
തിരുവനന്തപുരം : ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിൻവലിച്ചേക്കുമെന്ന് സൂചന. വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജി പ്രഖ്യാപിച്ചു പങ്കുവെച്ച സന്ദേശം ഇവർ ഡിലീറ്റ് ചെയ്തു. വിഷയത്തിൽ ആർ. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
നേരത്തെ മേയർക്ക് രാജി സമർപ്പിച്ചെങ്കിലും നഗരസഭ സെക്രട്ടറിക്ക് രാജി കത്ത് നൽകിയിരുന്നില്ല. സെപ്റ്റംബർ 30-നാണ് താൻ സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി വി.വി. രാജേഷിന് കത്ത് നൽകിയതെന്നും, അതിന്റെ പകർപ്പ് തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് നൽകുമെന്നും ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ രാവിലെ 11.52-ഓടെയാണ് അവർ സന്ദേശമയച്ചത്.
സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ, പോലീസിൽ നിന്ന് ഡിജിപി റാങ്കിൽ വിരമിച്ച ശേഷമാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ടു.