കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഉടൻ തന്നെ ഉഴുമലയ്‌ക്കലെ വീട്ടിലെത്തിക്കും. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിതിന്റെ മരണത്തിൽ കോളേജ് അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ജാതിയും നിറവും സാമ്പത്തികാവസ്ഥയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും നിതിന്റെ പിതാവ് രാജൻ ആരോപിച്ചു. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബത്തിന്റെ നിലപാട്.
സംഭവത്തെത്തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെയും അന്വേഷണവിധേയമായി കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു.
എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചക്കരക്കൽ പോലീസ് അധ്യാപകരിൽ നിന്ന് വിശദമായ മൊഴിയെടുക്കാനും അന്വേഷണം ഊർജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.













