഷം കണ്ടെയ്നര് അരവണ നിര്മിക്കാന് കഴിയുമോ എന്നത് സംശയം. തുലാമാസ പൂജയ്ക്കായി ഇന്ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. നിലവില് അരവണ കരുതല് ശേഖരമില്ല.
ആറ് ലക്ഷം മുതല് ഒന്പത് ലക്ഷം ടിന് വരെ അരവണ മാസപൂജയ്ക്ക് ആവശ്യമെന്നാണ് ബോര്ഡിന്റെ നിഗമനം. കഴിഞ്ഞ തുലാമാസത്തില് ആറ് ലക്ഷം ടിന് അരവണയാണ് ചെലവായത്.
പ്ലാന്റ് നവീകരണ ശേഷം പ്രതിദിനം ഒന്നര ലക്ഷം ടിന് അരവണയാണ് നിര്മിക്കുന്നത്. 20ന് ശേഷം പ്ലാന്റ് പൂര്ണ ഉത്പാദന ശേഷിയിലേക്ക് എത്തുമെന്ന് അധികൃതര് പറയുന്നു. അപ്പോള് പ്രതിദിനം 3.25 ലക്ഷം മുതല് 3.65 ലക്ഷം വരെ ടിന് അരവണ നിര്മിക്കാന് സാധിക്കുമെന്നാണ് കരുതുന്നത്. ഉത്പാദന ലക്ഷ്യം കൈവരിച്ചാല് തന്നെ കേവലം 17 ദിവസത്തിനുള്ളില് 75 ലക്ഷം കണ്ടെയ്നര് അരവണ സംഭരിക്കാന് പറ്റുമോ എന്നതാണ് സംശയം.
അരവണ നിര്മാണത്തിന് ശര്ക്കര വേണം. നേരത്തെ ഒരു ലക്ഷം കിലോ ശര്ക്കരയാണ് കരുതല് ശേഖരമായി ഉണ്ടായിരുന്നത്. ഇപ്പോള് അതിന്റെ പാതി പോലുമില്ല. ശര്ക്കര എത്തിക്കാനുള്ള ചര്ച്ചകള് പൂര്ത്തിയായിട്ടില്ല. ഇതും അരവണ നിര്മാണത്തെ ബാധിക്കാന് സാധ്യതയുണ്ട്. തുലാമാസ പൂജകള്ക്കും മണ്ഡല തീര്ത്ഥാടന കാലത്തേക്കുമായി പമ്പയില് 15 ടണ് അരി ഉള്പ്പെടെയുള്ള സാധനങ്ങള് എത്തിച്ചിട്ടുണ്ട്.