
അനാവശ്യ ആർഭാടങ്ങളും ധൂർത്തും ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങുകളോടെയാണ് നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം നടന്നത്. പത്തു വർഷം നീണ്ട മകളുടെ പ്രണയത്തെക്കുറിച്ച് താൻ അടുത്തിടെയാണ് അറിഞ്ഞതെന്നും, സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ നാല് ശക്തരായ പെൺമക്കളുടെ അച്ഛനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമാണിപ്പോൾ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പറയുന്നത്.
‘ ചെക്കന്റെ അച്ഛൻ രവിയെ എനിക്ക് ഒരു 33 വർഷമായിട്ട് അറിയാം, പഴയ സിനിമ നിർമാതാവാണ്. പക്ഷേ രവിയുടെ മോനാണ് ഇതൊക്കെ എന്ന് പിന്നീടാണ് അറിയുന്നത്. ഇനിയുള്ള പിള്ളേർക്കും അങ്ങനെ തന്നെ, അവർക്ക് ഇഷ്ടമുള്ള തീയതിയിൽ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാം. വിളിച്ചവരെല്ലാം വന്നു, വലിയ സന്തോഷം. രാഷ്‌ട്രീയത്തിനപ്പുറം ഒരുപാട് കാലത്തെ സൗഹൃദമുള്ള ആളുകളാണ് വന്നത്.
പിള്ളേർ ഉണ്ടാക്കിയ പൈസ, അവരത് ചിലവാക്കുന്നു, അത്രയേ ഉള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ. നിങ്ങളെപ്പോലെ തന്നെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര്‍ തന്നെ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു… അത്രയേ ഉള്ളൂ.
കല്യാണങ്ങളൊക്കെ വളരെ ചെറിയ രീതിയിൽ നടത്തുന്നതാണ് നല്ലത്, പരമാവധി ചെലവ് ചുരുക്കണം. പാടുപെട്ട് ജോലി ചെയ്തല്ലേ നിങ്ങളൊക്കെ പൈസ ഉണ്ടാക്കുന്നത്? അതുകൊണ്ട് കല്യാണം കഴിക്കുമ്പോൾ മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ ചെറിയ രീതിയിൽ നടത്തുക. ആ പൈസ സ്വരൂപിച്ചുവെച്ച് തുടർന്നുള്ള ജീവിതത്തിൽ ഉപയോഗിക്കുക. പോകുന്ന വഴിക്ക് അർഹതപ്പെട്ട ആർക്കെങ്കിലും കുറച്ച് കൊടുക്കുകയും ചെയ്യാം .
ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.“ എന്നും കൃഷ്ണകുമാർ പറഞ്ഞു.