കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസില്‍ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ.ക്കും വലിയ ആശ്വാസം. കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നല്‍കിയ ഹർജി വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.
ജിതിൻ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന എസ് ഐ ടി കോടതിയെ അറിയിച്ചു. ജിതിനു ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പോലീസിനും സര്‍ക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടി കോടതിയെ സമീപിച്ചത്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജിതിനെ പ്രതിയാക്കി പോലീസ് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
എന്നാല്‍, സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്നത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമല്ലെന്നും പോലീസ് കേസുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജിതിൻ ഭാസ്‌കറിന്റെ അഭിഭാഷകന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി എസ്‌ഐടിയുടെ ഹർജി തള്ളിയത്.













