India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലഖ്‌നൗ: ഡൽഹിയെയും ഗാസിയാബാദിനെയും ബന്ധിപ്പിക്കുന്ന ഉയർന്ന പാതയ്‌ക്ക് ‘ശ്രീ രാമസേതു’ എന്ന് നാമകരണം ചെയ്‌ത് ഗാസിയാബാദ് മുൻസിപ്പൽ കോർപ്പറേഷൻ. പാതയുടെ പേര് ‘ശ്രീ രാമസേതു’ എന്ന് മാറ്റാൻ മുൻസിപ്പൽ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. 2024 ഫെബ്രുവരിയിൽ നടന്ന യോഗത്തിലാണ് ‘ശ്രീ രാമസേതു’ എന്ന് നാമകരണം ചെയ്യാൻ തീരുമാനമായത്.

ഏകദേശം 1147 കോടി രൂപ ചെലവിൽ നിർമ്മിച്ച പാതയുടെ ഏകദേശ നീളം 11 കിലോമീറ്ററോളം വരും. പാതയ്‌ക്ക് ഒരു സംസ്‌കാരിക സവിശേഷത നൽകുന്നതിനായി ഡൽഹി ഭാഗത്തുള്ള പ്രവേശന കവാടത്തിൽ ശ്രീരാമനെ പ്രതിനിധീകരിച്ച് അമ്പും വില്ലും ഉൾപ്പെടുത്തി ഒരു കൂറ്റൻ സ്വാഗത ഗോപുരം നിർമ്മിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

287 ഒറ്റത്തൂണുകളിൽ നിർമ്മിച്ച രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എലിവേറ്റഡ് റോഡായി ഇത് വിശേഷിപ്പിക്കപ്പെട്ടു. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2018 മാർച്ചിൽ, മുഖ്യമന്ത്രിയായിരിക്കെയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

ശ്രീരാമന്റെ പ്രതീകമായി ഒരു വലിയ വില്ലും അമ്പും ഈ കവാടത്തിന് മുകളിൽ സ്ഥാപിക്കും. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഇതൊരു പ്രധാന ആകർഷണ കേന്ദ്രമാക്കാൻ, അലങ്കാര വിളക്കുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സൗന്ദര്യവൽക്കരണ ജോലികൾ അധികൃതർ ഇതിന് ചുറ്റും ചെയ്യുന്നുണ്ട്. നഗരത്തിന് ഭംഗി കൂട്ടുക മാത്രമല്ല, ഗാസിയാബാദിന് സാംസ്‌കാരികവും മതപരവുമായ പ്രാധാന്യം നൽകുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മേയർ സുനിത ദയാൽ ഗാസിയാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാജ്‌നഗർ എക്സ്റ്റൻഷൻ മുതൽ ഗാസിപൂർ അതിർത്തി(യുപി ഗേറ്റ്) വരെ നീളുന്ന എലിവേറ്റഡ് റോഡ് ഇനി രാമസേതു എന്നറിയപ്പെടുമെന്നും പുതിയ പേരിന് അനുയോജ്യമായ രീതിയിലാണ് പ്രവേശന കവാടം വികസിപ്പിക്കുന്നതെന്നും ഗാസിയാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പ്രസ്‌താവനയിൽ പറഞ്ഞു. 11 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി പാതയിൽ പ്രതിദിനം 40,000 മുതൽ 50,000 വരെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന് മുൻസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു.

“രാമസേതു ഗേറ്റ് ഏകദേശം ഒരു കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. പൂർത്തിയാകുമ്പോൾ, ഇത് നഗരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറുകയും ഡൽഹിയിൽ നിന്ന് ഗാസിയാബാദിലേക്ക് പ്രവേശിക്കുന്ന ആളുകൾക്ക് ഒരു മഹത്തായ സ്വാഗത കേന്ദ്രമായി വർത്തിക്കുകയും ചെയ്യും” മേയർ പറഞ്ഞു.

Recent Posts