India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള സൗഹൃദത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സോണിയാഗാന്ധിയുടെ പ്രസ്താവനയില്‍ ആശങ്ക.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള സൗഹൃദത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സോണിയാഗാന്ധിയുടെ പ്രസ്താവനയില്‍ ആശങ്ക. ഹമാസ് ഇന്ത്യയ്‌ക്കെതിരെ വന്‍നീക്കങ്ങള്‍ നടത്തുന്നുവെന്ന ഇസ്രയേല്‍ രഹസ്യാന്വേഷണവകുപ്പിന്റെ കണ്ടെത്തലിന്റെ പിന്നാലെയാണ് സോണിയാഗാന്ധിയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഭാവിയില്‍ ഹമാസ് ഇന്ത്യയ്‌ക്കെതിരെ നടത്താന്‍ പോകുന്ന ആക്രമണപദ്ധതിയെക്കുറിച്ച് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി ഈയിടെ ചില ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരുന്നു. ഭാവിയില്‍ ഹമാസ് ഇന്ത്യയ്‌ക്ക് നേരെ നടത്താന്‍പോകുന്ന ആക്രമണത്തിന് മുന്‍കൂര്‍ ജാമ്യമെടുക്കലോ സോണിയാഗാന്ധിയുടെ ഈ പ്രസ്താവനയെന്നാണ് പലരും ആശങ്കപ്പെടുന്നത്.

ഇന്ത്യയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഹമാസ് ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ ഇന്ത്യ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലില്‍ 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണം പോലെയൊന്ന് ഇന്ത്യയ്‌ക്കെതിരെ ഉണ്ടായേക്കാമെന്നാണ് ഇസ്രയേല്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇസ്രയേലിന്റെ അതിര്‍ത്തി ഭേദിച്ച് ഇസ്രയേല്‍ മണ്ണില്‍ കയറി ഡ്രോണുകളും മറ്റും ഉപയോഗിച്ച് ഏകദേശം 1200 ഇസ്രയേലികളെ കൊന്നൊടുക്കിയ ഹമാസിന്റെ ആക്രമണമായിരുന്നു പിന്നീടുള്ള ഇസ്രയേലിന്റെ കലിയ്‌ക്ക് വിത്ത് വിതച്ചത്.

സോണിയാഗാന്ധി മോദിയുടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹുവുമായുള്ള സൗഹൃദത്തെ വിമര്‍ശിച്ചതിന് പിന്നില്‍ ഗൂഢോദ്ദേശ്യങ്ങളുണ്ടോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഭാവിയില്‍ ഇന്ത്യയില്‍ ഒരു ഹമാസ് ആക്രമണമുണ്ടായാല്‍ അതിനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണോ സോണിയാഗാന്ധി നടത്തുന്നതെന്നാണ് ആശങ്ക ഉയരുന്നത്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ മോദി സർക്കാർ പുലർത്തുന്ന നിശ്ശബ്ദത ധാർമ്മികമായി അപലപനീയമാണെന്നും ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ മൗനം പാലിച്ചതുകൊണ്ടാണ് മധ്യസ്ഥന്റെ സ്ഥാനം പാകിസ്ഥാൻ നേടിയെടുത്തതെന്നും സോണിയ ഗാന്ധി ആരോപിച്ചിരുന്നു. ഫലസ്തീനെയും ഹമാസിനെയും അനുകൂലിച്ചും ഇസ്രയേലിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചും സോണിയാഗാന്ധി ഈ സമയത്ത് ഇങ്ങിനെ ഒരു പ്രസ്താവന നടത്തിയതിന്റെ സാംഗത്യമാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നത്.

വാസ്തവത്തില്‍ ഇസ്രയേലിനോടെന്ന പോലെ ഇറാനോടും അതേ തീവ്രതയില്‍ ബന്ധം പുലര്‍ത്തിവരുന്ന നേതാവാണ് മോദി. ആയത്തൊള്ള ഖമനേയിയുടെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് മോദി. ഇസ്ലാമിക തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്ന രാജ്യം എന്ന നിലയിലാണ് ഇസ്രയേലിനോട് നമ്മള്‍ അടുപ്പം പുലര്‍ത്തുന്നത്. 1999ല്‍ പാകിസ്ഥാന്‍ പട്ടാളക്കാരും ഭീകരരും ചേര്‍ന്ന് ഇന്ത്യയില്‍ നുഴഞ്ഞുകയറി ഇന്ത്യയുടെ കാര്‍ഗില്‍ മേഖലകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഇന്ത്യ നടത്തിയ യുദ്ധത്തില്‍ ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചിരുന്നു. വെടിക്കോപ്പുകളും രഹസ്യവിവരങ്ങളും തന്നാണ് അന്ന് ഇസ്രയേല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ സഹായിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന പേരിലാണ് ഇന്ത്യ പാകിസ്ഥാന്റെ ആക്രമണത്തെ തോല്‍പിച്ചത്. അന്ന് അടല്‍ ബിഹാരി വാജ് പേയി ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. 1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തിലും ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചിരുന്നു. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ട്. ഒപ്പം ഇന്ത്യയുടെ പ്രതിരോധരംഗത്തെ ശക്തിപ്പെടുത്തുന്നതിനും ഇസ്രയേല്‍ സഹായിക്കുന്നുണ്ട്.

അതേ സമയം നരേന്ദ്രമോദിയ്‌ക്ക് ഇറാനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇറാനിലെ ഛാബഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യ 37 കോടി ഡോളര്‍ ആണ് നിക്ഷേപിച്ചത്. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതിയ്‌ക്ക് ഇന്ത്യന്‍ രൂപയിലാണ് പണം നല്‍കുന്നത്. അത്രയ്‌ക്ക് അടുത്ത സാമ്പത്തികബന്ധമാണെന്നര്‍ത്ഥം. പക്ഷെ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതോടെ ഇന്ത്യയുടെ നയതന്ത്രം വളരെ സങ്കീര്‍ണ്ണമായ ഒരു അധ്യായത്തിലൂടെ കടന്നുപോവുകയാണ്. ഇതിനെ മുതലെടുക്കാനാണ് സോണിയാഗാന്ധി ശ്രമിക്കുന്നത്.

Recent Posts