
കൊച്ചി : ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയയുടെ പൂർണ ചെലവും ഉത്തരവാദിത്തവും ഏറ്റെടുത്ത് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീശങ്കർ എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും ഒളിമ്പിക്‌സ് സ്വപ്നങ്ങളിലേക്ക് പൂർണ പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഒപ്പമുണ്ടെന്നും സുരേഷ് ഗോപി കുറിച്ചു.
ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് താരത്തിന്റെ ലിഗമെന്റ് റീകൺസ്ട്രക്ഷൻ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്‌പോർട്‌സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുക. പരിക്കുകൾ കായികപ്രതിഭകൾക്ക് മുന്നിൽ തടസ്സമാകരുതെന്നും, വേഗത്തിൽ സുഖം പ്രാപിച്ച് താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി കുറിച്ചു