News

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ മംഗലാപുരം ഡിവിഷന്റെ ഭാഗമാകുന്നതുസംബന്ധിച്ച് വിവാദമുണ്ടാക്കി കോൺഗ്രസ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും കബളിപ്പിക്കുന്നതാരെ? പാലക്കാട് ഡിവിഷൻ ആദ്യം വിഭജിച്ചത് കോൺഗ്രസ്- കമ്യൂണിസ്റ്റ് നേതാക്കൾ സംയുക്തമായാണ്.
കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച യുപിഎ സർക്കാരിനെ പിന്തുണച്ചതും നയിച്ചതും കമ്യൂണിസ്റ്റുകളും സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത്തുമായിരുന്നു.

സേലം ഉണ്ടാക്കിയത് 2006 ൽ

2006 ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ ഉണ്ടാക്കി. റെയിൽമന്ത്രി ലല്ലുപ്രസാദ് യാദവും സഹമന്ത്രി തമിഴ്‌നാട്ടിൽനിന്നുള്ള ആർ.വേലുവുമായിരുന്നു. ചട്ടങ്ങൾ എല്ലാം ലംഘിച്ചായിരുന്നു പാലക്കാട് ഡിവിഷൻ വിഭജിച്ചത്. 2005 ൽ തീരുമാനമെടുത്ത് 2005-2026 ബജറ്റ് സപ്ലിമെന്ററി ഡിമാൻഡ്‌സിൽ പ്രഖ്യാപിച്ചു. 2006 നവംബറിന് സേലം ഡിവിഷൻ നിലവിൽവന്നു. അതിനോടൊപ്പം മൈസൂരു, മംഗളൂരു ഡിവിഷൻ കാര്യത്തിലും തീരുമാനമുണ്ടായിരുന്നു.

അന്ന് ആഹാ, ഇന്ന് അയ്യോ

എന്നാൽ, അന്ന് എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി ഇപ്പോൾ പാലക്കാട് ഡിവിഷൻ മംഗലാപുരം ഡിവിഷന്റെ ഭാഗമാക്കുന്നതിനെതിരേ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്താൻ കോൺഗ്രസ്- കമ്യൂണിസ്റ്റ് നേതാക്കൾ ആസൂത്രണം നടത്തുകയാണ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ്. എംപിമാർ പ്രതിഷേധ സമരം നടത്താൻ പോകുകയാണ്. കമ്യൂണിസ്റ്റ് എംപി ജോൺബ്രിട്ടാസ് മോദി സർക്കാരിന്റെ തീരുമാനമാണെന്ന് വ്യാജം പ്രചരിപ്പിച്ച് രാഷ്‌ട്രീയം കളിക്കുകയാണ്.
എന്നാൽ, അന്ന് പാലക്കാട് മുറിച്ച് സേലം ഡിവിഷൻ രൂപീകരിക്കുന്നതിനെതിരേ ഉണ്ടായ വിവാദങ്ങൾ തണുപ്പിക്കാൻ പാലക്കാട്ട് റെയിൽ കോച്ച് ഫാക്ടറി നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കമ്യുണിസ്റ്റ് കോൺഗ്രസ് നേതാക്കൾ അത് നേട്ടമായി പ്രചരിപ്പിച്ചു.

കോച്ച് ഫാക്ടറി എവിടെപ്പോയി?

എന്നാൽ 2006 ൽ നൽകിയ വാഗ്ദാനം 2008 ലെ ബജറ്റിലാണ് കേന്ദ്രത്തിലെ യുപിഎ സർക്കാർ പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി സർക്കാർ ഇതിന് സ്ഥലം ഏറ്റെടുത്തുകൊടുക്കാൻ നാലു വർഷമെടുത്തു. 228 ഏക്കർ ഭൂമി ഏറ്റെടുത്തു. 2012 ൽ കേന്ദ്ര- സംസ്ഥാന സർക്കാർ സംയുക്ത സംരംഭമായി പ്രഖ്യാപിച്ച് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടു. അപ്പോഴേക്കും കേന്ദ്ര റെയിൽമന്ത്രി മാറി ദിനേഷ് ത്രിവേദിയായി. എന്നാൽ ഇനിയും കോച്ചുഫാക്ടറി വന്നില്ല.
കേരളത്തിന് കോച്ചുഫാക്ടറി പ്രഖ്യാപിച്ചപ്പോൾത്തന്നെ യുപിയിൽ റായ് ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു. അവിടെ 2010 ൽ മോഡേൺ കോച്ച് ഫാക്ടറി സ്ഥാപിച്ചു. അവിടെനിന്ന് 2126 കോച്ചുകൾ ഒരു വർഷം നിർമ്മിച്ച് റെയിൽവേ ചതരിത്രംകുറിച്ചു. വന്ദേഭാരതിന്റെ കോച്ചുകൾ നിർമ്മിച്ചതും അവിടെയാണ്. എന്നാൽ, കേരളത്തിലെ കോച്ചുഫാക്ടറിക്ക് കല്ലിട്ട ശേഷം മൂന്ന് റെയിൽവേ ഫാക്ടറികളും ആറ് സ്വകാര്യ കോച്ച് ഫാക്ടറികളും പ്രഖ്യാപിച്ച് എട്ടെണ്ണം പ്രവർത്തനം തുടങ്ങി. കേരളത്തിൽ ഒന്നും സംഭവിച്ചില്ല, കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

പാലക്കാട് ഇല്ലാതായാൽ

പാലക്കാട് ഡിവിഷൻ ഇല്ലാതാകുന്നതിലൂടെ കേരളത്തിന്റെ റെയിൽവേ വരുമാനം 50 ശതമാനം കുറയുമെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. ഏതുവഴിക്കുള്ള വരുമാനമാണ് ഇല്ലാതാകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പാലക്കാട് ഡിവിഷൻ രണ്ടാക്കിയപ്പോൾ യാത്രക്കാർക്ക് ഒരു തടസ്സവുമുണ്ടായിട്ടില്ല. സംസ്ഥാനത്തിന് നഷ്ടവുമില്ല.
സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ്-സിപിഎം സഖ്യകകക്ഷി ഭരണമായിരുന്നു. കേരളത്തിൽ ഉമ്മൻചാണ്ടിയുടെ യുഡിഎഫ് ഭരണവും. അന്ന് ഡിവിഷനെ ന്യായീകരിച്ച് സിപിഎം നേതാക്കളും കോൺഗ്രസ് നേതാക്കളും പറഞ്ഞത് റെയിൽവേ സംസ്ഥാനത്തിന്റേതല്ല, ഇന്ത്യയുടെതാണ് എന്നായിരുന്നു. സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസായിരുന്നു പാലക്കാട് എംപി. സേലം ഡിവിഷൻ ഉണ്ടായാൽ പാലക്കാടിന് ഒരു കുഴപ്പവും ഉണ്ടാവില്ല എന്നാണ് വാദിച്ചത്. എന്നാൽ ഇപ്പോൾ കേന്ദ്രത്തിൽ മോദിയുടെ നേതൃത്വതത്തിൽ ബിജെപി ഭരണമായതിനാൽ രാഷ്‌ട്രീയമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്.

കേന്ദ്രം നൽകിയത് 18,000 കോടി

സംസ്ഥാനത്തുനിന്നുള്ള റെയിവേ വരുമാനമൊന്നും നോക്കാതെ കേരളത്തിലെ 35 റെയിൽവേസ്‌റ്റേഷൻ വികസനത്തിന് 2989 കോടിരൂപയാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. വിവിധ പദ്ധതികളുടെ ഭാഗമായി അഞ്ചുവർഷത്തിനിടെ 14,800 കോടിരൂപയാണ് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത്.