Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

Published by
ഡോ. കെ.എസ്. രാധാകൃഷ്ണന്‍

കേരളത്തിന്റെ ആധ്യാത്മിക ചൈതന്യത്തെ ജനകീയ ഉത്സവമാക്കി മാറ്റാനായി സ്വജീവിതം സമര്‍പ്പിച്ച മനീഷിയാണ് എംഎ സാര്‍. ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിച്ച ഭാസ്‌കര്‍ റാവുജിയ്‌ക്കുണ്ടായിരുന്ന സര്‍വസ്വീകാര്യതയാണ് സംഘത്തിന് ബലമുള്ള അടിത്തറ പാകിയത്. ആ അടിത്തറയെ വിപുലമാക്കാനും സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും പരിശ്രമിച്ച ആദ്യകാല നേതാക്കളാണ് പി. പരമേശ്വരന്‍ എന്ന പരമേശ്വര്‍ജി, ആര്‍. ഹരി എന്ന ഹരിയേട്ടന്‍, എം.എ. കൃഷ്ണന്‍ എന്ന എംഎ സാര്‍. തന്ത്രവിദ്യാ പീഠം സ്ഥാപിച്ച് അബ്രാഹ്‌മണര്‍ക്കും തന്ത്രവിദ്യ വഴങ്ങും എന്ന് തെളിയിച്ച മാധവ്ജിയുടെ കര്‍മധീരത അനുപമം തന്നെയാണ്. കേരളത്തിലെ നവോത്ഥാനത്തിന്, അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്‌ക്ക് ശേഷം ലഭിച്ച മഹത്തായ സംഭാവനയാണ് ആലുവയിലെ തന്ത്രവിദ്യാ പീഠം. എന്നാല്‍, ആദ്യം പറഞ്ഞ മൂന്ന് പേരാണ് ആര്‍എസ്എസിന് കേരളത്തില്‍ ധൈഷണികവും സാംസ്‌കാരികവും സാഹിത്യപരവുമായ സ്വീകാര്യത നേടാന്‍ സര്‍ഗാത്മക നേതൃത്വം നല്‍കിയത്.

മലയാളിയുടെ ആത്മീയ ജീവിതത്തിന്റെ ആധാരശിലയാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. ഈ രാമായണ പാരായണത്തെ ജനകീയമാക്കി എന്ന് മാത്രമല്ല, രാമായണ തത്ത്വവിചാരത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതിനും എം.എ. സാര്‍ നേതൃത്വം നല്‍കിയ കര്‍ക്കടകത്തിലെ രാമായണമാസാചരണം നിമിത്തമായി. ഇന്ന് രാമായണ കഥാസന്ദര്‍ഭങ്ങളും രാമായണ തത്ത്വവിശകലനങ്ങളും സര്‍വസാധാരണമായി മാറിയതിന് നാമെല്ലാം എം.എ. സാറിനോട് കടപ്പെട്ടിരിക്കുന്നു. രാമനും കൃഷ്ണനുമില്ലാതെ ഭാരതത്തില്‍ സംഗീതം, സാഹിത്യം, നാടകം, നൃത്തം, ശില്പകല, ചിത്രകല എന്നിവയൊന്നും നിലനില്‍ക്കില്ല എന്ന് ഇതേക്കുറിച്ച് പഠിക്കുന്ന ആര്‍ക്കും അറിയാന്‍ സാധിക്കും. എന്നാല്‍, എന്റെ ചെറുപ്പകാലത്ത് ‘രാമായണം കത്തിക്കണം’ എന്ന് കേശവദേവ് നടത്തിയ ആഹ്വാനം മുഴങ്ങിക്കേട്ടിരുന്നു. ജാതി-മത ശക്തികളുടെ ബലാബല നിര്‍ണയമാണ് കേരളത്തിലെ രാഷ്‌ട്രീയ-സാമൂഹിക സംസ്‌കൃതി രൂപപ്പെടുത്തിയത്. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അധികാരലബ്ധിയാണ് കേരളം ഇടതുപക്ഷമാണെന്ന തെറ്റായ ധാരണയുണ്ടാക്കിയത്. ഇടത് പുരോഗമനക്കാര്‍ അപ്പോള്‍ നിര്‍മിച്ച വ്യാജനിര്‍മിതിയാണ് ഇടത് ലിബറല്‍ സെക്യുലറിസം എന്ന വിശ്വാസം. പക്ഷേ, ഇടത് ലിബറല്‍ സെക്യുലറിസം എന്നാല്‍ ഹിന്ദുമതനിന്ദ എന്ന നിലയില്‍ പ്രഘോഷിക്കപ്പെട്ട കാലമായിരുന്നു അത്. ഇന്നും ഹിന്ദുമതനിന്ദയാണ് സെക്യുലറിസം എന്ന് പ്രചരിപ്പിക്കുന്ന സാംസ്‌കാരിക നായകരെയും രാഷ്‌ട്രീയക്കാരെയും ഏത് വഴിവക്കിലെ നാല്‍ക്കവലയിലും കാണാന്‍ കഴിയും.

ഗോപിച്ചേട്ടന്‍ എന്ന പത്രാധിപര്‍

ഹൈന്ദവ ജീവിതരീതികള്‍ അവഹേളിക്കപ്പെട്ട കാലം. ഹൈന്ദവ ജീവിതത്തിന്റെ ആധാരഗ്രന്ഥങ്ങള്‍ അധിക്ഷേപിക്കപ്പെട്ട കാലം. ക്ഷേത്രദര്‍ശനം നടത്തുന്നവരെയും രാമായണം വായിക്കുന്നവരെയും, ധൈഷണിക ജീവിതം നയിച്ചിരുന്നവര്‍ എന്ന് അവകാശപ്പെട്ടിരുന്നവര്‍ അപരിഷ്‌കൃതരായി കരുതി അപഹസിച്ചിരുന്ന കാലം. ‘ഒരു ക്ഷേത്രം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും’ എന്ന് പ്രചരിപ്പിച്ചിരുന്ന രാഷ്‌ട്രീയ നേതൃത്വം അധീശത്വം നേടിയിരുന്ന കാലം. രാമായണം, മഹാഭാരതം, ഭാഗവതം, ഹൈന്ദവ ജീവിതരീതി എന്നിവയെ അന്ധവിശ്വാസമായി കരുതി അവമതിച്ചിരുന്ന കാലം. രാമായണവും മഹാഭാരതവും വായിക്കാതെ അവയെ വിമര്‍ശിച്ചിരുന്ന സാഹിത്യനായകര്‍ വാഴുന്ന കാലം. ഹൈന്ദവന്റെ ആത്മവീര്യത്തിനും ആത്മവിശ്വാസത്തിനും ക്ഷതമേറ്റ ആ കാലത്താണ് എം.എ. സാറിന്റെ നേതൃത്വത്തില്‍ കര്‍ക്കടകം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്.

അക്കാലത്ത് അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ അസാമാന്യ ആത്മശുദ്ധിയും ആദര്‍ശബോധവും അര്‍പ്പണബുദ്ധിയും മാത്രം ഉണ്ടായാല്‍ പോരാ, അസാമാന്യമായ ആത്മബലവും വേണം. ആ ആത്മബലം കൊണ്ട് അനുഗൃഹീതനായിരുന്നു കൃശഗാത്രനായിരുന്ന എം.എ. സാര്‍. അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തെ പരിചയവും അടുപ്പവും എനിക്ക് അദ്ദേഹവുമായിട്ടുണ്ട്.

ശ്രീകൃഷ്ണജയന്തി ആഘോഷം ഇന്ന് കേരളത്തിന്റെ ദേശീയ ഉത്സവമാണ്. ബാലഗോകുലമാണ് അതിന്റെ സംഘാടകര്‍. കേസരി വാരികയുടെ പത്രാധിപരായിരിക്കെ ബാലസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എം.എ. സാര്‍ തുടങ്ങിയ പംക്തിയുടെ പേരാണ് ബാലഗോകുലം. ‘ഗോപിച്ചേട്ടന്‍’ എന്ന പേരില്‍ കുട്ടികളായ എഴുത്തുകാരുടെ കൃതികള്‍ വായിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച് അവരെ പ്രോത്സാഹിപ്പിച്ച പത്രാധിപരുമാണ് അദ്ദേഹം. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദരവും അംഗീകാരവും നേടിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളും കേസരിയില്‍ പ്രസിദ്ധീകരിച്ചു. മാത്രമല്ല, അദ്ദേഹത്തിന്റെ കവിതയിലെ നാലുവരി ഉദ്ധരിച്ചുകൊണ്ട് ‘ഈ കുട്ടി ഭാവിയില്‍ വലിയ കവിയായിത്തീരും’ എന്ന് പ്രവചിച്ച നിരൂപകന്‍ കൂടിയായിരുന്നു എം.എ. സാര്‍. ബാലന്റെ കവിതകളെക്കുറിച്ച് ആദ്യം എഴുതപ്പെട്ട നിരൂപണവും അതുതന്നെയായിരിക്കാം.

എം.എ. സാറിന്റെ കൈയൊപ്പ് പതിഞ്ഞ പ്രസ്ഥാനങ്ങള്‍

കൃഷ്ണലീലാമൃത വര്‍ണനകള്‍ ഇന്ന് പ്രചുരപ്രചാരം നേടിയെങ്കില്‍ അതിന്റെ പ്രധാന കാരണം നേതൃനായകനായ എം.എ. സാറിന്റെ കര്‍മമഹിമയാണ്. കേരളത്തിന്റെ ആധ്യാത്മിക ജീവിതത്തിന്റെ നേതൃസ്ഥാനത്ത് ബ്രഹ്‌മാനന്ദ ശിവയോഗിയും ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും വാഗ്ഭടാനന്ദനും കഠിനപ്രയത്‌നം നടത്തിയ കാലമാണ് കേരളീയ നവോത്ഥാനത്തിന്റെ സുവര്‍ണദശ. അയിത്താചരണവും അദ്വൈതവേദാന്തവും ഒരുമിച്ചു പോകില്ല എന്ന് സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും പഠിപ്പിച്ചുകൊണ്ടാണ് ബ്രഹ്‌മാനന്ദ ശിവയോഗി നവോത്ഥാനത്തിന് തുടക്കം കുറിച്ചത്. വേദാധികാരം ജന്മബ്രാഹ്‌മണന്റെ സ്വകാര്യ അവകാശമല്ല എന്നും വിവേകവും ബുദ്ധിയും ശേഷിയും ശേമുഷിയുമുള്ള ആരും വേദാധികാരികളാണെന്നും ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ചു. പ്രപഞ്ചവ്യാപകമായി നിന്നു വിളങ്ങുന്ന ശൈവചൈതന്യത്തെ ഹൃദയശുദ്ധിയും ആത്മശുദ്ധിയുമുള്ള ആര്‍ക്കും പ്രതിഷ്ഠിക്കാമെന്ന് ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഉദ്‌ഘോഷിച്ചു. നന്മയും യുക്തിയും സമ്മതം നല്‍കാത്ത യാതൊന്നും ഒരു ഗ്രന്ഥത്തില്‍ നിന്നും സ്വീകരിക്കാന്‍ ഒരാളും ബാധ്യസ്ഥനല്ല എന്ന് വാഗ്ഭടാനന്ദന്‍ സമര്‍ത്ഥിച്ചു. ഈ സന്ന്യാസികള്‍ വിശുദ്ധമാക്കിയെടുത്ത നവോത്ഥാന ശ്രമങ്ങള്‍ക്ക് മങ്ങലേറ്റപ്പോള്‍ അതിന് ഊര്‍ജം നല്‍കാന്‍ ശ്രമിച്ചവരില്‍ പ്രമുഖനാണ് എം.എ. സാര്‍. സംസ്‌കൃതഭാഷയുടെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമൃതഭാരതി എം.എ. സാറിന്റെ കൈയൊപ്പ് പതിഞ്ഞ പ്രസ്ഥാനമാണ്.
തപസ്യ കലാസാഹിത്യ വേദി എം.എ. സാറിന്റെ മാനസസന്താനമാണ്. കേസരി പത്രാധിപരായിരുന്ന കാലം മുതല്‍ വ്യത്യസ്ത അഭിരുചികളുള്ള എഴുത്തുകാരുമായി സംവദിക്കാന്‍ എം.എ. സാറിന് കഴിഞ്ഞു. തന്റെ അഭിപ്രായത്തോട് വിയോജിക്കുന്നവരുമായി സംവദിക്കാന്‍ അദ്ദേഹം എന്നും താത്പര്യം കാണിച്ചിരുന്നു. സാഹിത്യസംബന്ധിയായ തീരുമാനങ്ങളില്‍ ആശയപരമായ വിയോജിപ്പുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം എന്ന അഭിപ്രായക്കാരനായിരുന്ന പത്രാധിപരായിരുന്നു അദ്ദേഹം. എം.എ. സാറിനോടുള്ള വ്യക്തിബന്ധം കൊണ്ട് പ്രമുഖരായ പല എഴുത്തുകാരും തപസ്യയിലെ പങ്കാളികളായി എന്നതും ഓര്‍ക്കാവുന്നതാണ്.

വിയോജിപ്പുകളുള്ളവരെ അകറ്റി ശത്രുക്കളായി പ്രഖ്യാപിക്കലല്ല, മറിച്ച് വിയോജിപ്പുകളോട് തുറന്ന് സംവദിക്കുന്നതാണ് സംസ്‌കാരം എന്ന് നിര്‍വചിച്ചത് ഭാരതീയ ആര്‍ഷപാരമ്പര്യമാണ്. കനത്ത അനീശ്വരവാദികളായിരുന്ന ചാര്‍വാകന്മാരെയും മാനിക്കണമെന്ന് രാജാവിനെ ഉപദേശിച്ച രാമായണകാവ്യം ഇതിനുദാഹരണമാണ്. ഈ ആര്‍ഷപാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് രാമനെയും കൃഷ്ണനെയും സമകാലിക സമൂഹത്തില്‍ പുനസ്ഥാപിക്കാന്‍ എം.എ. സാര്‍ പരിശ്രമിച്ചത്. ആ ഋഷികര്‍മമാണ് ഇന്ന് രാമായണമാസാചരണമായും ശ്രീകൃഷ്ണജയന്തി ആഘോഷമായും നാം കാണുന്നത്. ജന്മമഹിമ കൊണ്ടല്ല, കര്‍മമഹത്വം കൊണ്ടാണ് ആരും എന്നും എപ്പോഴും ഓര്‍മിക്കപ്പെടുക. എം.എ. സാര്‍ തന്റെ കര്‍മം കൊണ്ട് നമ്മുടെ സമൂഹത്തില്‍ സ്മാരകം നിര്‍മിച്ചിരിക്കുന്നു. അദ്ദേഹത്തിന് അന്ത്യപ്രണാമം അര്‍പ്പിക്കുന്നു.