Categories: News

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: 7 സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്

Published by
പ്രവീണ്‍ പി.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തലസ്ഥാനത്തെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസെടുത്തതിനെ തുടര്‍ന്ന് ആറ് പ്രതികളെ സി പി എം തന്നെ പൊലീസിന് കൈമാറി.ഒരു പ്രതിയെ പൊലീസ് പിടികൂടി. 12 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വധ ശ്രമത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ അഭയം തേടി.പിന്നാലെ വന്‍ പൊലീസ് സന്നാഹം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ എത്തി. ഈ സമയം നേതാക്കളായ വി. ജോയ്, വി. ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എംപി, വി.കെ. പ്രശാന്ത് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

പ്രതികള്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ഇല്ലെന്നാണ് നേതാക്കള്‍ പറഞ്ഞത്.ഈ സമയം പത്ത് പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് സിപിഎം നേതാക്കള്‍ക്ക് കൈമാറി.പ്രതികളെ പിടികൂടാന്‍ പാര്‍ട്ടി ഓഫീസിലേക്ക് കയറുമെന്നും നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പോലീസിനെ പാര്‍ട്ടി ഓഫീസില്‍ കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് വി. ശിവന്‍കുട്ടി സ്വീകരിച്ചത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു.പിന്നാലെയായിരുന്നു ഡിവൈഎഫ്ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്തിനെ ബേക്കറി ജംഗ്ഷനില്‍വച്ച് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

 

Recent Posts