Kerala

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ ഇടിച്ച് രണ്ട് യുവതികളും യുവാവും കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സുഹൈല്‍ ജാമ്യാപേക്ഷ നല്‍കിയത്.

അതേസമയം, കാര്‍ മത്സരയോട്ടം നടത്തിയോ എന്നതില്‍ അടക്കം വ്യക്തത തേടാന്‍ സുഹൈലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.അമിതമായി മദ്യം കഴിച്ച് മൂന്ന് പേരെ മിനി കൂപ്പര്‍ ഇടിച്ച് കൊന്ന കേസില്‍ സുഹൈല്‍ സജീവും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളും നിലവില്‍ ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡിലാണ്.

എറണാകുളം റൂറല്‍ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.സുഹൈല്‍ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യ ലഹരിയിലാണ് സുഹൈല്‍ കാര്‍ ഓടിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.കാര്‍ മത്സരയോട്ടം നടത്തിയോ എന്നതിലടക്കം വ്യക്തത തേടണമെന്നും ജാമ്യത്തില്‍ വിട്ടാല്‍ പണവും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം,പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണ് എന്നാണ് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്.ബോസ്റ്റല്‍ സകൂളില്‍ പാര്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.എന്നാല്‍ ആക്ഷേപങ്ങളെല്ലാം പൊലീസ് തള്ളി.ബോസ്റ്റല്‍ സകൂളിലേക്കയച്ചത് കോടതിയാണ്. പതിനെട്ടിനും 21 ഇടയില്‍ പ്രായമുളളവരെ കുറ്റം ചെയ്താല്‍ നിയമപ്രകാരം ബോസ്റ്റല്‍ സ്‌കൂളിലാക്കാം. എഫ്‌ഐആറില്‍ പേരില്ല എന്ന വിമര്‍ശനവും ശരിയല്ല. എഫ് ഐ ആര്‍ പ്രാഥമിക നടപടി മാത്രമാണ്.അന്വേഷണം നടത്തി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

 

Recent Posts