News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് നാലുമാസം മാത്രമുള്ള ഉത്തരാഖണ്ഡിലും കോൺഗ്രസ് പാർട്ടിയിൽ പ്രശ്‌നങ്ങൾ. പഞ്ചാബിൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചത് ഇപ്പോൾത്തന്നെ തകർന്ന പഞ്ചാബിലെ പാർട്ടിയെ കൂടുതൽ ക്ഷീണിപ്പിച്ചിരിക്കുകയാണ്. യുപിയിൽ സമാജ് വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചോദിച്ച 150 സീറ്റ് തരാനാവില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരിക്കുകയാണ്. അതിനിടെയാണ് ഉത്തരാഖണ്ഡിലെ പുതിയ പ്രതിസന്ധി.
സംസ്ഥാനത്തെ പാർട്ടി നേതാക്കളുടെ എതിർപ്പുകൾക്കിടയിലും മുൻ മുഖ്യമന്ത്രി ഹരീഷ് സിംഗ് റാവത്ത് തിങ്കളാഴ്ച തന്റെ ജനസമ്പർക്ക പരിപാടിയായ ‘ജൻ സംവാദ് യാത്ര’ ആരംഭിച്ചതാണ് ഇതിന് കാരണം.

എതിർപ്പുകൾ അവഗണിച്ച്, ജസ്പൂരിൽ നിന്ന് റാവത്ത് യാത്ര ആരംഭിച്ചു. ”ധന്യവാദ് ഏവം ജൻ സംവാദ് യാത്ര’യുടെ ഈ ഘട്ടത്തിൽ ഇനി പിന്മാറ്റമില്ല. ഉണരുക, മുന്നോട്ട് നീങ്ങുക… നമുക്ക് സംസ്ഥാനത്ത് മാറ്റം കൊണ്ടുവരണം, കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കണം,’ എന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, വ്യക്തിപരമായ പ്രചാരണ പരിപാടികൾ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം റാവത്തിനെ അറിയിച്ചിട്ടുണ്ട്. യാത്ര സംബന്ധിച്ച തീരുമാനത്തിൽ പുനശ്ചിന്ത നടത്തണമെന്ന് ആവശ്യപ്പെട്ട് റാവത്തിന് കത്തെഴുതിയതായി ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള പാർട്ടി നേതാവ് കുമാരി സെൽജ പറഞ്ഞു.

കോൺഗ്രസിന് അതിന്റേതായ പ്രവർത്തനരീതിയുണ്ടെന്നും പാർട്ടിയിൽ ആർക്കും വ്യക്തിപരമായ അജണ്ട പാടില്ലെന്നും ലോക്‌സഭാ അംഗവും മുൻ കേന്ദ്രമന്ത്രിയുമായ സെൽജ പറഞ്ഞു. ‘പാർട്ടിയും ഹൈക്കമാൻഡും എന്താണ് പറയുന്നതെന്ന് അദ്ദേഹം ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു; എങ്കിലും അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗം അവതരിപ്പിക്കും, ഞങ്ങൾ അത് കേൾക്കും. അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കട്ടെ, തുടർന്ന് നമുക്ക് കാര്യങ്ങൾ പരിശോധിക്കാം,’ അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

റാവത്തുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൂടിക്കാഴ്ച നടത്തി.
തുടർന്ന്, കോൺഗ്രസിന്റെ പ്രശ്‌നപരിഹാര ചുമതലയുള്ള വേണുഗോപാൽ റാവത്തിനെ നേരിൽ കണ്ട്, വ്യക്തിപരമായ പ്രചാരണ പരിപാടികൾ പാർട്ടി അനുവദിക്കില്ലെന്ന് അറിയിച്ചു.

Recent Posts