
മലയാളത്തിന്റെ മഹാനടൻ 75ാം പിറന്നാളിന്റെ ആഘോഷത്തിലാണ് . ഈ പ്രായത്തിലും യുവതലമുറയോട് മുട്ടാൻ പാകത്തിലുള്ള ലുക്കും എനർജിയുമാണ് മമ്മൂട്ടിയ്‌ക്ക്. ഇതെല്ലാം നിലനിർത്തി പോകുമ്പോൾ അതിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ഭക്ഷണം. നല്ല രുചിയുള്ള ഭക്ഷണങ്ങളോട് ഇഷ്ടമുണ്ടെങ്കിലും അളവിൽ നിയന്ത്രണം പാലിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
ദിവസവും ഒരേ ഭക്ഷണരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. എണ്ണമയമുള്ളതും അമിത കലോറിയുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കും. എല്ലാം കഴിക്കില്ലെങ്കിലും ശരീരത്തിന് ആവശ്യമുള്ളത് മാത്രം ഡയറ്റിൽ ഉൾപ്പെടുത്തും. നീണ്ട ഷൂട്ടിങ് സമയത്തും അദ്ദേഹത്തെ ഊർജ്ജസ്വലനായി നിലനിർത്തുന്നത് ഈ ശീലമാണ്.എരിവും എണ്ണയും കുറഞ്ഞ, വയറിന് ഭാരമുണ്ടാക്കാത്ത ലളിതമായ ഭക്ഷണങ്ങളാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്
ഉച്ചഭക്ഷണത്തിൽ അരിഭക്ഷണം ഒഴിവാക്കാനാണ് ശ്രമിക്കാറുള്ളത്. ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ ചിരകിയ മീൻകറിയുമാണ് പ്രധാന വിഭവം. കരിമീൻ, തിലോപ്പിയ, നെത്തോലി (നത്തോലി) എന്നിവയോടാണ് കൂടുതൽ പ്രിയം. തേങ്ങ ചേർത്ത നെത്തോലി കറിയും പയർ മെഴുക്കുപുരട്ടിയുമാണ് പ്രിയപ്പെട്ട കോമ്പോ.ഗോതമ്പ് അല്ലെങ്കിൽ ഓട്സ് ദോശയാണ് സാധാരണയായി അത്താഴത്തിന് കഴിക്കാറുള്ളത്. മൂന്നിൽ കൂടുതൽ ദോശ കഴിക്കാറില്ല. എരിവ് കുറഞ്ഞ ചിക്കൻ കറിയും ചട്ണിയുമാണ് ഒപ്പം.
ഒടുവിൽ ചൂടുള്ള മഷ്റൂം സൂപ്പ് കൂടി കുടിക്കുന്നതോടെ അത്താഴം പൂർത്തിയായി. വൈകുന്നേരങ്ങളിൽ സ്നാക്സ് കഴിക്കുന്ന ശീലമില്ല; ഷൂട്ടിങ് വേളകളിൽ കട്ടൻ ചായ കുടിക്കാറുണ്ട്. ആഘോഷവേളകളിൽ പോലും ഭക്ഷണനിയന്ത്രണം മറക്കാറില്ല.ബീഫ്, മട്ടൺ വിഭവങ്ങളോട് പ്രത്യേക താല്പര്യമുണ്ടെങ്കിലും ഇവ സ്ഥിരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താറില്ല. രുചികരമായ ബിരിയാണി കഴിക്കാൻ തോന്നുമ്പോഴൊക്കെ തന്റെ പേഴ്സണൽ കുക്കിനെ കൊണ്ട് പ്രത്യേകം തയ്യാറാക്കിക്കാറാണ് പതിവ്.