Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നഗോയ: കേരളക്കരയെ ആവേശത്തിലാഴ്‌ത്തി ആന്‍സി സോജന്‍ ഭാരതത്തിനായി വെള്ളി മെഡല്‍ നിലനിര്‍ത്തി. വനിതാ ലോങ് ജംപില്‍ ചൈനീസ് താരം ഷിയോങ് ഷീയിയില്‍ നിന്ന് നേരിട്ട കടുത്ത വെല്ലുവിളിയോട് പൊരുതിയ ആന്‍സിക്ക് രണ്ട് സെന്റീമീറ്റര്‍ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. ആന്‍സി താണ്ടിയ ദൂരം 6.53, ഷിയോങ്ങിന്റേത് 6.55. കഴിഞ്ഞ തവണ ആന്‍സി 6.63 മീറ്റര്‍ ദൂരം കടന്നപ്പോഴും ഇതേ ചൈനീസ് താരമാണ് 6.73 മീറ്ററുമായി മുന്നില്‍ കടന്നത്. ഏഴ് മെഡലുകളാണ് ഭാരതം ഇന്നലെ സ്വന്തമാക്കിയത്, നാല് വെള്ളിയും മൂന്ന് വെങ്കലവും.

അത്‌ലറ്റിക്‌സില്‍ ഇന്നലെ ഭാരതത്തിനായി സര്‍വേശ് കുഷാരെയും വെള്ളി നേടി. മറ്റ് രണ്ട് വെള്ളി നേട്ടങ്ങള്‍ സ്‌ക്വാഷിന്റെ പുരുഷ വനിതാ സിംഗിള്‍സില്‍ നിന്നാണ്. ഹൈജംപി
ല്‍ 2.25 മീറ്റര്‍ ഉയരം കടന്നാണ് സര്‍വേശിന്റെ മെഡല്‍ നേട്ടം. രണ്ട് വനിതാ താരങ്ങള്‍ ട്രാക്കില്‍ നിന്നും ഡെക്കാത്ത്‌ലണില്‍ ഒരു പുരുഷ താരവും വെങ്കലം കണ്ടെത്തി.

വനിതകളുടെ 200 മീറ്ററില്‍ ഹരിത ഭദ്ര 23.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. സിംഗപ്പൂരിന്റെ ശാന്തി പെരെയ്‌റയും ചൈനയുടെ ഷെന്‍ യുജിയും സ്വര്‍ണവും വെള്ളിയും നേടി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ മെഡല്‍ ഉറപ്പായിരുന്ന പാരുള്‍ ചൗധരി ഒമ്പത് മിനിറ്റ് 8.67 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയതാണ് വെങ്കലം സ്വന്തമാക്കിയത്. ബഹ്‌റിന്റെ വിന്‍ഫ്രെഡ് യാവിയും കസാഖിസ്ഥാന്‍കാരി നോറ തനൂയിയും സ്വര്‍ണവും വെള്ളിയും നേടി. ഭാരത താരം അങ്കിത നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പുരുഷ ഡെക്കാത്ത്്‌ലണില്‍ തലേന്ന് ഒന്നാം സ്ഥാനക്കാരനായി നിന്ന ഭാരതത്തിന്റെ തേജസ്വിന്‍ ശങ്കര്‍ ഇന്നലെ ഒരിനത്തില്‍ ഒഴികെ മറ്റ് മത്സരങ്ങളിലെല്ലാം ഏറെ പിന്നാക്കം പോയി. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മാത്രമാണ് മൂന്നാം സ്ഥാനത്തെങ്കിലും എത്താനായത്. ഒടുവില്‍ നടന്ന 1500 മീറ്ററില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് വെങ്കലം സ്വന്തമാക്കിയത്. സ്‌ക്വാഷ് പുരുഷ, വനിതാ ഇനങ്ങളുടെ ഫൈനലില്‍ മത്സരിച്ച അഭയ് സിങ്ങും അനാഹത് സിങ്ങും വെള്ളി കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി സ്‌ക്വാഷില്‍ ഭാരതത്തിന്റെ മിന്നും താരമായിക്കൊണ്ടിരിക്കുന്ന അനാഹത് സിങ്ങിന് കരിയറിലെ മികച്ച നേട്ടമാണ് ഈ മെഡല്‍. അപ്രതീക്ഷിത മുന്നേറ്റവുമായെത്തിയാണ് അഭയ് സിങ്ങ് മെഡല്‍ സ്വന്തമാക്കിയത്.

Recent Posts