
പൂനെ: വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതില്‍ വിദ്യാഭ്യാസത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അതുല്‍ ലിമയെ. വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം, സ്വഭാവ വികസനം, സംവേദനക്ഷമത എന്നിവ വളര്‍ത്തിയെടുക്കണം. ഇതിനായി, ഭാരതീയ വിജ്ഞാന പാരമ്പര്യങ്ങളും കാഴ്ചപ്പാടുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്താന്‍, മറ്റുള്ളവര്‍ക്കുള്ളവര്‍ക്കായി കാത്തിരിക്കുകയല്ല, ഓരോരുത്തരും മുന്‍കൈ എടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എസ്പി കോളജ് കാമ്പസിലെ ഭാവുസാഹെബ് ചിതലെ സഭാഗൃഹത്തില്‍ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സംഘടിപ്പിച്ച നവോന്മേഷ അധ്യയന്‍ മണ്ഡല്‍ സംവാദ പരിപാടിയില്‍, സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.
ദേശീയ മാതൃകകളെ തമസ്‌കരിച്ചതാണ് പൂര്‍വകാല കാമ്പസുകളുടെ ചരിത്രം. സ്വാമി വിവേകാനന്ദന്‍, ഛത്രപതി ശിവാജി തുടങ്ങിയ ദേശീയ നേതാക്കളെയും മാതൃകകളെയും കുറിച്ച് പഠിപ്പിക്കുന്നതിനുപകരം ഇടതുപക്ഷ ആശയങ്ങള്‍ കുത്തിനിറയ്‌ക്കുകയാണ് ചെയ്തിരുന്നതെന്ന് അതുല്‍ ലിമയെ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം പക്ഷപാതരഹിതവും നിഷ്പക്ഷവുമായിരിക്കണം. പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍, ആദ്യം ചെയ്യേണ്ടത് ആവശ്യമില്ലാത്തതെന്ത് എന്ന് കണ്ടെത്തുകയാണ്. അടുത്ത പടി ഉള്‍പ്പെടുത്തേണ്ടവയെപ്പറ്റി തീരുമാനമെടുക്കുകയും. ചരിത്രം, പരിസ്ഥിതി, ശാസ്ത്രം, രാഷ്‌ട്രതന്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഭാരതീയമായ അറിവും കാഴ്ചപ്പാടുകളും ഉള്‍പ്പെടുത്തണം.
ഓരോ വിഷയത്തിനും വിദഗ്ധരുള്‍പ്പെടുന്ന സ്വതന്ത്ര പഠന ഗ്രൂപ്പുകള്‍ രൂപീകരിക്കണം. ഭാരതീയ ഭാഷകളിലൂടെ സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഊന്നല്‍ നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സമൂഹം നേരിടുന്ന യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളെക്കുറിച്ച് പ്രായോഗികപദ്ധതികള്‍ അവതരിപ്പിക്കണം. വിദ്യാഭ്യാസ മേഖലയിലെ മികച്ച പരീക്ഷണങ്ങളും നൂതനാശയങ്ങളും സമാഹരിച്ച് ഡാറ്റാ ബാങ്ക് സൃഷ്ടിക്കണമെന്ന് അതുല്‍ ലിമയെ നിര്‍ദേശിച്ചു.
ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ പശ്ചിമ മഹാരാഷ്‌ട്ര സംസ്ഥാന അധ്യക്ഷന്‍ രവികുമാര്‍ ചിറ്റ്‌നിസ്, അഖില ഭാരതീയ സംഘടനാ സെക്രട്ടറി ബി.ആര്‍. ശങ്കരാനന്ദ് എന്നിവര്‍ സംസാരിച്ചു.