
ഏറ്റവും ജനപ്രിയമായ മീനുകളിലൊന്നാണ് ചൂര. അടുത്തിടെ തെക്കൻ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സാന്താ കാറ്ററിനയിലെ ഗവേഷകർ നടത്തിയ പഠനം ചൂര പ്രിയരെ വിഷമത്തിലാക്കുന്നതാണ് .
അവർ പരിശോധിച്ച ചൂരമീനുകളിൽ 96 ശതമാനത്തിലും പരാന്നഭോജികളായ വിരകളുടെ സാന്നിധ്യം കണ്ടെത്തി. പിടിച്ചെടുത്ത 53 ചൂരമീനുകളിൽ 51 എണ്ണത്തിലും വിരകളുണ്ടായിരുന്നു. 1,600-ലധികം ചെറുവിരകളെയാണ് ശക്തിയേറിയ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്തത്. വൃക്കയും ഹൃദയവുമൊഴികെ മറ്റ് എല്ലാ അവയവങ്ങളിലും വിരകൾ നിറഞ്ഞിരിക്കുകയായിരുന്നു.
സ്കിപ്പ്ജാക്ക് ട്യൂണ എന്നറിയപ്പെടുന്ന ചൂര വിഭാഗത്തിലാണ് ഈ പരിശോധന നടന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്ന മൂന്നാമത്തെ കടൽ മത്സ്യമാണിത്. പച്ചയ്‌ക്കോ പകുതി മാത്രം വേവിച്ചോ കഴിക്കുന്ന സഷിമി പോലുള്ള വിഭവങ്ങളിലൂടെ ഇവ ജീവനോടെ മനുഷ്യശരീരത്തിലെത്തിയാൽ അപകടമാണ്. കുടലിൽ ദ്വാരങ്ങളുണ്ടാക്കാനും വയറുവേദന, ഛർദ്ദി, അതിസാരം തുടങ്ങി ഗുരുതരമായ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാനും അനിസാക്കിസ് വിരകൾക്ക് സാധിക്കും
മീൻ പിടിച്ചയുടൻ തന്നെ അതിന്റെ കുടലും ആന്തരാവയവങ്ങളും നീക്കം ചെയ്യണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇല്ലെങ്കിൽ ആന്തരാവയവങ്ങളിലുള്ള വിരകൾ മാംസപേശികളിലേക്ക് കുടിയേറാൻ സാധ്യതയേറെയാണ്