Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: റബർ ടാപ്പിങ്ങിലെ പരമ്പരാഗത സമയക്രമത്തിൽ മാറ്റം വരുത്തുന്നത് കൂടുതൽ റബർ പാൽ ലഭിക്കുന്നതിനും ടാപ്പർമാരുടെ വരുമാനം ഉയർത്തുന്നതിനും സഹായകരമാകുമെന്ന് റബർ ബോർഡ് ഗവേഷണ വിഭാഗം. വൈകുന്നേരം 5 മുതൽ രാത്രി 8.30 വരെ നടത്തുന്ന ടാപ്പിങ് കൂടുതൽ ഫലപ്രദമാണെന്ന് ഗവേഷണത്തിൽ കണ്ടെത്തിയതായി റബർ ബോർഡ് ഗവേഷണ വിഭാഗം ശാസ്ത്രജ്ഞൻ റെജു എം. ജെ. ടാപ്പർമാരുടെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ വിശദീകരിച്ചു.

പകൽ സമയത്ത് നടത്തുന്ന പരമ്പരാഗത ടാപ്പിങ്ങിന് പകരം വൈകുന്നേരം ടാപ്പിങ് നടത്തുന്നതിലൂടെ മരങ്ങളിൽനിന്ന് ലഭിക്കുന്ന റബർ പാലിന്റെ അളവ് വർധിപ്പിക്കാൻ കഴിയുമെന്നാണ് ഇതുവരെയുള്ള ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്. റബർ ബോർഡ് നടത്തിയ പഠനങ്ങളിലാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ. ഉൽപാദനം വർധിപ്പിക്കുക എന്നതിലുപരി ടാപ്പർമാരുടെ തൊഴിൽസാധ്യതകളും വരുമാനവും മെച്ചപ്പെടുത്താൻ കഴിയുന്ന മാതൃക എന്ന നിലയിലും വൈകുന്നേര ടാപ്പിങ് പരിഗണിക്കാമെന്നാണ് വിലയിരുത്തൽ.

വൈകുന്നേര ടാപ്പിങ് പ്രാവർത്തികമാക്കിയാൽ ടാപ്പർമാർക്ക് പകൽ സമയത്ത് മറ്റ് ജോലികളിൽ ഏർപ്പെടാനും സാധിക്കും. നിലവിൽ ടാപ്പിങ് ജോലിയുടെ സമയക്രമം കാരണം മറ്റ് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. അതുവഴി ടാപ്പിങ് തൊഴിലിനെ മാത്രം ആശ്രയിക്കാതെ ഒരേ ദിവസം ഒന്നിലധികം തൊഴിൽ മേഖലകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള സാധ്യതയും തുറക്കും.

ടാപ്പർമാരുടെ സുരക്ഷയുടെ കാര്യത്തിലും സമയമാറ്റത്തിന് പ്രാധാന്യമുണ്ടെന്ന് യോഗത്തിൽ ചർച്ചയായി. പ്രത്യേകിച്ച് റബർ തോട്ടങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണ ഭീഷണി പകൽ സമയത്തെ അപേക്ഷിച്ച് വൈകുന്നേരങ്ങളിൽ കുറയാനുള്ള സാധ്യത.

ടാപ്പിങ് സമയക്രമം പുനഃപരിശോധിക്കുന്നതിനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടി. എന്നാൽ വിവിധ പ്രദേശങ്ങളിലെ വന്യജീവി സാന്നിധ്യം വ്യത്യസ്തമായതിനാൽ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം രീതികൾ വ്യാപകമാക്കാവൂ എന്നതും പ്രധാനമാണ്.

കേരളത്തിലെ റബർ ടാപ്പിങ് മേഖല നേരിടുന്ന തൊഴിലാളിക്ഷാമത്തിന്റെയും പുതുതലമുറയുടെ അകൽച്ചയുടെയും പശ്ചാത്തലത്തിലാണ് ഗവേഷണഫലം ശ്രദ്ധേയമാകുന്നത്. കൂടുതൽ ഉൽപാദനം, കൂടുതൽ വരുമാനം, പകൽസമയത്ത് മറ്റ് തൊഴിൽ, സുരക്ഷിതമായ തൊഴിൽക്രമം എന്നിവ ഒരുമിച്ച് സാധ്യമാക്കാൻ കഴിയുന്ന രീതിയിലേക്ക് ടാപ്പിങ് മേഖലയെ മാറ്റാൻ കഴിയുമോയെന്നതാണ് ഇനി പരിശോധിക്കേണ്ടത്.

ടാപ്പർമാരുടെ സംഘടനാ പ്രതിനിധികളുമായുള്ള റബർ ബോർഡിന്റെ യോഗത്തിലാണ് ഗവേഷണ വിഭാഗം പുതിയ ടാപ്പിങ് സമയക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിച്ചത്. ടാപ്പർമാരുടെ തൊഴിൽ കൂടുതൽ ആകർഷകമാക്കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകളും രീതികളും ടാപ്പർമാരിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നു.

Recent Posts