
ബംഗളൂരു: ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ വിവാദ പരാമര്ശങ്ങളെ വിമര്ശിച്ച് സോഷ്യല് മീഡിയ പോസ്റ്റിട്ടതിന്റെ പേരില് ബിജെപി മുന് ഐടി സെല് കണ്വീനര് അമിത് മാളവ്യയ്ക്കെതിരെ രജിസ്റ്റര് ചെയ്ത എഫ്ഐആര് കര്ണാടക ഹൈക്കോടതി റദ്ദാക്കി.
2025 മെയ് 20-ന് എക്സില് അമിത് മാളവ്യ ഇട്ട ഒരു പോസ്റ്റില് ഒരു മുഖത്തിന്റെ പകുതി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടേതും ബാക്കി പാക് ആര്മി ചീഫ് അസിം മുനീറിന്റേതുമായിരുന്നു. പഹല്ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള രാഹുല് ഗാന്ധിയുടെ പരാമര്ശത്തെ ചിത്രീകരിക്കുകയായിരുന്നു ഈ പോസ്റ്റില്. രാഹുല് ഗാന്ധി പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തുകയും ചെയ്തു.
ഓപ്പറേഷന് സിന്ദൂറില് രാഹുല് ഗാന്ധി പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കാത്തത് പാകിസ്ഥാന് നല്കാവുന്ന പരമോന്നത സിവിലിയന് ബഹുമതി ലക്ഷ്യമിട്ടാണോയെന്നും പോസ്റ്റില് ആരാഞ്ഞിരുന്നു.
ഈ പോസ്റ്റ് പ്രകോപനപരമാണെന്നും രാഹുല് ഗാന്ധിക്കും കോണ്ഗ്രസ് പാര്ട്ടിക്കും എതിരായുള്ളതാണെന്നും ആരോപിച്ച് കോണ്ഗ്രസ് നല്കിയ പരാതിയിലാണ് കര്ണ്ണാടക പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്.
തന്റെ പോസ്റ്റ് രാഷ്ട്രീയ പ്രസംഗത്തിന്റെയും പൊതുതാല്പ്പര്യമുള്ള വിഷയത്തെക്കുറിച്ചുള്ള വിമര്ശനത്തിന്റെയും ഭാഗമാണെന്ന് അമിത് മാളവ്യ വാദിച്ചു. 2025 മെയ് 22-ന്, അമിത് മാളവ്യയ്ക്കെതിരായ ആരോപണങ്ങള് ബിഎന്എസ് പ്രകാരം കുറ്റകൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ് റാച്ചിയ സ്റ്റേ ചെയ്തിരുന്നു. തുടര്ന്ന് ഇന്ന് ജസ്റ്റിസ് എം നാഗപ്രസന്ന കേസ് പൂര്ണ്ണമായും റദ്ദാക്കുകയായിരുന്നു.