Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പേട്ട പോലീസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ചിനിടെ ബാരിക്കേടിൽ കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ കൈ വിരൽ അറ്റു. ചാക്ക സ്വദേശി വിവേകിനാണ് പരിക്കുപറ്റിയത്. വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻറെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയാണ് സംഭവം ഉണ്ടായത്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് പിന്നാലെ തിരുവനന്തപുരത്ത് പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വെല്ലുവിളികളും ഇതിനെത്തുടർന്നുള്ള സംഘർഷങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ എസ്ഐ ഗോകുൽ ഭീഷണിപ്പെടുത്തിയത് വൻ വിവാദമായിരുന്നു.യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് ലാത്തിച്ചാർജിൽ എസ്ഐ ഗോകുലും കൻറോൺമെൻറ് സിഐ സതീഷ് കുമാറും എസ്എഫ്ഐ പ്രവർത്തകരെ വ്യക്തിപരമായി വിദ്വേഷം തീർക്കുന്ന രീതിയിൽ അ‌തിക്രമിച്ചു എന്നാണ് എസ്എഫ്ഐ നിലപാട്.

ഇതിനെത്തുടർന്ന് ഇരുവർക്കുമെതിരേ എസ്എഫ്ഐ പ്രതിഷേധങ്ങൾ നടത്തുന്നതിനിടയിലാണ്, തന്റെ വീട്ടിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയാൽ നന്ദനെ പാർട്ടി ഓഫീസിൽ കയറി എടുക്കും എന്ന് എസ്ഐ ഗോകുൽ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.എസ്ഐയുടെ ഭീഷണിയെത്തുടർന്ന് സിപിഎം അ‌തൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും എസ്ഐയുടെയും സിഐയുടെയും വീടുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുമായിരുന്നു.

പത്താം തീയതി വരെ സമയം സർക്കാരിന് നൽകുമെന്നും അതിനുള്ളിൽ സിഐ സതീഷ് കുമാറിനെ സ്റ്റേഷനിൽ നിന്ന് മാറ്റിയില്ലെങ്കിൽ അനിശ്ചിത കാലസമരവുമായി എസ്എഫ്ഐ കൻറോൺമെൻറ് സ്റ്റേഷൻറെ മുന്നിലെത്തും എന്നാണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ പ്രതിഷേധക്കാരുടെ നിലപാട്. എസ്എഫ്ഐക്ക് എതിരായ ഭീഷണിയിൽ എസ്ഐക്ക് എതിരേ വകുപ്പുതല നടപടി ഉണ്ടായേക്കും എന്ന് അ‌ഭ്യൂഹമുണ്ട്.

Recent Posts