Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പൂജ, ദസറ ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ രണ്ട് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം നോര്‍ത്ത്–സന്ത്രഗാച്ചി, ബെംഗളൂരു കന്റോണ്‍മെന്റ്-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകളിലേക്കുള്ള മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു.

തിരുവനന്തപുരം–സന്ത്രഗാച്ചി പ്രത്യേക ട്രെയിന്‍ 06105 നമ്പര്‍ തിരുവനന്തപുരം നോര്‍ത്ത്–സന്ത്രഗാച്ചി എക്‌സ്പ്രസ് സ്‌പെഷല്‍ 15 വ്യാഴം ഉച്ചയ്‌ക്ക് 2.15ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെട്ട് 17 ശനി ഉച്ചയ്‌ക്ക് 1.45ന് സന്ത്രഗാച്ചിയിലെത്തും. മടക്കയാത്രയില്‍ 06106 നമ്പര്‍ സന്ത്രഗാച്ചി–തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷല്‍ ഒക്ടോബര്‍ 18 ഞായര്‍ ഉച്ചയ്‌ക്ക് 2.15ന് പുറപ്പെട്ട് 20 ചൊവ്വ രാവിലെ 9.55ന് തിരുവനന്തപുരം നോര്‍ത്തിലെത്തും.

ബെംഗളൂരു-തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ 06575 നമ്പര്‍ ബെംഗളൂരു കന്റോണ്‍മെന്റ്–തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷല്‍ 16 വെള്ളി വൈകിട്ട് 4.40ന് പുറപ്പെട്ട് 17 ശനി രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തിലെത്തും.

മടക്കയാത്രയില്‍ 06576 നമ്പര്‍ തിരുവനന്തപുരം നോര്‍ത്ത്–ബെംഗളൂരു കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷല്‍ 17 ശനി ഉച്ചയ്‌ക്ക് 12.40ന് പുറപ്പെട്ട് 18 ഞായര്‍ രാവിലെ ആറിന് ബെംഗളൂരു കന്റോണ്‍മെന്റിലെത്തും.

നാല് ത്രീടയര്‍ എ.സി കോച്ചുകള്‍, ആറ് സ്ലീപ്പര്‍ കോച്ചുകള്‍, എട്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് ജനറേറ്റര്‍ കാറുകള്‍ എന്നിവയാണ് ഈ ട്രെയിനിലുണ്ടാകുക.