
വെറും രണ്ടുകോടി രൂപയ്‌ക്ക് നിർമിച്ചൊരു സിനിമയാണിപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നതും തരംഗമാകുന്നതും. ‘ഹനുമാൻ അൻഷ്’ (Hanuman Ansh) എന്ന ആ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത് ഡോ.വിശാൽ ചതുർവേദിയാണ്. നിർമിച്ചത് സംവിധായകൻ ഉൾപ്പെടെയുള്ള നാലുപേർ ചേർന്നിട്ടും. ഷോഭിനവ് സത്യ, ചന്ദൻ ആനന്ദ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. 12-ലേറെ പാട്ടുകളാണ് സിനിമയിലുള്ളത്.
ഹനുമാൻ അൻഷ് എന്ന സിനിമ ദാതിയയിലെ പീതാംബര പീഠവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത് . ചിത്രത്തിന്റെ സംവിധായകൻ വിശാൽ ചതുർവേദി പീതാംബര പീഠത്തിന്റെ ഭക്തനാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടായതായും, വിശാൽ ദാതിയയിൽ എത്തി ഒമ്പത് ദിവസം പീതാംബര പീഠത്തിൽ ഇരുന്ന് മാ പീതാംബരയെ ധ്യാനിച്ചതായും , അദ്ദേഹത്തിന്റെ പിതാവ് ശശികാന്ത് ചതുർവേദി പറഞ്ഞു.
ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ, വിശാലും കുടുംബവും ദാതിയയിലെ മാ പീതാംബരയുടെ കൊട്ടാരം നിരവധി തവണ സന്ദർശിക്കുകയും പീഠത്തിൽ ധ്യാനിക്കുകയും ചെയ്തു. അതുകൊണ്ടാണ് സിനിമയിൽ നിരവധി അത്ഭുതങ്ങൾ കാണാൻ കഴിയുന്നതെന്നും ശശികാന്ത് ചതുർവേദി പറഞ്ഞു.
2014 ൽ വിശാൽ പീഠത്തിൽ ദീക്ഷ സ്വീകരിച്ചു. അതിനുശേഷം കുടുംബവും മിക്കവാറും പീതാംബര പീഠം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു . ഈ സിനിമയുടെ വിജയം മാ ബഗ്ലമുഖിയുടെ അത്ഭുതമായാണ് കുടുംബം കണക്കാക്കുന്നത് . . സിനിമയുടെ ഷൂട്ടിംഗ് മുതൽ വിശാൽ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. പഴങ്ങൾ മാത്രമാണ് കഴിച്ചതെന്നും വിശാലിന്റെ അച്ഛൻ പറഞ്ഞു . സിനിമയുടെ പ്രമോഷൻ പൂർത്തിയാകുന്നതുവരെ ഭക്ഷണം കഴിക്കില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്.