Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

Published by
എഡിറ്റോറിയൽ ഡെസ്ക്

‘അവന്‍ എന്റെ മകനാണ്, പക്ഷേ അവന്റെ മൃതദേഹം എന്റെ വീട്ടിലേക്ക് കൊണ്ടുവരേണ്ട. എനിക്ക് അത് കാണുകയും വേണ്ട. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഒരു നല്ല കാര്യവും അവന്‍ ചെയ്തിട്ടില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ലഭിച്ചത്.’ ഇത് ഒരു അമ്മയുടെ വേദനിക്കുന്ന ഹൃദയത്തില്‍ നിന്ന് ധാര്‍മികരോഷത്തോടെ പുറപ്പെട്ടെ വാക്കുകളാണ്. പശ്ചിമ ബംഗാളില്‍ പന്ത്രണ്ടുകാരി പെണ്‍കുട്ടിയെ കൂട്ടുകാര്‍ക്കൊപ്പം ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി മൃതദേഹം കുളത്തിലുപേക്ഷിച്ച പ്രഭാസ് മണ്ഡല്‍ എന്ന നീചന്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും, പോലീസിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. പ്രഭാസിന്റെ അമ്മയാണ് ഒരു ബാലികയെ പൈശാചികമായി കൊലപ്പെടുത്തിയ മകനെ രണ്ടാമതൊന്ന് ആലോചിക്കാതെ തള്ളിപ്പറഞ്ഞ് ഇരയുടെ കുടുംബത്തിനൊപ്പം നിന്നത്. പ്രതി ജീവിച്ചിരുന്നെങ്കില്‍ നിയമപരമായി ലഭിക്കാവുന്ന ഏതൊരു ശിക്ഷയേക്കാളും വലുതാണ് നൊന്തുപെറ്റ ഈ അമ്മ സ്വന്തം മകന് നല്‍കിയിരിക്കുന്നത്.

ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ബറുയിപൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം വ്യാപകമായ ജനരോഷത്തിനും ആള്‍ക്കൂട്ട പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയതൊടെയാണിത്. കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രഭാസ് മണ്ഡലിനെ ജനരോഷം ഭയന്ന് രാത്രിയാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഇതിനിടെ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് അതിദാരുണമായ മറ്റ് ചില സംഭവങ്ങളുമുണ്ടായി. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് ഇന്ദ്രജിത് എന്ന നിരപരാധിയായ ഒരു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണമാണ് ഇതിന് വഴിവെച്ചത്.

പെണ്‍കുട്ടി താമസിച്ചിരുന്ന സൂര്യപൂര്‍ ഹട്ട്, ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ്. ഇവിടെ ഗണ്യമായ മുസ്ലിം ജനസംഖ്യയുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും മുസ്ലിം കുടുംബാംഗമായിരുന്നു.

പ്രാദേശിക ബിജെപി പ്രവര്‍ത്തകനായ ശന്തനു മണ്ഡലിന്റെ വീട് അഗ്‌നിക്കിരയാക്കിയതാണ് മറ്റൊരു സംഭവം. മണ്ഡലിനെയും മറ്റ് പ്രതികളെയും പ്രകോപിതരായ ജനക്കൂട്ടത്തില്‍ നിന്ന് ശന്തനു സംരക്ഷിച്ചുവെന്ന ആരോപണങ്ങളുയര്‍ത്തിയാണിത്. തന്റെ സ്വാധീനം ഉപയോഗിച്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിക്കപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ ശന്തനു മണ്ഡല്‍, പ്രതിയായ പ്രഭാസ് മണ്ഡലിനെ പിടികൂടാന്‍ സഹായിക്കുകയായിരുന്നു. കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും, അയല്‍വാസികളുമായി ചേര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടുകയുമാണ് ശന്തനു ചെയ്തത്. പക്ഷേ പ്രകോപിതരായ ജനക്കൂട്ടം ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറായില്ല. ശന്തനുവിനെതിരായ ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമായിരുന്നു. ബിജെപി പ്രവര്‍ത്തകനായ ശന്തനു, പ്രതിയെ പിടികൂടാന്‍ ഒരു സാധാരണ പൗരനെന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്.

ഇടതു-ജിഹാദി ശക്തികള്‍ നടത്തിയ വിദ്വേഷ പ്രചാരണമാണ് പൗരബോധവും കര്‍ത്തവ്യബോധവുള്ള ശന്തനു മണ്ഡലിന്റെ വീട് കത്തിക്കപ്പെടുന്നതിനും, നിരപരാധിയായ ഇന്ദ്രജിത്തിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നതിനും കാരണമായത്. ശന്തനു മണ്ഡല്‍ പ്രതിയെ പോലീസിന് കൈമാറി ആള്‍ക്കൂട്ടക്കൊല തടഞ്ഞപ്പോള്‍, കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന വ്യാജാരോപണത്തിന്റെ പേരില്‍ ഒരു ഹിന്ദു യുവാവിനെ മതവിരോധംകൊണ്ട് ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സ്വന്തം മകനായിരുന്നിട്ടു പോലും മരിച്ച കുറ്റവാളിയുടെ മൃതദേഹം ഏറ്റുവാങ്ങാനോ കാണാനോ തയ്യാറാവാതിരുന്ന അമ്മയുടെ നീതിബോധം, നിരപരാധിയായ ഒരു ഹിന്ദു യുവാവിനെ മത വിദ്വേഷം മൂലം തല്ലിക്കൊന്ന ആള്‍ക്കൂട്ടത്തിന് ഇല്ലാതെപോയി. പതിനഞ്ച് വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന്റെ അവശേഷിപ്പ് കൂടിയാണിത്. ഭരണം മാറിയത് ചിലര്‍ അറിഞ്ഞിട്ടില്ല. പിഞ്ചുബാലികയെ അരുംകൊല ചെയ്ത സംഭവത്തിലെ മറ്റു പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുകയും, ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുകയും വേണം.

 

Recent Posts