
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജസ്റ്റിസ് കെ നടരാജന്‍ , ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ കേസ് നാളെ ലിസ്റ്റ് ചെയ്‌തേക്കും.
ഇഡി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റിസ് ബദറുദീന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സിംഗിള്‍ ബെഞ്ചിന് മുമ്പാകെയുള്ള നടപടികളില്‍ തങ്ങളെ കക്ഷികളാക്കുകയോ, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പിണറായി അടക്കമുളളവര്‍ അപ്പീലില്‍ പറയുന്നു.