Kerala

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും തപസ്യ മുന്‍ അദ്ധ്യക്ഷനും ജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന വി.എം. കൊറാത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. വി.എം. കൊറാത്തിന്റെ ഫറോക്കിലെ വസതിയായ ‘ശ്രീഹരി’യില്‍ നടന്ന ചടങ്ങിലാണ് തപസ്യയുടെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍, തപസ്യ പ്രവര്‍ത്തകര്‍, വി.എം. കൊറാത്തിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിയനും സനാതനധര്‍മ്മത്തില്‍ അധിഷ്ഠിച്ച് പ്രവര്‍ത്തിച്ച വ്യക്തിയുമായിരുന്നു വി.എം. കൊറാത്ത് എന്ന് പി.ആര്‍. നാഥന്‍ പറഞ്ഞു. സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി. മോഹന്‍ദാസ് അദ്ധ്യക്ഷനായി. വി.എം. കൊറാത്തിനുള്ള ഏറ്റവും വലിയ സ്മാരകം തപസ്യ തന്നെയാണെന്ന് എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. വി.എം. കൊറാത്ത് ഇല്ലാത്തതിനാല്‍ ചില ചോദ്യങ്ങള്‍ ചോദിക്കപ്പെടാതെ പോകുന്നുണ്ട്. ആ ചോദ്യങ്ങള്‍ ചോദിക്കേണ്ട ഉത്തരവാദിത്തം തപസ്യയും ഭാരതീയ വിചാരകേന്ദ്രവും പോലുള്ള സംഘടനകള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എം. കൊറാത്തിന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹം നല്‍കിയ സന്ദേശമെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

കൃത്യമായി കാര്യങ്ങളെ കാണുകയും വിലയിരുത്തുകയും മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്ന അദ്ദേഹം അതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം തെറ്റുകള്‍ തിരുത്താന്‍ എന്നും സന്നദ്ധനായിരുന്നു. ആദര്‍ശത്തെ മുറുകെപിടിച്ച മാതൃകാ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും പി.
ഗോപാലന്‍കുട്ടി മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

വി.എം. കൊറാത്തിന്റെ വാക്കുകളും ഉപദേശങ്ങളും കാഴ്ചപ്പാടുകളും എന്നും തപസ്യക്ക് വഴികാട്ടിയാകുമെന്ന് തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അഭിപ്രായപ്പെട്ടു.

ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, മുന്‍ ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍, ഡോ. ജി. പ്രഭ, ആര്‍ട്ടിസ്റ്റ് മദനന്‍, എം. സുധീന്ദ്രകുമാര്‍, കെ.എം. പരമേശ്വരന്‍, പി. ബാലഗോപാലന്‍, വി.എം. കൊറാത്തിന്റെ ഭാര്യാസഹോദരന്‍ വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം. ശ്രീഹര്‍ഷന്‍ സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി മുരളി കാട്ടിശ്ശേരി നന്ദിയും പറഞ്ഞു. ഡോ. ശൈലേന്ദ്രവര്‍മ്മ നാന്ദിഗീതവും സുദേവ് ബാണത്തൂര്‍ കവിതയും ആലപിച്ചു.

വി.എം. കൊറാത്തിന്റെ മകന്‍ ഹരീന്ദ്രനാഥ്, ഭാര്യ ബേബി പ്രസക്ത, മരുമകന്‍ എ. ഹരീന്ദ്രനാഥ്, മറ്റ് കുടുംബാംഗങ്ങള്‍, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സതീശന്‍, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ യു.പി. സന്തോഷ്, ജില്ലാ പ്രസിഡന്റ് കെ. മനോഹരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Recent Posts