Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

Published by
നരേന്ദ്രമോദി (പ്രധാനമന്ത്രി)

ദേശീയതയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും ആദര്‍ശങ്ങള്‍ നെഞ്ചേറ്റുന്ന ദശലക്ഷക്കണക്കിനു വ്യക്തികള്‍ക്ക് ഇന്ന്, ജൂലൈ 6, സവിശേഷ ദിനമാണ്. ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം നാം ആചരിക്കുകയാണ്. ബൗദ്ധികത, പൊതുസേവനം, ധാര്‍മിക ബോധം എന്നിവയുടെ സന്തുലിതമായ സങ്കലനം ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലെ ഇത്രയധികം ആഴത്തില്‍ പ്രതിഫലിപ്പിച്ച നേതാക്കള്‍ ആധുനിക ഭാരതത്തില്‍ വളരെ ചുരുക്കമാണ്.

സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഉറപ്പാക്കാമായിരുന്ന സാഹചര്യങ്ങളിലാണ് ശ്യാമപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സര്‍ അശുതോഷ് മുഖര്‍ജി ആ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസവിദഗ്‌ദ്ധനും ബുദ്ധിജീവികളിലൊരാളുമായിരുന്നു

വിധി അദ്ദേഹത്തിന് മുന്നില്‍ സമ്പദ്‌സമൃദ്ധിയുടെ പാത തുറന്നിട്ടെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ നയിച്ചത് ത്യാഗത്തിന്റെയും ദേശീയ സേവനത്തിന്റെയും വഴിയിലേക്കാണ്. കൊളോണിയലിസം, വര്‍ഗീയത, മാനുഷിക വെല്ലുവിളികള്‍ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളേതുമാകട്ടെ, തന്റെ കാലഘട്ടത്തിലെ അത്തരം വെല്ലുവിളികള്‍ക്കു മുന്നില്‍ നിശബ്ദ സാക്ഷിയായി തുടരാന്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഈ യാത്രയിലുടനീളം, തന്റെ പിഞ്ചുകുഞ്ഞിന്റെയും ഭാര്യയുടെയും വിയോഗം ഉള്‍പ്പെടെയുള്ള ആഴത്തിലുള്ള വ്യക്തിപരമായ ദുരന്തങ്ങള്‍ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. എന്നിരുന്നാലും, ഈ ദുരന്തങ്ങള്‍ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതല്‍ ആഴത്തിലാക്കുകയും സേവനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്‌ക്ക് കൂടുതല്‍ കരുത്ത് പകരുകയുമാണുണ്ടായത്.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പൊതുജീവിതത്തെ നിര്‍വചിച്ച ഏതെങ്കിലും ആദര്‍ശം ഉണ്ടെങ്കില്‍, അത് ഭാരതത്തിന്റെ അവിഭാജ്യതയായിരുന്നു. പശ്ചിമ ബംഗാള്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാന്‍ വിഭജനത്തിന്റെ അശാന്തി നിറഞ്ഞ നാളുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, ഇതേ ദൃഢവിശ്വാസമാണ് അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ആകര്‍ഷിച്ചതും. തടവുശിക്ഷ അദ്ദേഹത്തെ തളര്‍ത്തിയില്ല; ഒറ്റപ്പെടുത്തല്‍ അദ്ദേഹത്തെ ദുര്‍ബലനാക്കിയതുമില്ല. താന്‍ ആര്‍ക്കുവേണ്ടിയാണോ നിലകൊണ്ടത്, ആ ദശലക്ഷക്കണക്കിന് ജനങ്ങളില്‍ നിന്നും അകലെ, തടവിലിരിക്കെയാണ് അദ്ദേഹത്തിന്റെ ജീവിതം പെട്ടെന്ന് അവസാനിച്ചത്. ചരിത്രത്തില്‍ ചില നിമിഷങ്ങളുണ്ട്, അവിടെ ഒരു വ്യക്തിയുടെ അന്തിമ ത്യാഗം രാഷ്‌ട്രീയത്തിന് അതീതമായി ദേശീയ സ്മൃതിയുടെ ഭാഗമായി മാറുന്നു. ഡോ. മുഖര്‍ജിയുടെ അവസാന യാത്ര അങ്ങനെയൊരു നിമിഷമായി അവശേഷിക്കുന്നു. താന്‍ വിശ്വസിച്ച ലക്ഷ്യത്തിനുവേണ്ടിയാണ് ഡോ. മുഖര്‍ജി സ്വയം ബലിനല്‍കിയതെന്ന് ആചാര്യ വിനോബ ഭാവെ പറയുകയുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം, 2019-ല്‍ 370, 35(എ) വകുപ്പുകള്‍ റദ്ദാക്കിയത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് നല്‍കിയ ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായിരുന്നു.

ഡോ. മുഖര്‍ജി ഭാരതത്തിനും ഭാരതീയ മൂല്യങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കിയത്. അക്കാലത്തെ പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിച്ച്, സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയും സംവിധാനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്താണ് അദ്ദേഹം ഇത് സാധ്യമാക്കിയത്. കല്‍ക്കട്ട സര്‍വകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലറായി അദ്ദേഹം മാറി. തനതായ ശൈലിയിലൂടെ, ദേശസ്നേഹപരവും ഭാവിയിലേക്കുള്ളതുമായ മികച്ച മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. ഒരു വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. മുഖര്‍ജി പറഞ്ഞതിങ്ങനെയാണ്: ”വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലര്‍ക്കുമാരെയും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരെയും ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളായി കാണുന്നത് തെറ്റാണ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, പ്രൊവിന്‍ഷ്യല്‍-സെന്‍ട്രല്‍ നിയമനിര്‍മാണസഭകള്‍ തുടങ്ങിയ നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തരായതും അതുപോലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകള്‍ ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ വിവിധ മേഖലകളിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശേഷിയുള്ളതുമായ വിദ്യാര്‍ഥികളെയാണ് നാം വാര്‍ത്തെടുക്കേണ്ടത്.”

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കല്‍ക്കട്ട സര്‍വകലാശാല ലൈബ്രറി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ഊര്‍ജം പകരല്‍, പുരാവസ്തു പഠനത്തെ പ്രോത്സാഹിപ്പിക്കല്‍, കൃഷി ശാസ്ത്രത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കല്‍ തുടങ്ങി സവിശേഷമായ നിരവധി ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചു. കായികം, അധ്യാപക പരിശീലനം, വിദ്യാര്‍ഥിക്ഷേമം തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം ശ്രദ്ധ ആകര്‍ഷിച്ചു. വിദ്യാര്‍ഥികളിലും പൂര്‍വവിദ്യാര്‍ഥികളിലും അഭിമാനബോധം വളര്‍ത്തുന്നതിനായി, ജനുവരി 24 സര്‍വകലാശാലയുടെ സ്ഥാപക ദിനമായി ആചരിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. സര്‍വകലാശാലയ്‌ക്കായി ഗാനം രചിക്കാന്‍ മറ്റാരെയുമല്ല, ഗുരുദേവ് ടാഗോറിനെയാണ് അദ്ദേഹം ചുമതലപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന്റെ മറ്റൊരുദാഹരണം ജീവിതത്തിന്റെ പില്‍ക്കാലത്ത് ഭാരതീയ ജനസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കാണാന്‍ കഴിയും. കോണ്‍ഗ്രസ് പാര്‍ട്ടി സര്‍വവ്യാപിയായിരുന്ന കാലഘട്ടത്തില്‍, നമ്മുടെ സാംസ്‌കാരിക വേരുകളോട് ചേര്‍ന്നുനില്‍ക്കുന്നതോടൊപ്പം ഭാരതത്തിന്റെ പുരോഗതിക്കായി സംസാരിക്കാന്‍ ബദല്‍ ശബ്ദം ഉയരേണ്ടത് ഏറെ അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നി. പാര്‍ട്ടിയുടെ ചിഹ്നം മണ്‍വിളക്കായ ‘ദിയ’ ആയത് ഒരുപക്ഷേ തികച്ചും അനുയോജ്യമായിരുന്നു. ഒരൊറ്റ വിളക്ക് ചെറുതാണെന്ന് തോന്നാമെങ്കിലും, അതിന് ചുറ്റുമുള്ള ഇരുളിനെ അകറ്റാനുള്ള വലിയ ശേഷി അതിുനുണ്ട്. ജനസംഘം സജീവമായിരുന്ന കാലത്തും അതിനുശേഷവും ചെയ്തത് കൃത്യമായി ഇതുതന്നെയായിരുന്നു.

ഭാരതത്തിന്റെ ആദ്യത്തെ വ്യവസായ-വിതരണ മന്ത്രിയെന്ന നിലയിലുള്ള ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ കാലാവധി, വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം സമഗ്രവും മാനുഷികവുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാഷ്‌ട്രത്തിന് അന്തസ്സും അവസരങ്ങളും ആത്മവിശ്വാസവും തിരികെ നല്‍കാനുള്ള മാര്‍ഗമായാണ് അദ്ദേഹം വ്യവസായത്തെ വീക്ഷിച്ചത്. സമ്പത്ത് സൃഷ്ടിക്കുന്നതിനെയും മൂല്യവര്‍ധനയെയും അദ്ദേഹം ബഹുമാനിച്ചു. ദാമോദര്‍ വാലി കോര്‍പ്പറേഷന്‍, സിന്ദ്രി രാസവള പ്ലാന്റ്, ശക്തമായ വ്യവസായ നയം തുടങ്ങിയ വഴികാട്ടിയായ ഉദ്യമങ്ങളിലൂടെ ആധുനിക വ്യവസായ ഭാരതത്തിന്റെ അടിത്തറയിടുമ്പോള്‍ തന്നെ, രാജ്യത്തിന്റെ പരമ്പരാഗതശേഷികള്‍ അവഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. കൈത്തറി, കുടില്‍ വ്യവസായങ്ങള്‍, കരകൗശല വിദഗ്‌ദ്ധര്‍, വസ്ത്രവ്യാപാര തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ഒരുപോലെ പ്രതിജ്ഞാബദ്ധനായ സംരക്ഷകനെയാണ് അദ്ദേഹത്തിലൂടെ ലഭിച്ചത്.

ഇവിടെ, എന്റെ വ്യക്തിപരമായ അനുഭവം പങ്കുവയ്‌ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വയംപര്യാപ്തതയെക്കുറിച്ചുള്ള വ്യക്തമായ ദര്‍ശനത്തോടെ ഡോ. മുഖര്‍ജി സ്ഥാപി
ക്കാന്‍ പ്രയത്‌നിച്ച സിന്ദ്രി പ്ലാന്റ്, പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവര്‍ അവഗണിക്കുകയാണുണ്ടായത്. അതിന്റെ പുനരുജ്ജീവനത്തില്‍ സംഭാവന നല്‍കാന്‍ ഞങ്ങളുടെ സര്‍ക്കാരിന് അവസരം ലഭിച്ചതില്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഏറ്റവും സവിശേഷമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു.

ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം സംവാദങ്ങളെയും ചര്‍ച്ചകളെയും പണ്ടുമുതലേ ആഘോഷമാക്കിയിട്ടുള്ളതാണ്. ഡോ. മുഖര്‍ജി ഈ ജനാധിപത്യ മനോഭാവം ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിലെ രാഷ്‌ട്രനിര്‍മാണ ദൗത്യം രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അതീതമാണെന്ന് വിശ്വസിച്ച അദ്ദേഹം പണ്ഡിറ്റ് നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ ചേര്‍ന്നു. ആത്മാര്‍ഥതയോടും ക്രിയാത്മകമായ ചിന്താഗതിയോടും കൂടി അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാല്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ വ്യത്യസ്തമായ പാത ആവശ്യമാണെന്ന് തോന്നിയപ്പോള്‍, അദ്ദേഹം അന്തസ്സോടെ പദവി ഒഴിഞ്ഞു; രാജ്യം ആവശ്യപ്പെടുന്നു എന്ന് അദ്ദേഹം വിശ്വസിച്ച രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണഹൃദയത്തോടെ സ്വയം സമര്‍പ്പിച്ചു.

75 വര്‍ഷം മുമ്പ്, പണ്ഡിറ്റ് നെഹ്‌റു കൊണ്ടുവന്ന ഒന്നാം ഭേദഗതി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമായിരുന്നു. ഡോ. മുഖര്‍ജി അതിന്റെ ഏറ്റവും ശക്തരായ വിമര്‍ശകരില്‍ ഒരാളായിരുന്നു. കോണ്‍ഗ്രസിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പൂര്‍ണമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആ ധാരണ ശരിയാണെന്ന് തെളിയുകയും ചെയ്തു. 75 വര്‍ഷം മുമ്പ് ഒന്നാം ഭേദഗതി കൊണ്ടുവന്നവര്‍ തന്നെയാണ് 1975-ല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതും 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ അന്തസ്സത്തയെ വീണ്ടും തകിടം മറിച്ച 42-ാം ഭേദഗതി നിയമം കൊണ്ടുവന്നതും.

ഡോ. മുഖര്‍ജി അദ്ദേഹത്തിന്റെ മാനുഷിക പരിഗണനകളാലുള്ള പ്രവര്‍ത്തനങ്ങളിലും ഏറെ ശ്രദ്ധേയനായിരുന്നു. 1943-ല്‍ ബംഗാളില്‍ ഏറ്റവും ദാരുണമായ ക്ഷാമമുണ്ടായപ്പോള്‍ ദുരിതബാധിതരെ സേവിക്കുന്നതിനായി ഡോ. മുഖര്‍ജി പൂര്‍ണമായും മുഴുകി. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി നിരവധി ഭക്ഷണവിതരണകേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ഒരു വശത്ത്, സ്വന്തം ജനങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തെ ആഴത്തില്‍ ഉലച്ചപ്പോള്‍, മറുവശത്ത് കൊളോണിയല്‍ ഭരണാധികാരികളുടെ അനാസ്ഥയോട് അദ്ദേഹത്തിന് കടുത്ത വിമുഖത തോന്നി. തന്റെ ആത്മസംഘര്‍ഷങ്ങള്‍ പ്രകടിപ്പിച്ച്, ‘പഞ്ചാഷേര്‍ മന്വന്തര്‍’ എന്നൊരു പുസ്തകം പോലും അദ്ദേഹം എഴുതുകയുണ്ടായി. 1942-ല്‍ മേദിനിപുരില്‍ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍, ജനജീവിതം സാധാരണ നിലയിലാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വ്യാപകമായി പ്രശംസിക്കപ്പെട്ടു.

കൊല്‍ക്കത്തയിലെ ഒരു കോളേജില്‍ സംസാരിക്കവെ ഡോ. മുഖര്‍ജി യുവാക്കളോട് ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്: ”നിങ്ങള്‍ ഏത് ജോലി ഏറ്റെടുത്താലും അത് ഗൗരവത്തോടെയും പൂര്‍ണതയോടെയും ഭംഗിയായും ചെയ്യുക; അത് ഒരിക്കലും പകുതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഏറ്റവും മികച്ച സംഭാവന നല്‍കിയെന്ന് ഉറപ്പാകുന്നതുവരെ നിങ്ങള്‍ക്ക് ഒരിക്കലും സംതൃപ്തി തോന്നരുത്.” വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോള്‍, അദ്ദേഹം അത്രമേല്‍ ആഴത്തില്‍ വിശ്വസിച്ചിരുന്ന കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഭാരതം കെട്ടിപ്പടുക്കാന്‍ ഓരോ ദിവസവും പരിശ്രമിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നല്‍കുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലി. ഇന്നത്തെ യുവാക്കളെ എനിക്കറിയാം, അവര്‍ ഈ അവസരത്തിനൊത്തുയര്‍ന്ന് കൃത്യമായി അതു ചെയ്യുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.

Recent Posts