ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി നല്‍കിയതായി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹന് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് വേണമെന്നാവശ്യപ്പെട്ട് മോഹൻ നിവേദനം നൽകിയിരുന്നു.
കെഎസ്ആർ ബെംഗളൂരുവിനും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT), മുംബൈക്കും ഇടയിലായിരിക്കും ട്രെയിൻ സര്‍വീസ് നടത്തുക. 1100 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള റൂട്ടിൽ സർവീസ് നടത്തുന്ന സാധാരണ ട്രെയിനുകളുടെ യാത്രാസമയം 22 മണിക്കൂറോളമാണ്. വന്ദേഭാരത് സ്ലീപ്പർ വരുന്നതോടെ യാത്രാസമയം നാലുമുതൽ ആറുവരെ മണിക്കൂർ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി. നഗരമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിച്ചുകൊണ്ട് വന്ദേഭാരത്, തുരന്തോ സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല.











