ന്യൂദൽഹി: ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ താൻ വളരെയധികം ദുഃഖിതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒരാളായിരുന്നു ആശാ ഭോസ്‌ലെ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തെ തലമുറകളെ പ്രചോദിപ്പിക്കുന്നതിൽ ഭോസ്‌ലെ തുടരുമെന്നും അവരുടെ ഗാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ എന്നെന്നും പ്രതിധ്വനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“പതിറ്റാണ്ടുകളായി നീണ്ടുനിന്ന അവരുടെ അസാധാരണമായ സംഗീത യാത്ര നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. അവരുടെ ആത്മാർത്ഥമായ ഈണങ്ങളോ ഊർജ്ജസ്വലമായ രചനകളോ ആകട്ടെ, അവരുടെ ശബ്ദത്തിന് കാലാതീതമായ മിഴിവ് ഉണ്ടായിരുന്നു,” – അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ “അവരുമായി നടത്തിയ ഇടപെടലുകൾ ഞാൻ എപ്പോഴും വിലമതിക്കും. അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും എന്റെ അനുശോചനം,”- പ്രധാനമന്ത്രി എക്‌സിൽ ആദരാഞ്ജലി അർപ്പിച്ചു.
നെഞ്ചിലെ അണുബാധ മൂലമാണ് ശനിയാഴ്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആശ ഭോസ്‌ലെയെ പ്രവേശിപ്പിച്ചത്. തുടർന്ന് ഞായറാഴ്ച ഉച്ചയ്‌ക്ക് ആശുപത്രിയിൽ വെച്ചാണ് അവർ മരിച്ചതെന്ന് മകൻ ആനന്ദ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ശിവാജി പാർക്കിൽ സംസ്കാരം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















