Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തൊഴില്‍ മേഖലയില്‍ ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കീഴിലുള്ള നിര്‍ബന്ധിത സ്റ്റാറ്റിയൂട്ടറി വേതന പരിധി നിലവിലുള്ള 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി.

അടിയന്തിര ആവശ്യങ്ങള്‍ക്ക് പിഎഫ് നിക്ഷേപത്തിന്റെ 75 ശതമാനം വരെ പിന്‍വലിക്കാനും അനുമതിയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരമാണ് വര്‍ധന നടപ്പിലാക്കുന്നത്. ഈ വര്‍ധന സപ്തംബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഇപിഎഫ്ഒ തിരുവനന്തപുരം സോണല്‍ ഓഫീസ് റീജിയണല്‍ പി.എഫ്. കമ്മീഷണര്‍ രവികുമാര്‍ എ, ഇപിഎഫ്ഒ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് റീജിയണല്‍ പി.എഫ്. കമ്മീഷണര്‍ ജോണ്‍ സാമുവല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ ജീവനക്കാര്‍ക്ക് ഇപിഎഫ്, ഇപിഎസ്(പെന്‍ഷന്‍), ഇഡിഎല്‍ഐ (ഇന്‍ഷുറന്‍സ്) പദ്ധതികളുടെ ആനുകൂല്യം ഉറപ്പാക്കാന്‍ ഈ നീക്കം വഴിവയ്‌ക്കും. ജീവനക്കാരുടെ വര്‍ധിപ്പിച്ച വിഹിതം അവരുടെ ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8.25 ശതമാനം ഉയര്‍ന്ന പലിശ ഉറപ്പാക്കും.

ഇനി വിഹിതത്തില്‍ നിന്ന് നിശിചിത തുക വേഗത്തില്‍ പിന്‍വലിക്കാന്‍ സാധിക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് വിഹിതത്തിന്റെ 75 ശതമാനം വരെ ഉടന്‍ പിന്‍വലിക്കാം. മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ് നടക്കും. സൈറ്റ്‌സിന്റെ കീഴിലുള്ള പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ 5,00,000 രൂപ വരെയുള്ള ക്ലെയിമുകള്‍ വെറും 3 ദിവസത്തിനുള്ളില്‍ ഓട്ടോ- സെറ്റില്‍ ചെയ്യപ്പെടും.

വര്‍ധിപ്പിച്ച വേതന പരിധിയില്‍ തൊഴിലുടമ ഉയര്‍ന്ന ഇപിഎഫ് വിഹിതം അടയ്‌ക്കേണ്ടി വരും. തൊഴിലുടമകള്‍ക്ക് വരുന്ന ഈ അധിക സാമ്പത്തിക ബാധ്യത കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിഎംവിബിആര്‍വൈ പദ്ധതിയിലൂടെ അവസരമുണ്ട്. ജീവനക്കാരുടെ ആധാര്‍, കെവൈസി വിവരങ്ങള്‍ സമര്‍പ്പിച്ച് മാസം 3,000 രൂപ വരെ ഇന്‍സെന്റീവ് നേടാം. ഈ ആനുകൂല്യം മാനുഫാക്ചറിംഗ് ഇതര മേഖലയ്‌ക്ക് 2 വര്‍ഷത്തേക്കും മാനുഫാക്ചറിംഗ് മേഖലയ്‌ക്ക് 4 വര്‍ഷത്തേക്കും ലഭ്യമാകും.

രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുടമകള്‍ക്ക് ആശ്വാസമേകുന്നതുമാണ് ഈ തീരുമാനം.

Recent Posts