
കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലെ ബിജെപിസ്ഥാനാര്‍ത്ഥി ഹസിരാനി രഥിന്റെ പ്രായത്തെച്ചൊല്ലി ആക്‌ഷേപമുന്നയിച്ച് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി. ഈ ഘട്ടത്തിലുള്ള ഇടപെടല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുമെന്ന് ജസ്റ്റിസ് കൃഷ്ണ റാവു വിലയിരുത്തി. ഒക്ടോബര്‍ 6 നാണ് ഉപതിരഞ്ഞെടുപ്പ്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലും ഭബാനിപൂരിലും സുവേന്ദു അധികാരി വിജയിച്ചതിനെത്തുടര്‍ന്ന് നന്ദിഗ്രാം സീറ്റ് രാജിവയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പില്‍ ഹസിരാനി രഥിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അടുത്തിടെ കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ അമ്മയാണ് ഹസിരാനി.
സത്യവാങ്മൂലത്തില്‍, രഥിന്റെ പ്രായം പറയുന്നിടത്ത് പിശകുണ്ടെന്നാണ് കോണ്‍ഗ്രസിന്‌റെ വാദം. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കി അംഗീകരിച്ചതാണെന്നും അപ്പോള്‍ ഒരു എതിര്‍പ്പും ഉന്നയിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
സത്യവാങ്മൂലത്തിലെ പിശക് കേവലം അക്ഷരത്തെറ്റ് മാത്രമാണെന്ന് ബിജെപി വാദിച്ചു.