കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് കേസ്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുണ്ട്.
പുലിപ്പല്ല് കൈമാറിയെന്ന് സംശയിക്കുന്ന രഞ്ജിത്ത് കുമ്പിടിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞവർഷം ഏപ്രിലിലാണ് കഞ്ചാവ് കേസിന്റെ പരിശോധനയ്‌ക്കിടെ വേടന്റെ ഫ്ലാറ്റിൽ നിന്ന് പുലിപ്പല്ല് കണ്ടെത്തിയത്. വനം വകുപ്പ് അറസ്റ്റ് ചെയ്ത വേടന് കോടതി ജാമ്യം അനുവദിച്ചിരുന്നു. വന്യമൃഗങ്ങളുടെ നഖങ്ങൾ, പല്ലുകൾ തുടങ്ങിയ ശരീരഭാഗങ്ങൾ കൈവശം വയ്‌ക്കുന്നത് നിയമവിരുദ്ധമാണ്.
പുലിപ്പല്ല് പെൻഡന്റ് ഒരു ആരാധകൻ തനിക്ക് നൽകിയതാണെന്ന് വേടൻ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ പുള്ളിപ്പുലിയുടെ പല്ല് തന്നെയെന്ന് വനം വകുപ്പ് അറിയിച്ചു. അതിനു ശേഷമാണ് പല്ല് ഫോറൻസിക് പരിശോധനയ്‌ക്ക് നൽകിയത്. വേട്ടയാടൽ, വന്യജീവി വസ്തുക്കൾ അനധികൃതമായി കൈവശം വയ്‌ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അന്ന് വേടനെതിരെ കേസെടുത്തിരുന്നു.
















