Kerala

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : റിപ്പോട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലില്‍ എത്തിച്ചു വീട് തന്റെ പേരില്‍ അല്ലെന്നും പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്നും . ചോദ്യം ചെയ്യലില്‍ ആന്റോ ആവര്‍ത്തിച്ചു.അതിനിടെ വാഴവറ്റയിലെ വീട് അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോയും പുറത്ത് വന്നു

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂറാണ് ബത്തേരി കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടത്. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സര്‍ഫാസി നിയമപ്രകാരം മറ്റൊരാള്‍ വാങ്ങി. താന്‍ മദ്യപിക്കാറില്ല. പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്റോ പറഞ്ഞു.

എന്നാല്‍ പഞ്ചായത്ത് രേഖകളില്‍ വീട് ആന്റോ അഗസ്റ്റിന്റെ പേരിലാണ്. കെ എസ് ഇ ബി കണക്ഷനും ആന്റോ അഗസ്റ്റിന്റെ പേരില്‍ തന്നെ. ഭാര്യാമാതാവ് ലില്ലി ബാങ്ക് ലേലത്തില്‍ വസ്തു സ്വന്തമാക്കിയെന്നാണ് ആന്റോ അഗസ്റ്റിന്‍ പറയുന്നത്.വീടിന്റെ ഉടമസ്ഥവകാശം മറ്റൊരാള്‍ക്ക് കൈമാറിയെന്ന് തെളിയിക്കാന്‍ പ്രതിഭാഗം ഹാജരാക്കിയ എസ് ബി ഐയുടെ സെയില്‍സ് സര്‍ട്ടിഫിക്കട്ട് മാത്രം മതിയാകില്ലെന്നാണ് എക്‌സൈസ് വാദം. അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത വാഴവറ്റയിലെ വീട് അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തി മീനങ്ങാടി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

വീട്ടില്‍ എത്തിച്ച് നാലു മണിക്കൂര്‍ തെളിവെടുപ്പിനും വിശദ ചോദ്യം ചെയ്യലിനും ശേഷം ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതി ജഡ്ജി അധീന ബിജുവിന് മുന്‍പില്‍ ഹാജരാക്കി. ശേഷം മാനന്തവാടി ജയിലില്‍ എത്തിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.