
ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി അംബാനിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തോടെ വിളിച്ചുപറഞ്ഞ് അമേരിക്കയിലെ ബിസിനസുകാരന്‍ ഇലോണ്‍ മസ്ക്. അതിന് ഇലത്താളമടിച്ച് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സിജെപിയും കോണ്‍ഗ്രസും മോദി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ഇന്ത്യയ്‌ക്ക് ആഘാതമുണ്ടാക്കുന്ന നീക്കങ്ങള്‍ അമേരിക്കയില്‍ നിന്നും ഉണ്ടാകുന്നത്. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ഇന്ത്യയിലെ ഇന്‍ഫോസിസും ടിസിഎസും ഉള്‍പ്പെടെയുള്ള എട്ട് ഐടി ബിസിനസുകള്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കേണ്ടെന്ന തീരുമാനം. ഇതും മോദി സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെ അമേരിക്ക നടത്തിയ നീക്കമാണ്. ഇതെല്ലാം മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അല്ലെങ്കില്‍ ഉപഗ്രഹ ഫോണിനായുള്ള അപേക്ഷയ്‌ക്ക് അഞ്ച് വര്‍ഷം കാത്തിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ റിലയന്‍സിന്റെ ഉടമ അംബാനിയെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് വിളിക്കാനുള്ള ധൈര്യം ഇലോണ്‍ മസ്കിന് എവിടെ നിന്നാണ് കിട്ടിയത്. ഇലോണ്‍ മസ്ക് പരിഹസിച്ച ഉടനെ മസ്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതും ഇന്ത്യയെ തകര്‍ക്കാനുള്ള അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പദ്ധതിയില്‍ രാഹുല്‍ഗാന്ധി ഭാഗഭാക്കാണെന്നതിന്റെ സൂചന തന്നെയാണ്.
എതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മോദി ശ്രമിച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത നേതാവാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ വർഷം മാധ്യമങ്ങളോട് സംസാരിക്കവെ, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ പ്രധാനമന്ത്രി മോദിയുടെ “സൗഹൃദം വിലയ്‌ക്കുവാങ്ങാനുള്ള നീക്കം” എന്നാണ് വിശേഷിപ്പിച്ചത്. “മിസ്റ്റർ മസ്കിനെ സന്തോഷിപ്പിക്കുന്നതിലൂടെ മിസ്റ്റർ ട്രംപിനെയും സന്തോഷിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്…” എന്നും ജയറാം രമേശ് പറഞ്ഞിരുന്നു.