കൊല്‍ക്കത്ത: കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നെന്നും അതു ബംഗാളിലും പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫിനോ യുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത അവസ്ഥയാണ്. രണ്ടു മുന്നണികളും പരാജയം ഉറപ്പിച്ചുകഴിഞ്ഞു. ഉയര്‍ന്ന വോട്ടിങ് ശതമാനവും സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനയും ബിജെപിക്ക് അനുകൂലമാണ്. വോട്ടെടുപ്പിനു ശേഷം ജയം അവകാശപ്പെടാന്‍ എല്‍ഡിഎഫിനും യുഡിഎഫിനുമാകുന്നില്ല. ഉയര്‍ന്ന പോളിങ്ങുണ്ടായ സ്ഥലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമാണ്. അതിനാല്‍ ബംഗാളും മാറ്റത്തിന് തയാറെടുക്കണമെന്നും തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ ടിഎംസിയുടെ പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കും. വരാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ പശ്ചിമ ബംഗാളിന്റെ സ്വത്വവും ഭാവിയും സംരക്ഷിക്കാനുള്ള പോരാട്ടമായി വിശേഷിപ്പിച്ച മോദി ബംഗാളികളെ സംസ്ഥാനത്തു ന്യൂനപക്ഷമാകാന്‍ ബിജെപി അനുവദിക്കില്ലെന്നു പറഞ്ഞു. അതേ സമയം ഭരണകക്ഷിയായ ടിഎംസി പ്രീണന രാഷ്‌ട്രീയത്തിലും നുഴഞ്ഞുകയറ്റക്കാരുടെ പിന്തുണയിലും അഭിവൃദ്ധി പ്രാപിക്കുകയാണെന്ന് ആരോപിച്ചു. രാജ്യസുരക്ഷ ഞങ്ങള്‍ക്കു പരമ പ്രധാനമാണ്. പ്രീണന രാഷ്‌ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു പശ്ചിമ ബംഗാളില്‍ യുസിസി നടപ്പാക്കുകയെന്നതാണ് ബിജെപിയുടെ ദൃഢ നിശ്ചയം. ആറു മാസത്തിനകം നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിഎംസി അവരുടെ പഴയ മുദ്രാവാക്യം ‘മാ-മതി-മനുഷ്’ ഉപേക്ഷിച്ചു. അധികാരം നിലനിര്‍ത്താന്‍ അവര്‍ ഇപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെയും വോട്ടുബാങ്ക് രാഷ്‌ട്രീയത്തെയും ആശ്രയിക്കുകയാണെന്നു മോദി ആരോപിച്ചു. ഭാരതത്തിലുടനീളം രാമനവമി സമാധാനപരമായി ആഘോഷിച്ചു. എന്നാല്‍ ബംഗാളില്‍ ടിഎംസി സംരക്ഷണയില്‍ അത്തരം റാലികള്‍ ആക്രമിക്കപ്പെട്ടു. ആക്രമിച്ചവരെ മമത സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്, അദ്ദേഹം തുടര്‍ന്നു.
അഴിമതിയും സിന്‍ഡിക്കേറ്റ് രാജും കാരണം ബംഗാള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്. എല്ലാ സംസ്ഥാനങ്ങളും അവരുടെ ജിഡിപിയും സമ്പദ് വ്യവസ്ഥയും വര്‍ധിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ ജിഡിപിയില്‍ പശ്ചിമ ബംഗാളിന്റെ പങ്ക് അതിവേഗം കുറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിയും സിന്‍ഡിക്കേറ്റ് രാജും കാരണം ആയിരക്കണക്കിനു കമ്പനികള്‍ ബംഗാള്‍ വിട്ടുപോയി. പുതിയ വ്യവസായങ്ങളൊന്നും സംസ്ഥാനത്തേക്കു വരുന്നില്ല. ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. യുവാക്കള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നു, അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്ന ശേഷം ടിഎംസി ഇടതുമുന്നണിയുടെ ‘കാര്‍ബണ്‍ കോപ്പി’ ആയി മാറി. ഇടതുപക്ഷ ഭരണ കാലത്ത് ബംഗാള്‍ കണ്ട അതേ ഭീഷണിയുടെയും പിടിച്ചുപറിയുടെയും രാഷ്‌ട്രീയം തന്നെയാണ് ഭരണകക്ഷിയും തുടരുന്നത്. ആയുധങ്ങള്‍, മയക്കുമരുന്ന്, കന്നുകാലി കള്ളക്കടത്ത്, കമ്മിഷന്‍-എല്ലാത്തിനും ടിഎംസി കരാര്‍ ഏറ്റെടുത്തു.
ബിജെപി ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ഇക്കൂട്ടര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ജനങ്ങളുടെ അവകാശങ്ങള്‍ കവരുന്നവര്‍ക്ക് ചുവപ്പുപരവതാനി വിരിക്കില്ലെന്നും ഇവര്‍ക്കായി ജയില്‍ വാതിലുകള്‍ തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു.
















