
ന്യൂദല്‍ഹി: 2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) ഈടാക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി , വി മോഹന എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനോട് ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാട് പൂര്‍ണ്ണമായും സൗജന്യമായി തുടരുമെന്നും ഏകദേശം 96 ശതമാനം വ്യാപാരി ഇടപാടുകളും പുതിയ തീരുമാനത്തിന്‌റെ പരിധിയില്‍ വരില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
വ്യാപാരികള്‍ക്ക് ഈ ചെലവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കുറഞ്ഞ മാര്‍ജിനുള്ള വ്യാപാരികള്‍ യുപിഐ പേയ്‌മെന്റുകള്‍ നിരസിക്കാന്‍ ഇതു കാരണമാവുമെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ച ഒരു ആശങ്ക. അഭിഭാഷകനായ അഞ്ജന്‍ ദത്തയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.