
കോട്ടയം: ശുചിത്വം ജനകീയ പങ്കാളിത്ത പ്രസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി റബർ ബോർഡിന്റെ നേതൃത്വത്തിൽ കോട്ടയത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങളും ശുചിത്വബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
റബർ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ മാവിൻതൈ നട്ട് ശുചീകരണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം റബർ ബോർഡ് ചെയർമാൻ എൻ. ഹരി നിർവഹിച്ചു. എല്ലാ വ്യക്തികളിലും ശുചിത്വ അവബോധം സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഇക്കൊല്ലത്തെ ശുചിത്വ വാരാചരണം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിശുചിത്വത്തോടൊപ്പം സ്ഥാപനങ്ങളിലെ ശുചിത്വവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനും വാരാചരണത്തിൽ പ്രാധാന്യം നൽനൽകണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് ഒരാഴ്ചക്കാലം പരിപാടി ആചരിക്കുന്നത്. വ്യക്തി ശുചിത്വത്തോടൊപ്പം സ്ഥാപനവും ഓഫീസും പ്രത്യേകിച്ച് ഇരിപ്പിടവും ടേബിളും ഉൾപ്പെടെ വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഓഫീസ് പരിസരം വൃത്തിയായി സൂക്ഷിക്കുക, അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യുക, രേഖകളും ഫയലുകളും ക്രമീകരിക്കുക, ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് മുൻഗണന.
സബ് ജയിലിൽ മുന്നിൽ പൂന്തോട്ടം
റബർ ബോർഡ് ആസ്ഥാനത്തുനിന്ന് കോട്ടയം സബ് ജയിൽ പരിസരം വരെയാണ് ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സബ് ജയിലിന് സമീപത്തെ പ്രദേശം വൃത്തിയാക്കി. ജയിലിനു മുന്നിൽ അലങ്കാരച്ചെടികളുടെ പൂന്തോട്ടം ഒരുക്കി. സി.എം.എസ്. കോളേജ്, ബി.സി.എം. കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ്. വോളണ്ടിയർമാരും റബർ ബോർഡ് ഉദ്യോഗസ്ഥരും ജീവനക്കാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
രാവിലെ ഏഴിന് നടന്ന പരിപാടിയിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്ത ഗേശൻ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ഈ ദിവസത്തിൻറെ പ്രാധാന്യം ജീവിതത്തിൽ ഉടനീളം ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളുടെ ശുചീകരണം, മാലിന്യനിർമാർജനം, പരിസരസംരക്ഷണം എന്നിവയ്‌ക്കൊപ്പം സ്ഥാപനത്തിനകത്തെ ശുചിത്വവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള നടപടികളും ഒരാഴ്ച നീളുന്ന ‘സ്വച്ഛതാ ഹി സേവ’ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കും.
തുടർന്നുള്ള ദിവസങ്ങളിൽ റബർ ബോർഡ് ആസ്ഥാനം കേന്ദ്രീകരിച്ച് ഫയൽ തീർപ്പാക്കൽ, ഓഫീസ് മുറികളുടെ ശുചീകരണം, അനാവശ്യ വസ്തുക്കളുടെ നീക്കം, പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശാനുസരണം ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചിത്വം ജീവിതശൈലിയുടെ ഭാഗമാക്കുകയും പൊതുസ്ഥലങ്ങളുടെ സംരക്ഷണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി രാജ്യവ്യാപകമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.