
മലപ്പുറം ; കേരളത്തിൽ അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് മന്ത്രി കെ.എം ഷാജി . സിപിഎം നേതാവ് പി. നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധപരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ.എം ഷാജി. സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്നും അവരുടെ ഉള്ളിലുള്ള ധാരണ പുറത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘മതമൗലികവർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല’ എന്നായിരുന്നു പൊന്നാനി മുൻ എംഎൽഎ കൂടിയായ നന്ദകുമാറിന്റെ കഴിഞ്ഞദിവസത്തെ പരാമർശം.
‘കേരളത്തിൽ അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാട് കൂടിയാണ് മലപ്പുറം. നന്ദകുമാറിന്റെ പരാമർശം ആയാൾ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ വർഗീയരീതിയാണ്. അതിനെ മുസ്ലീം വിരുദ്ധം എന്നൊക്കെ പറഞ്ഞിട്ട് മാർക്കറ്റ് ചെയ്യുന്നതിനോട് താൽപര്യമില്ല.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ ഉൾപ്പെടെ സിപിഎം തോറ്റു. എന്നുവെച്ച് അവിടെയുള്ള ആളുകളെല്ലാം വെട്ടും കുത്തും തൊഴിലാക്കിയവരാണ് എന്ന് പറയാൻ കഴിയുമോ. അങ്ങനെ പറഞ്ഞാൽ എത്രമാത്രം അബദ്ധമാകും അത്. കണ്ണൂരിൽ എത്ര നല്ല മനുഷ്യരുണ്ട്. സിപിഎമ്മിന് സ്വാധീനമുള്ളത് കൊണ്ട് ആ നാട് മോശമെന്ന് പറയാൻ കഴിയുമോ ?
പിണറായി വിജയനിൽനിന്നും അദ്ദേഹത്തിന്റെ കൂട്ടരിൽനിന്നും പാർട്ടി ഇപ്പോഴും മോചിതരായിട്ടില്ല. അദ്ദേഹത്തെ കാണുമ്പോൾ മുട്ടുവിറക്കുന്ന അഭിപ്രായങ്ങൾ മാറ്റുന്ന സഖാക്കൾ ഇപ്പോഴും മാറിയിട്ടില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി.